ഒടുവിൽ 'മിന്റി' നിദ്രയിൽ നിന്നുണർന്നു ! ഈ കുട്ടികളാണ് ഹീറോസ് , Obesity, Teasing, Children, Depression, Manorama Online

ഒടുവിൽ 'മിന്റി' നിദ്രയിൽ നിന്നുണർന്നു ! ഈ കുട്ടികളാണ് ഹീറോസ്

ഫ്ലാറ്റിന്റെ മുറ്റത്തെ നാരകത്തിൽ കണ്ട ആ കുഞ്ഞു പ്യൂപ്പയെ അവർക്കു വേണമെങ്കിൽ കണ്ടില്ലെന്നു നടിക്കാമായിരുന്നു. പുറത്തെ കൊടുംചൂടിൽ അതിനെ നശിച്ചുപോകാൻ വിടാമായിരുന്നു. അപ്പോഴെങ്ങനെയാണ് സിഡിനും ഇളയ്ക്കും ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ ഈ ദിവസങ്ങൾ സമ്മാനിക്കാനാകുക? ആ കുഞ്ഞു ശലഭ ലാർവയെ അത് തൂങ്ങിയാടിയ നാരകത്തിന്റെ കമ്പ് അടർത്തി അവരുടെ ഫ്ലാറ്റിനുള്ളിൽ സംരക്ഷിക്കുകയായിരുന്നു ആ കുടുബം. കിരൺ കണ്ണൻ എന്ന യുവാവ് ആണ് 'മിന്റി' എന്നു പേരിട്ട ശലഭ ലാർവയുടെ ജീവിതം മനോഹരമായ ചിത്രങ്ങളോടും കുറിപ്പുകളോടും കൂടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ഈ കഴിഞ്ഞ മെയ് മുപ്പതിനാണ് 'മിന്റി' എന്നു പേരിട്ട ശലഭ ലാർവ പ്യൂപ്പയായത്. അതിന്റെ ഓരോ വളർച്ചാ ഘട്ടവും അദ്ദേഹം പങ്കുവച്ചിരുന്നു. ശലഭത്തിന്റെ സർവൈവൽ സെറ്റപ്പും നിറം മാറി തുടങ്ങിയതുമൊക്കെ പോസ്റ്റുകളായി വന്നുകൊണ്ടേയിരുന്നു. പ്യൂപ്പ അപകടങ്ങളില്ലാതെ വിരിയാൻ വീട്ടിലെ കുഞ്ഞുങ്ങളും അതീവ ക്ഷമയോടെ കാത്തിരുന്നു. ടിഷ്യൂ നനച്ചു വച്ച ഗ്ളാസ്സിൽ നാരകത്തിന്റെ ഇലയും, ഒപ്പമുള്ള കൃത്രിമ പൂവിലും നാരകത്തിന്റെ ഇലയിലും തേൻ പുരട്ടിയും സ്വാഭാവിക അന്തരീക്ഷം ഒരുക്കി ആ കുടുബമൊന്നാകെ ചിത്രശലഭത്തിനായി കാത്തിരുന്നു.
സിഡിന്റെയും ഇളയുടെയും കാത്തിരിപ്പിന് വിരാമമായി 'മിന്റി' ശലഭമായപ്പോൾ അതിമനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. പ്യൂപ്പ 'വിരിയുന്നതിന്റെ' ടൈംലാപ്‌സ് വിഡിയോകളും കുരുന്നു വിസ്മയങ്ങളുടെ ചിത്രങ്ങളും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ശലഭത്തെ കുട്ടികൾ തൊട്ടടുത്തുള്ള പൊടിപ്പൂക്കൾ നിറഞ്ഞ വലിയ മരത്തിലേക്ക് പറത്തിവിടുന്ന വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

'മിന്റി'യ്ക്ക് ചിറകുമുളച്ചപ്പോൾ കിരണിന്റെ പോസ്റ്റ് വായിക്കാം

ഒടുവിലാ ചിറകുകൾ മുളച്ചുവല്ലോ !!!
സിഡിന്റെയും ഇളയുടെയും കാത്തിരിപ്പിന് വിരാമമായി,
'മിന്റി' സുദീർഘ നിദ്രയിൽ നിന്നുണർന്നു !
വാക്കുകൾ കൊണ്ട് എഴുതിയിടാനാകാത്ത ചില മനോഹര ദൃശ്യങ്ങളുണ്ട് ..
ഈ കുട്ടികളെ നോക്കൂ.. !
'മിന്റി' എന്നു പേരിട്ടു വിളിച്ച അവരുടെയാ ശലഭ ലാർവയ്ക്ക് 'സ്വപ്നചിറകുകൾ' വിരിഞ്ഞതിന്റെ വിസ്മയം മുഴുവനും അവരുടെ കണ്ണുകളിൽ കാണുന്നില്ലേ ?
പ്യൂപ്പ 'വിരിയുന്നതിന്റെ' ടൈംലാപ്‌സ് വീഡിയോകളും കുരുന്നു വിസ്മയങ്ങളുടെ ചിത്രങ്ങളും പോസ്റ്റിൽ ചേർത്തിട്ടുണ്ട് .
ശലഭത്തെ തൊട്ടടുത്തുള്ള പൊടിപ്പൂക്കൾ നിറഞ്ഞ വലിയ മരത്തിലേക്ക് പറത്തിവിടുന്ന വീഡിയോയും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ..
സ്നേഹ പൂർവ്വം : കിരൺ കണ്ണൻ