പശുവിന്റെ ശരീരവും സിംഹത്തിനെ തലയുമുള്ള കംപീരൻ ! kambalan, story, Manorama Online

പശുവിന്റെ ശരീരവും സിംഹത്തിന്റെ തലയുമുള്ള കംപീരൻ !

കമ്പലക്കാട് ഒരു വലിയ വനമായിരുന്നു. അവിടത്തെ മൃഗങ്ങളെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിച്ചു പോരുന്നത് കമ്പലൻ എന്ന കാട്ടുദേവനായിരുന്നു. കമ്പലനെ ആരും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്ത് ആവശ്യത്തിനു വിളിച്ചാലും അദൃശ്യനായി അവിടെ എത്തിയിരിക്കും. കാടിനോട് ചേർന്ന് ഒഴുകുന്ന നദിക്ക് അരികിലുള്ള വലിയ മരത്തിലാണ് കമ്പലന്റെ താമസം. എല്ലാ മൃഗങ്ങളും ഈ കാട്ടുദേവനെ ഭയഭക്തിയോടെ മനസ്സിൽ കൊണ്ടുനടന്നു. തെറ്റ് ചെയ്യുന്നവരെ കമ്പലൻ ശിക്ഷിച്ചു. കാലങ്ങൾ കുറെ കഴിഞ്ഞപ്പോൾ ദേവനെ ഭയന്ന് ആരും തെറ്റുകൾ ചെയ്യാതെ ആയി. അതോടെ കമ്പലനെ രക്ഷയ്ക്കായി വിളിക്കുന്നവരുടെയും എണ്ണം ഓരോ ദിവസം കഴിയുംതോറും കുറഞ്ഞുവന്നു. ആ വലിയ മരത്തിൽ കമ്പലൻ എന്നും സാധുക്കളുടെ വിളിക്കായി കാതോർത്തു ഇരിക്കും. പിന്നെയും കുറെ ദിവസം കഴിഞ്ഞപ്പോൾ ദേവനെ ആരും വിളിക്കാതെയായി. അതോടെ ആ കാട്ടിലെ മൃഗങ്ങൾക്ക് കമ്പലനോടുള്ള ഭക്തി കുറഞ്ഞുവന്നു. കമ്പലന് ആകെ സങ്കടമായി. താൻ അദൃശ്യനായ നിൽക്കുന്നതുകൊണ്ടാണ് തന്നെ എല്ലാവരും ഇപ്പോൾ മറന്നു പോയിരിക്കുന്നത്, തനിക്ക് ഒരു രൂപം ഉണ്ടെങ്കിൽ അതെന്നും എല്ലാവരുടെ മനസ്സിലും ഉണ്ടാകുമായിരുന്നു. കമ്പലൻ തന്റെ വാസസ്ഥലമായ ആ വലിയ മരത്തിനോടായി ചോദിച്ചു:

"മരമേ.. നിനക്ക് എന്റെ രൂപം ഒരിക്കലെങ്കിലും കാണണം എന്ന് തോന്നിയിട്ടില്ലേ..?"

മരം ഇങ്ങനെ മറുപടി പറഞ്ഞു:

"ദേവാ.. അങ്ങ് ഈ കാടിന്റെ രക്ഷകനാണ്. ക്രൂരന്മാരായ എത്രയോ മൃഗങ്ങളിൽനിന്നും വേട്ടക്കാരിൽ നിന്നും അങ്ങ് ഞങ്ങളെ സംരക്ഷിച്ചിരിക്കുന്നു. എനിക്ക് അങ്ങയെ എല്ലാ രൂപത്തിലും കാണാൻ സാധിക്കുന്നു. അദൃശ്യമായ കൈകൾ നീട്ടി കുഴിയിൽ വീണുപോയ മാൻപേടയെ രക്ഷിക്കുമ്പോൾ അങ്ങയിൽ ഞാൻ അമ്മമാനിന്റെ കരുതൽ കാണുന്നു. ക്രൂരനായ കടുവയെ വായുവിൽ തൂക്കിയെടുത്ത് വിരട്ടി ഓടിക്കുമ്പോൾ അങ്ങയിൽ ഞാൻ രാജാവായ സിംഹത്തിനെ ശൗര്യം കാണുന്നു. അതുകൊണ്ടുതന്നെ ദേവാ.. പലരൂപത്തിൽ എന്റെ മനസ്സിൽ ഇരിക്കുന്ന അങ്ങേയ്ക്ക് ഒരു രൂപം മാത്രമായി ആവശ്യമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്."

അതുകേട്ടപ്പോൾ കമ്പലന് സന്തോഷമായി. കമ്പലൻ പറഞ്ഞു:

"മരമേ.. പക്ഷേ, ഇപ്പോൾ നോക്കൂ.. ആർക്കും എന്നെ ആവശ്യമില്ല. ഇതിനൊരു പരിഹാരം കണ്ടേ തീരൂ."

അത് കേട്ട് മരം പറഞ്ഞു:

"ദേവാ.. അങ്ങയുടെ ആവശ്യം ഈ കാട്ടിൽ ഇപ്പോൾ ആർക്കും ഇല്ലാത്തതുകൊണ്ടാണ് ആരും അങ്ങയെ വിളിക്കാത്തത്. ദേവാ.. എത്ര ശാന്തമാണ് ഇപ്പോൾ നമ്മുടെ കാട്. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ അവർ അങ്ങയെ വീണ്ടും വിളിക്കുക തന്നെ ചെയ്യും."

അപ്പോൾ കമ്പലൻ മരത്തോടായി പറഞ്ഞു:

"അതെ പ്രശ്നങ്ങൾ ഉണ്ടാകണം. അതിന് എന്താണ് വഴി..?"

"അങ്ങയ്ക്ക് സ്വന്തം ശക്തി ഉപയോഗിച്ച് എന്തുവേണമെങ്കിലും ചെയ്യാമല്ലോ ദേവാ.."

"അത് സാധ്യമല്ല. ഞാൻ നന്മയുടെ ദേവനാണ് എനിക്ക് തിന്മ ചെയ്യുവാൻ സാധിക്കുകയില്ല."

"പിന്നെ എന്ത് ചെയ്യും..?"

"അടുത്ത കാട്ടിൽ കംപീരൻ എന്നൊരു ദേവൻ ഉണ്ട്. ആ ദേവൻ എന്നെപ്പോലെ അദൃശ്യൻ ആണെങ്കിലും തിന്മ ചെയ്യുകയാണ് ജോലി. കാട്ടിൽ എവിടെയെങ്കിലും സമാധാനം ഉണ്ടെന്നറിഞ്ഞാൽ അവിടെ ചെന്ന് കംപീരൻ പ്രശ്നങ്ങളുണ്ടാക്കും."

"എങ്കിൽ ദേവാ.. കംപീരനോട് നമ്മുടെ കാട്ടിലേക്ക് വരാൻ അഭ്യർത്ഥിച്ചാലോ..?"

"അതിനൊരു തടസ്സമുണ്ട്. ഒരു കാട്ടിലെ ദേവൻ മറ്റൊരു ദേവനുള്ള കാട്ടിലേക്ക് പോകില്ല. അതുമല്ല നന്മയുടെ ദേവനും തിന്മയുടെ ദേവനും ഒരു കാട്ടിൽ ഉണ്ടായാൽ അവർ ഇരുവരും തമ്മിൽ വലിയ യുദ്ധം ഉണ്ടാകും. കാടിളകും, കാട്ടുതീ ആളിപ്പടരും. ആരെങ്കിലും ഒരാൾ വിജയിക്കുംവരെ ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും ഇനി തിന്മയുടെ ദേവൻ വിജയിക്കുകയാണെങ്കിൽ ഏത് കാട്ടിൽ വെച്ചാണോ യുദ്ധം ഉണ്ടായത് ആ കാട് ആ ദേവൻ പൂർണമായും എരിച്ചുകളയും. എല്ലാ ജീവജാലങ്ങൾക്കും ജീവൻ നഷ്ടമാകും."

എല്ലാം ശ്രദ്ധാപൂർവ്വം കേട്ടു കൊണ്ടിരുന്ന മരം പറഞ്ഞു: "ദേവാ.. നമുക്ക് ഒരു ഉപായം കണ്ടുപിടിക്കാം. കംപീരൻ ദുഷ്ടനായ ദേവൻ ആണല്ലോ, ആ കംപീരനെ എങ്ങനെയെങ്കിലും വകവരുത്തണം. അങ്ങനെ ആകുമ്പോൾ അങ്ങേയ്ക്ക് അടുത്ത കാട്ടിലെ ജീവികളെയും രക്ഷിക്കാൻ സാധിക്കും. അപ്പോൾ അവിടെയും സമാധാനമുണ്ടാകും."

മരത്തിന്‍റെ അഭിപ്രായം കൊള്ളാമെന്ന് കമ്പലന് തോന്നി. ആ ദുഷ്ടനെ ഇല്ലാതാക്കാൻ ഒരു ഉപായവും കമ്പലൻ കണ്ടുപിടിച്ചു. നന്മ ചെയ്യുന്ന ദേവൻ തിന്മ ചെയ്യുവാൻ പാടുള്ളതല്ല. അങ്ങനെ ചെയ്താൽ ആ ദേവന്റെ ശക്തി പൂർണമായും ക്ഷയിച്ചുപോകും. അതുപോലെ തിന്മ ചെയ്യുന്നവൻ നല്ല കാര്യങ്ങളും ചെയ്യരുത്. ആ നിയമം കംപീരനെ കൊണ്ട് തെറ്റിപ്പിക്കാൻ തന്നെ കമ്പലൻ തീരുമാനിച്ചു. അടുത്തദിവസം തന്നെ കമ്പലൻ കംപീരന്റെ കാട്ടിലേക്ക് പ്രവേശിച്ചു.

കാട്ടിൽ മറ്റൊരു ദേവൻ വന്നത് അറിഞ്ഞ കംപീരൻ കോപം കൊണ്ട് വിറച്ചു. അപ്പോൾ തന്നെ ആ ദുഷ്ടദേവൻ കമ്പലന്റെ അടുത്തേക്ക് കുതിച്ചു. അപ്പോഴേക്കും കാട്ടിൽ ചിലയിടങ്ങളിൽ കാട്ടുതീ പടർന്നു തുടങ്ങി. കാട്ടുമൃഗങ്ങൾ ജീവനുംകൊണ്ട് പലവഴിക്ക് ഓടി. കംപീരൻ എത്തിയതറിഞ്ഞ കമ്പലൻ ഒരു മുയലിന്റെ രൂപം സ്വീകരിച്ചു. എന്നിട്ട് വേട്ടക്കാരൻ ഒരുക്കിവെച്ചുപോയ ഒരു വലിയ കൂട്ടിൽ കയറി ഒളിച്ചിരുന്നു. അതിൽ നിറയെ അകപ്പെട്ടുപോയ കുറെ മുയലുകളും ഉണ്ടായിരുന്നു. കമ്പലന്റെ പിന്നാലെ അദൃശ്യനായിത്തന്നെ അവിടെയെത്തിയ കംപീരൻ കോപത്തോടെ അലറി.

"കമ്പലാ.. എന്റെ കാട്ടിൽ പ്രവേശിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു. നീ മുയലിന്റെ രൂപത്തിൽ വന്നാൽ എനിക്ക് തിരിച്ചറിയാൻ കഴിയില്ലെന്നാണോ നീ വിചാരിച്ചത്. നിന്നെ ഞാൻ വെറുതെ വിടില്ല." ഇതും പറഞ്ഞു

കംപീരൻ വേട്ടക്കാരൻ ഒരുക്കിവച്ചിരുന്ന കൂട് തകർത്ത് കളഞ്ഞു. അതോടെ അതുവരെ അദൃശ്യനായിരുന്ന കംപീരന്റെ രൂപം തെളിഞ്ഞുവന്നു. പശുവിന്റെ ശരീരവും സിംഹത്തിനെ തലയുമുള്ള ഒരു ജീവിയായി കംപീരൻ മാറി. എന്താണ് സംഭവിച്ചത് എന്നറിയാതെ കംപീരൻ അലറി. പക്ഷേ, ഇത്തവണ ആ ശബ്ദം ഒരു പൂച്ചക്കുഞ്ഞിന്റെ കരച്ചിൽ പോലെ പുറത്തുവന്നു. മ്യാവൂ.. മ്യാവൂ..

അപ്പോൾ കമ്പലന്റെ ചിരി അതിനുമുകളിൽ മുഴങ്ങി.

"ഹഹഹഹ..കംപീരാ.. നീഎത്രകാലമായി ഈ കാട്ടിലെ മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നു. വേട്ടക്കാരൻ ഒരുക്കിവെച്ച കൂട് തകർത്ത് കൂട്ടിൽ കുടുങ്ങി കിടന്ന മുയലുകളെ രക്ഷപ്പെടുത്തി കൊണ്ട് നീ ആദ്യമായി ഇപ്പോൾ നന്മ ചെയ്തിരിക്കുന്നു. അതുകൊണ്ട് ദേവനിയമം അനുസരിച്ച് നിന്റെ ശക്തി എല്ലാം നശിച്ചിരിക്കുന്നു. ഞാൻ നിന്നെ ഇല്ലാതാക്കാൻ പോവുകയാണ്."

നന്മയുടെ ദേവനായ കമ്പലൻ നിമിഷനേരംകൊണ്ട് കംപീരനെ ഭസ്മമാക്കി കളഞ്ഞു. എന്നിട്ട് തന്റെ ശക്തിയുപയോഗിച്ച് കാട്ടുതീയിൽ പെട്ടുപോയ എല്ലാ ജീവജാലങ്ങളെയും രക്ഷിച്ചു. കാട്ടുതീ അണച്ചുകളഞ്ഞു. ദുഷ്ടനായ കംപീരന്റെ അന്ത്യവും കമ്പലന്റെ നന്മയും ശക്തിയും, രക്ഷപ്പെട്ട മുയലുകൾ വഴി കാട്ടിലെ എല്ലാവരും അറിഞ്ഞു. അവർ കമ്പലദേവനെ ഭയഭക്തിയോടെ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങി. പിന്നീട് ദുരന്തങ്ങൾ എന്തുണ്ടായാലും ആ കാട്ടിലെ മൃഗങ്ങളും കമ്പലനെ വിളിക്കൽ പതിവായി. അതോടെ കമ്പലന് വളരെ സന്തോഷമായി.