മാതൃത്വത്തെ ചോദ്യം ചെയ്ത് കമന്റ് ; അലോസരം വെളിപ്പെടുത്തി കരീന. Kareena Kapoor, Taimur, Manorama Online

മാതൃത്വത്തെ ചോദ്യം ചെയ്ത് കമന്റ് ; അലോസരം വെളിപ്പെടുത്തി കരീന

താരങ്ങളുടെ ജീവിതം മാധ്യമങ്ങൾക്കും സാധാരണകാർക്കും ഒരുപോലെ കൗതുകമുള്ളതാണ്. ഒരുപരിധിവരെ ഈ കൗതുകം വ്യക്തിജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടമായി മാറാറുമുണ്ട്. സമൂഹത്തിന്റെ ഒളിഞ്ഞുനോട്ടത്തിനും വിമർശനത്തിനും സ്ഥിരമായി ഇരയാകേണ്ടിവരുന്ന താരമാണ് കരീനകപൂർ. മകൻ തൈമുർ ജനിച്ചശേഷം ഈ പ്രവണത കൂടുകയും ചെയ്തു. തൈമൂറിനൊപ്പം എവിടെപ്പോയാലും കാമറകൾ പിന്തുടരുന്നു. സമൂഹമാധ്യമത്തിൽ കരീന മകനെ നോക്കുന്നതിനെച്ചൊല്ലി പലരും അപഹസിക്കാറുമുണ്ട്. മകനെ നോക്കാൻ സഹായിയെ ഏല്‍പ്പിച്ചതുൾപ്പടെയുള്ളത് വിമർശന വിധേയമായിട്ടുണ്ട്.

ഒരു ടിവി ഷോയിൽ കരീന ഇത്തരം ട്രോളുകളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ആദ്യമായി മനസുതുറന്നു. സെയ്ഫ് അലിഖാന്റെ സഹോദരി സോഹ അലിഖാനും പങ്കെടുത്ത ഷോയിലാണ് ഭർത്താവിനെക്കുറിച്ചും മകനെക്കുറിച്ചുമൊക്കെ കരീന തുറന്നുസംസാരിച്ചത്. ഏറ്റവുമധികം ആലോസരമുണ്ടാക്കിയ കമന്റ് ഏതായിരുന്നു, അതിന് മറുപടി നൽകിയോ എന്ന ചോദ്യമാണ് കരീനയ്ക്ക് നേരെ നീണ്ടത്. തന്നെ ശ്രദ്ധയില്ലാത്ത അമ്മയെന്ന് കളിയാക്കുന്നതാണ് ഏറെ അസഹനീയമായി തോന്നിയതെന്ന് കരീന പറഞ്ഞു.

തൈമൂറിനൊപ്പം ഒരു പ്രൈവെറ്റ് ജെറ്റിൽ കയറാൻ പോകുന്ന ചിത്രത്തിന് താഴെ, മകനെ നാനിയെ ഏൽപ്പിക്കാൻ നാണമില്ലേ? നിങ്ങളിത്ര അശ്രദ്ധയുള്ള അമ്മയാണോയെന്ന് ചോദിച്ചത് തന്നെ ദേഷ്യം പിടിപ്പിച്ചുവെന്ന് കരീന തുറന്നുപറഞ്ഞു. അതിന് അപ്പോൾ തന്നെ മറുപടിയും നൽകി, എന്റെ ജീവിതത്തെക്കുറിച്ച് യാതൊന്നും അറിയാതെ എന്നെ വിധിക്കാൻ നിൽക്കരുതെന്നും കരീന പറഞ്ഞു.