'എന്നെക്കാൾ അമ്മയെ മിസ് ചെയ്യുന്നത് രണ്ടര വയസ്സുകാരി മകള്‍' ; ശൈലജ ടീച്ചറുടെ മകൻ, Health minister, Shailaja KK, Son Lasith, mother, Covid19, Corona,  kidsclub, Manorama Online

'എന്നെക്കാൾ അമ്മയെ മിസ് ചെയ്യുന്നത് രണ്ടര വയസ്സുകാരി മകള്‍' ; ശൈലജ ടീച്ചറുടെ മകൻ

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ മകൻ കെ.കെ.ലസിത് അമ്മയെക്കുറിച്ച് എഴുതുന്നു...

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അമ്മ എംഎൽഎയാണ്. പൊതുപ്രവർത്തനത്തിന്റെ തിരക്കിനിടയിൽ എന്നെയും ചേട്ടനെയും വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നൊരു വിഷമം അമ്മയുടെ ഉള്ളിൽ എവിടെയോ ഉണ്ടായിരുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു അഞ്ചാംക്ലാസിനു ശേഷം ഒരിക്കൽ പോലും അമ്മ എന്നെ വഴക്കു പറഞ്ഞിട്ടില്ല. ആദ്യകാലത്തു സ്കൂളിൽ പരിപാടികൾക്കൊക്കെ മറ്റു കുട്ടികളുടെ അമ്മമാർ വരുമ്പോഴൊക്കെ വിഷമം തോന്നിയിട്ടുണ്ട്. പിന്നെ പിന്നെ അമ്മയെ മിസ് ചെയ്യുന്നതുമായി ഞാനും ചേട്ടനും പൊരുത്തപ്പെട്ടു. ഞങ്ങളുടെ ചെറിയ വിഷമങ്ങളും പ്രശ്നങ്ങളും പറഞ്ഞു അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിച്ചു.

പ്രശ്നങ്ങളോ പ്രതിസന്ധികളോ ഉണ്ടാകുമ്പോൾ ഇപ്പോഴും ആദ്യം അമ്മയെ തന്നെയാണു വിളിക്കുന്നത്. എത്ര തിരക്കിനിടയിൽ നിൽക്കുകയാണെങ്കിലും പ്രശ്നം മുഴുവൻ പറഞ്ഞു തീരുന്നതു വരെ അമ്മ മുഴുവനായി കേൾക്കും, ആശ്വസിപ്പിക്കും. പരിഹാരവുമായി പക്ഷേ തിരിച്ചു വിളിക്കുന്നത് ഔദ്യോഗിക ജോലികളൊക്കെ കഴിഞ്ഞു അർധരാത്രിയോടെയാകും.
അമ്മ ഫിസിക്സ് അധ്യാപികയായിരുന്നു. എന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷേ കൂട്ടുകാരെ പലരെയും പഠിപ്പിച്ചിട്ടുണ്ട്. മറ്റു വിഷയങ്ങൾക്കൊക്കെ മാർക്ക് കുറഞ്ഞാലും ഫിസിക്സിന് നല്ല മാർക്കു കിട്ടുമെന്ന് അവർ പറയുന്നതു കേൾക്കുമ്പോൾ അവരേക്കാൾ സന്തോഷം എനിക്കു തോന്നിയിട്ടുണ്ട്. എന്റെ അമ്മയാണല്ലോ ഹീറോ!

ഞാൻ പത്താംക്ലാസിലെത്തിയപ്പോൾ അമ്മ അധ്യാപക ജോലി രാജിവച്ചു. പൊതുപ്രവർത്തനത്തിന്റെ തിരക്കിനിടയിൽ കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയായിരുന്നു കാരണം. ആദ്യമായാണ് അമ്മ ഏറ്റെടുത്ത ഒരു ജോലി പാതിവഴിയിൽ ഉപേക്ഷിച്ചു കണ്ടത്.

മന്ത്രിയായപ്പോൾ അമ്മ വീട്ടിൽ വരുന്നതു പിന്നെയും കുറഞ്ഞു. വീട്ടിൽ വന്നാലും സന്ദർശകരുടെ പ്രശ്നങ്ങൾ തീർത്ത് ഒന്നോ രണ്ടോ മണിക്കൂറാണു ഞങ്ങൾക്ക് കിട്ടുന്നത്. കിട്ടുന്ന സമയം മുഴുവൻ ഞങ്ങളോടു സംസാരിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെയായി നീക്കിവയ്ക്കും.

കൊറോണ പ്രശ്നം തുടങ്ങിയതിൽ പിന്നെ രണ്ടുമാസത്തോളമായി അമ്മ വീട്ടിൽ വന്നിട്ട്. ഇപ്പോൾ എന്നെക്കാൾ അമ്മയെ മിസ് ചെയ്യുന്നത് എന്റെ രണ്ടര വസയസ്സുകാരി മകൾക്കാണ്.

ഏതു വിഷയവും പഠിക്കാനും ആഴത്തിൽ മനസ്സിലാക്കാനും അമ്മ നടത്തുന്ന ശ്രമമാണ് പൊതുപ്രവർത്തക എന്ന നിലയിൽ എനിക്കു കൂടുതൽ ഇഷ്ടം. ആരും എന്തും പറഞ്ഞോട്ടെ അമ്മേ, നല്ലതു പറയുന്നവരും വിമർശിക്കുന്നവരും ഉണ്ടാകട്ടെ. അതൊന്നും നോക്കേണ്ട. നാട്ടുകാർക്ക് താങ്ങും തണലുമാകുന്ന അമ്മയായി കാണാനാണ് ഞങ്ങൾക്കിഷ്ടം.