എമിറൈറ്റ്സിന്‍റെ മുഖമായി മാറിയ മലയാളി പയ്യന്‍!

യു.എ.ഇയുടെ ദേശീയ ദിനമായാലും, ദുബായ് ടൂറിസം പരസ്യമായാലും, അബുദാബി ഗവര്‍മെന്‍റിന്‍റെ പരസ്യമായാലും ഇപ്പോള്‍ ഒഴിവാക്കാനാകാത്ത ഒരാളുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് എമിറൈറ്റ്സിന്‍റെ തന്നെ മുഖമായി മാറിയ ഇസിന്‍ ഹാഷ്. പേര് കേട്ട് അറബ് വംശജനായ ഏതെങ്കിലും മോഡലാണെന്നോ രൂപം കണ്ട് സുന്ദരനായ ഏതോ എമറാത്തി കുട്ടിയാണെന്നോ തെറ്റിദ്ധരിക്കണ്ട. ഇസിന്‍ ഹാഷ് നല്ല പച്ച മലയാളിയാണ്.

ഏഴ് വയസ്സുകാരനായ ഇസിന്‍ ഹാഷാണ് ഇന്ന് എമിറാത്തികളുടെ തന്നെ മുഖമായി മാറിയിരിക്കുന്നത്. അറബ് പരമ്പരാഗത വേഷത്തില്‍ ഇസിന്‍ ഹാഷ് വന്ന് നിന്നാല്‍ ആരും പറയില്ല ഇവന്‍ അറബ് വംശജനല്ലെന്ന്. ആരെയും കൊതിപ്പിക്കുന്ന ചിരിയുമായി പരസ്യങ്ങളില്‍ നിറഞ്ഞ ഇസിന്‍ ഹാഷിന് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. എല്ലാം അറബ് വേഷത്തില്‍ എമിറാത്തി കുട്ടിയാകാന്‍ തന്നെയുള്ള ക്ഷണങ്ങളാണ്.

യു.എ.ഇ യുടെ 47 ാമത് വാര്‍ഷികത്തിന്‍റെ ഭാഗമായി ഇറക്കിയ വീഡിയോയും പത്രപരസ്യവുമാണ്  ഇസിന്‍ ഹാഷ് ഒടുവില്‍ അറബ് വേഷം അണിഞ്ഞിരിക്കുന്നത്. ഇതിനകം തന്നെ നിരവധി ഗവൺമെന്‍റുകളുടേതും അല്ലാത്തതുമായി നിരവധി പരസ്യങ്ങളിലാണ് അറബി വേഷത്തില്‍ ഇസിന്‍ ഹാഷ് എത്തിയത്. യു.എഇ യിലെ വിവിധ രാജ്യങ്ങളുടെ മാത്രമല്ല സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ പരസ്യത്തിലും ഇസിന്‍ ഹാഷ് അറബിക്കുട്ടിയായി പ്രത്യക്ഷപ്പെട്ടു.  ഇപ്പോള്‍ നിരവധി പ്രഫഷണല്‍ പരസ്യ ഏജന്‍സികളുമായി കരാറുള്ള മോഡലായി ഇസിന്‍ ഹാഷ് മാറിക്കഴിഞ്ഞു. 

ഇസിന് മൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഹാഷ് ജവാദെടുത്ത ചില ചിത്രങ്ങളും വീഡിയോകളുമാണ് എല്ലാത്തിന്‍റേയും തുടക്കം. സുഹൃത്തുക്കള്‍ക്കിടയില്‍ വീഡിയോകള്‍ പങ്കുവച്ചപ്പോള്‍ ഇവരില്‍ ഫോട്ടോഗ്രാഫര്‍മാരായ ചിലരാണ് ഇസിന്‍ ഹാഷിന്‍റെ അഭിനയിക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ വഴി വിവിധ പരസ്യ ഏജന്‍സികളുമായി ബന്ധപ്പെട്ടു. വൈകാതെ ഇസിന്‍ ഹാഷ് അറിബി വേഷമണിഞ്ഞ് കയറി ചെന്നത് എമിറൈറ്റ്സിന്‍റെ മനസ്സിലേക്കാണ്. ഇന്ന് ഇസിന്‍ ജാഷ് അറബി വംശജനല്ലെന്ന് പറഞ്ഞാല്‍ തന്നെ പലരും വിശ്വസിക്കില്ല.

അജ്മാനിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഇസിന്‍ ഹാഷ്. ഇന്‍സ്റ്റാഗ്രാമിലും, ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ഇപ്പോള്‍ നിരവധി ഫോളേവേഴ്സുമായി താരപദവിയിലാണ് ഇസിന്‍ ഹാഷ് ഇപ്പോള്‍.