പൊലീസ് മാമന് കുരുന്നിന്റെ ബിഗ് സല്യൂട്ട്; വൈറൽ ചിത്രം, Kid salute, kerala police, viral post, Instagram, Kidsclub, Manorama Online

പൊലീസ് മാമന് കുരുന്നിന്റെ ബിഗ് സല്യൂട്ട്; വൈറൽ ചിത്രം

കുരുത്തക്കേട് കാണിക്കുമ്പോഴും ആഹാരം കഴിക്കാൻ മടികാണിക്കുമ്പോഴുമൊക്കെ അമ്മമാരുടെ സ്ഥിരം പല്ലവിയാണ് 'പൊലീസ് പിടിച്ചോണ്ട് പോകും' 'പൊലീസിനെ വിളിക്കും വേഗം കഴിച്ചോ' എന്നൊക്കെ. ഒരുകാലത്ത് ഈ പേടിപ്പെടുത്തലിൽ വീണുപോകാത്ത ബാല്യം കുറവായിരുന്നു. കുട്ടികൾക്കും അല്‍പം പേടിയൊക്കെത്തന്നെയായിരുന്നു ഈ പൊലീസിനെ. പക്ഷേ ഇപ്പോൾ ഈ പൊലീസ് മാമൻമാരെ കുട്ടികൾക്ക് പേടിയേക്കാളുപരി ഇഷ്ടവും ബഹുമാനവുമാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സമൂഹമാധ്യമത്തിലൂടെ നാം കാണാറുണ്ട്.

ഇപ്പോഴിതാ പൊലീസ് മാമന് സല്യൂട്ട് കൊടുക്കുന്ന ഒരു കുരുന്നിന്റെ ചിത്രമാണ് വൈറലാകുന്നത്. 'ഇത് സ്നേഹവാത്സല്യത്തിന്റെ ബിഗ് സല്യൂട്ട്' എന്ന അടിക്കുറിപ്പോടെ കേരള പൊലീസിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ ക്യൂട്ട് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ ചിത്രത്തിൽ ജീപ്പിലിരിക്കുന്ന പൊലീസുകാരനെ നോക്കി അറ്റന്‍ഷനിൽ നിൽക്കുന്ന കുട്ടിയെ കാണാം. രണ്ടാമത്തെ ചിത്രമാണ് ക്ലാസിക്ക്, നിവർന്നു നിന്ന് ഒരു തകർപ്പൻ സല്യൂട്ട് തന്നെയങ്ങ് കൊടുത്തു കക്ഷി. ചിരിയോടെ കുഞ്ഞിനെ നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥനേയും ചിത്രത്തിൽ കാണാം.

നിഷ്കളങ്കതയോടെ പൊലീസ് മാമന് സല്യൂട്ട് കൊടുക്കുന്ന ഈ കൊച്ചുമിടുക്കന് നിരവധിപ്പേരാണ് അഭിന്ദനവുമായെത്തിയിരിക്കുന്നത്. സൈക്കിൾ നന്നാക്കാൻ കൊടുത്തിട്ട് തിരികെ കിട്ടാതെ വന്നപ്പോള്‍ ധൈര്യപൂർവം പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്ത ബാലന്റെ വാർത്ത വന്നിട്ട് അധികമായില്ല. എന്തിനും തങ്ങൾക്കൊപ്പം ഈ പൊലീസ് മാമന്മാർ ഉണ്ടെന്നെ ഒരു വിശ്വാസം കുഞ്ഞു കുട്ടികൾക്കു പോലും ഇപ്പോളുണ്ട്. ഇത്തരം വിശേഷങ്ങൾ കേരള പൊലീസിന്റെ സമൂഹമാധ്യമ പേജിലൂടെ അവർ തന്നെ പോസ്റ്റ് ചെയ്യാറുമുണ്ട്.