ഋതിക താരമായ ഗൗണിനു വിലയെത്ര? സൂക്ഷിച്ചു നോക്കിയിട്ടു പറയുമല്ലോ?, Gown made of newspape, Kidsclub, Manorama Online

ഋതിക താരമായ ഗൗണിനു വിലയെത്ര? സൂക്ഷിച്ചു നോക്കിയിട്ടു പറയുമല്ലോ?

സ്കൂളിലെ ഫാഷൻ ഷോയിൽ പത്രക്കടലാസ് കൊണ്ട് ഒരമ്മയുണ്ടാക്കിയ ഗൗൺ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഫാഷൻ ഡിസൈനിങ്ങോ തയ്യലോ പഠിക്കാത്ത വൈക്കം സ്വദേശി കാർത്തികയാണ് മകൾ ഋതികയ്ക്കായി സ്റ്റൈലൻ ഡൗൺ ഒരുക്കിയത്. ഒറ്റനോട്ടത്തിൽ കണ്ടാൽ വിലകൂടിയ തുണിത്തരം കൊണ്ട് നിർമിച്ച ഗൗണാണെന്നാണ് തോന്നുക. രണ്ടാം വട്ടം സൂക്ഷിച്ചു നോക്കുമ്പോഴാണ് തുണിക്ക് പകരം പത്രക്കടലാസാണെന്ന് മനസ്സിലാകുക.

സ്കൂളിലെ ഫാഷൻ ഷോയ്ക്കായി വ്യത്യസ്തമായ കുഞ്ഞുടുപ്പു വേണമെന്നു ഋതിക പറയുന്നത് പരിപാടിയുടെ രണ്ടു ദിവസം മുൻപ്. പിന്നെ കാർത്തിക ഒന്നും ആലോചിച്ചില്ല. പത്രക്കടലാസ് വെട്ടിയൊരുക്കി പശ കൊണ്ട് ചേർത്തു. മൂന്നു ദിവസങ്ങളിലായി എട്ടു മണിക്കൂർ സമയമെടുത്തപ്പോൾ കിടിലൻ ഇക്കോ–ഫ്രണ്ട് ​ലി ഗൗൺ പിറന്നു. ഗൗണിനു ചേരുംവിധം ആഭരങ്ങളും പത്രക്കടലാണ് കൊണ്ടുതന്നെ തയാറാക്കി. ഫാഷൻ ഷോയിൽ കുഞ്ഞു ഋതിക മിന്നും താരമാകുകയും ചെയ്തു.

അമ്മ കാർത്തികയുടെ ആദ്യ ശ്രമം വിജയിച്ചതിനു തെളിവാണ് അച്ഛൻ ശബരീനാഥ്‌ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഗൗണിന്റെ ചിത്രത്തിനു ലഭിച്ച അഭിനന്ദന കമന്റുകൾ. കമന്റുകൾക്ക് മറുപടിയായി മകൾ ഋതികയെ ചേർത്ത് നിർത്തി കാർത്തിക കുറിച്ചത് ഇങ്ങനെ – ‘മക്കളുടെ സന്തോഷത്തിനായി ഒരമ്മ ഏതറ്റം വരെയും പോകും, ഞാനും അത്തരത്തിൽ ഒരു ശ്രമം നടത്തി. അത്രമാത്രം...’

ഇൗ അമ്മയുടെ പരിശ്രമത്തിനും മറുപടിക്കും എത്ര ലൈക്ക് ?