മക്കളാണ് എല്ലാം, അവർക്കായി എന്തിനും തയാർ: ഹൃത്വിക് റോഷൻ, Hrithik Roshan, Kids, Viral Video, Manorama Online

മക്കളാണ് എല്ലാം, അവർക്കായി എന്തിനും തയാർ: ഹൃത്വിക് റോഷൻ

കഹോ നാ പ്യാർ ഹേയിലൂടെ വെള്ളിത്തിരയിലേക്കു വന്ന ഗ്രീക്കു ദേവനെപ്പോലെ സുന്ദരനായ ഹൃത്വിക് റോഷൻ വ്യക്തിജീവിതത്തിലെ മലക്കം മറിച്ചിലുകളിലൂടെ അമ്പരപ്പിച്ചെങ്കിലും മക്കളുടെ കാര്യത്തിൽ എല്ലാം തികഞ്ഞ ഒരു പിതാവാണ്. ‘മക്കളാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യം. അവരുടെ മുഖത്തുവിരിയുന്ന ഒരു ചിരി കണ്ടാൽ മതി എത്ര കഠിനമായി അധ്വാനിക്കാനും ഊർജം ലഭിക്കാൻ’ ഒരിക്കൽ ഹൃത്വിക് റോഷൻ പറഞ്ഞു.

ഭാര്യ സുസെയ്ൻ ഖാനുമായി പിരിഞ്ഞെങ്കിലും കുട്ടികളെ വളർത്തുന്ന കാര്യത്തിൽ രണ്ടുപേരും സഹകരിക്കാറുണ്ട്. മക്കളുടെ ജന്മദിനം ആഘോഷിക്കാനും മറ്റും ഒരുമിച്ചു കൂടാറുമുണ്ട്. മക്കളോടൊപ്പം പ്രത്യേക വെക്കേഷൻ യാത്രകളും നടത്താറുണ്ട്. സ്കൂബാ ഡൈവിങ്ങും റാഫ്റ്റിങ്ങും പോലുള്ള സാഹസികവിനോദങ്ങളിൽ മക്കളോടൊപ്പം അടിച്ചുപൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. ഈയടുത്ത് മകൻ ഹ്രിദാന്റെ ജന്മദിനത്തിന് ഹൃത്വിക് പോസ്റ്റ് ചെയ്ത അത്തരമൊരു വിഡിയോയുടെ ഒപ്പമുള്ള സന്ദേശം അദ്ദേഹത്തിന്റെ പേരന്റിങ് സമീപനത്തിന്റെ ആകെത്തുകയായിരുന്നു.

‘സ്വയം ഒരു പര്യവേഷകനാവുക. സാഹസികനാവുക. ആൾക്കൂട്ടത്തെ പിൻതുടരരുത്. നിനക്കെന്താണോ ആനന്ദം അതിനെ പിൻതുടരുക. മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം വേണ്ട. ഒാരോ പ്രഭാതത്തിലും അത്യധികമായ ഉത്സാഹത്തോടെ ഉണർന്നെഴുന്നേൽക്കാൻ ശ്രമിക്കുക. അതാകട്ടെ നിന്റെ ഗോൾ. അതിനുവേണ്ടി ഈ ഭൂലോകത്തുള്ള മറ്റാരെയുംകാൾ അത്യധ്വാനം ചെയ്യുക. അധ്വാനിക്കുക, ഉല്ലാസമായിരിക്കുക. രണ്ടിനും ഏറെ പരിശ്രമവും ധൈര്യവും നിശ്ചയദാർഢ്യവും വേണം.’