ലഹരിമരുന്നുകളെക്കാൾ മാരകമായ പബ്ജി !

അല്ലെങ്കിലും ഗെയിം കളിക്കുന്ന കുട്ടികളോട് പൊതുസമൂഹത്തിന് പുച്ഛമാണ്. ഇതുകൂടിയായപ്പോൾ റെഡിയായി. പബ്ജി അഥവാ പ്ലേയർ അൺനോൺസ് ബാറ്റിൽഗ്രൗണ്ട്സ് എന്ന ന്യൂജെൻ ഷൂട്ടർ ഗെയിമിനെതിരെ വിവിധ തലങ്ങളിൽ നിന്നു പ്രതിരോധം ഉയർന്നുവരികയാണ്. പബ്ജി കുട്ടികളെ ഗെയിം അഡിക്ടുകളാക്കുന്നെന്നും പഠനത്തെ ബാധിക്കുന്നെന്നും ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പ്രമുഖ ഗെയിമിനെതിരെ തോക്കെടുക്കുകയാണ്. ഗുജറാത്ത് സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

കശ്മീരിലെ ഡോക്ടർമാർ നിരോധനം ആവശ്യപ്പെടുന്നു. ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കത്തയച്ചിട്ടുണ്ട് എന്നാണ് ഗെയിം നിരോധനത്തിനു കാരണമായി ഗുജറാത്ത് സർക്കാർ പറയുന്നത്. ഗുജറാത്തിലെ പ്രൈമറി സ്കൂളുകളിലാണ് നിലവിൽ പബ്ജിക്കു നിരോധനം. പ്രൈമറി സ്കൂൾ വിദ്യാർഥികൾ ഗെയിം കളിക്കുന്നില്ല എന്നുറപ്പുവരുത്താൻ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫിസർമാരോടാണ് ഗുജറാത്ത് സർക്കാർ ആവശ്യപ്പെടുന്നത്.

ലഹരിമരുന്നുകളെക്കാൾ മാരകമായ പബ്ജിക്ക് സംസ്ഥാനത്തു നിരോധനം ഏർപ്പെടുത്തണമെന്ന് കശ്മീരിലെ ഡോക്ടർമാരുടെ സംഘടനയായ ദി ഡോക്ടേഴ്സ് അസോസിയേഷൻ ഓഫ് കശ്മീരും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ പബ്ജി കളിക്കാൻ അനുവദിക്കരുതെന്ന് ഡോക്ടർമാർ രക്ഷിതാക്കളോടും അധ്യാപകരോടും ആവശ്യപ്പെടുന്നു. 10, 12 ക്ലാസ്സുകളിലെ കൂട്ടത്തോൽവിക്കു കാരണം പബ്ജിയാണെന്ന് ആരോപിച്ച് ജമ്മു ആൻഡ് കശ്മീർ സ്റ്റുഡന്റ് അസോസിയേഷനും ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. കംപ്യൂട്ടറിലും ഫോണുകളിലും ഗെയിം കൺസോളുകളിലുമെല്ലാം കളിക്കാവുന്ന മൾട്ടിപ്ലേയർ ഓൺലൈൻ ഷൂട്ടർ ഗെയിം ആണ് പബ്ജി. പബ്ജിക്കെതിരെ സർക്കാർ തിരിയുമ്പോഴും അതേ ഗെയിം എൻജിനിൽ നിന്നുള്ള, അതേ സ്വഭാവമുള്ള ഫോർട്നൈറ്റ് ബാറ്റിൽ റോയെലിനെതിരെ നീക്കമില്ല എന്നതും ശ്രദ്ധേയമാണ്. ഒന്നിച്ചു തുടങ്ങി പിന്നീട് രണ്ടായി പിരിഞ്ഞ പബ്ജിയും ഫോർട്നൈറ്റും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് ഗെയിം വിപണിയിൽ. വരുമാനം വച്ചുനോക്കിയാൽ ഫോർട്നൈറ്റിനോട് പബ്ജി പരാജയപ്പെട്ടെങ്കിലും ഇന്ത്യയിൽ ഫോർട്നൈറ്റിനെക്കാൾ പ്രചാരം പബ്ജിക്കാണ്.

അതേ സമയം, 1 കോടി രൂപയുടെ സമ്മാനങ്ങൾ നൽകുന്ന പബ്ജി മൊബൈൽ ഇന്ത്യ സീരീസിനുള്ള റജിസ്ട്രേഷൻ ഇന്നലെ അവസാനിച്ചു. ഫെബ്രുവരി 10 മുതൽ 24 വരെ നടക്കുന്ന പ്ലേ ഓഫ് മൽസരങ്ങളിൽ 2000 ടീമുകൾ ഘോരയുദ്ധം നടത്തും. മാർച്ചിൽ നടക്കുന്ന ഫൈനലിൽ 20 ടീമുകൾ അണിനിരക്കും.