രാജാ രവിവർമ്മ ചിത്രങ്ങളിലെ സുന്ദരിയായി കുഞ്ഞു യാമി; കൗതുകമായി ഫോട്ടോ ഷൂട്ട്   , Corona, Covid19, Corona, Covid19, five year old Yami, photoshoot, Raja Ravi Varma, aware children covid19, kids  Manorama Online

രാജാ രവിവർമ്മ ചിത്രങ്ങളിലെ സുന്ദരിയായി കുഞ്ഞു യാമി; കൗതുകമായി ഫോട്ടോ ഷൂട്ട്

ലക്ഷ്മി നാരായണൻ

കലാപ്രേമികൾക്ക് എന്നും കൗതുകം നൽകുന്ന കാഴ്ചയാണ് രാജ രവിവർമ്മ ചിത്രങ്ങൾ. ഓരോ തവണ കാണുമ്പോഴും അഴക് വർധിച്ചു വരുന്ന ആ ചിത്രങ്ങളിൽ രവിവർമ വരച്ചിട്ടിരിക്കുന്ന സ്ത്രീ സൗന്ദര്യത്തിന് ഒരു പ്രത്യേക ഭംഗി തന്നെയാണ്. മുഖത്ത് സ്ഫുരിക്കുന്ന ഭാവം ഏതാണെന്നു ഒറ്റനോട്ടത്തിൽ മനസിലാക്കാൻ കഴിയാത്തത്ര മനോഹരമായാണ് ഓരോ ചിത്രങ്ങളും അദ്ദേഹം വരച്ചിരിക്കുന്നത്. അതിനാൽ തന്നെയാണ് പതിറ്റാണ്ടുകൾക്കിപ്പുറവും രാജ രവിവർമ്മ ചിത്രങ്ങൾ ആസ്വാദകരുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്നതും.

ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയം രാജ രവിവർമ്മയുടെ ചിത്രങ്ങൾ തന്നെയാണ്. എന്നാൽ യഥാർത്ഥ ചിത്രങ്ങളോട് കിടപിടിക്കത്തക്ക രീതിയിൽ അണിഞ്ഞൊരുങ്ങി മോഡലായി എത്തിയിരിക്കുന്ന കുഞ്ഞു സുന്ദരിയാണ് ആ ചർച്ചകളിലെ താരം. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് മസ്കറ്റിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീടിനകത്തായ ഒരമ്മയും മകളും ചേർന്നൊരുക്കിയതാണ് രാജ രവിവർമ്മ സീരീസിലുള്ള ചിത്രങ്ങളുടെ ഫോട്ടോഷൂട്ട്.


ഇതിനു മുൻപ് ചലച്ചിത്രതാരങ്ങൾ ഇതേ രീതിയിൽ രവിവർമ്മ ചിത്രങ്ങൾക്ക് സമാനമായി വേഷവിധാനം ചെയ്ത് ഫോട്ടോഷൂട്ട് നടത്തിയത് ശ്രദ്ധേയമായിരുന്നു. ഇതുകണ്ട് അഞ്ചര വയസുകാരി യാമി അരുൺ ദേവ് എന്ന യാമിക്കുട്ടിയാണ് തന്നെ ഇത് പോലെ ഒരുക്കമോ എന്ന് അമ്മയോട് ചോദിക്കുന്നത്.ഒരുങ്ങി നിൽക്കാനും ഫോട്ടോ എടുക്കാനുമെല്ലാം ഏറെ ഇഷ്ടമുള്ള ആളാണ് യാമി. അതിനാൽ 'അമ്മ ഗായത്രിയും ഈ അവസരത്തെ ക്രിയാത്മകതയോടെ കണ്ടു.

ആദ്യമായി എടുത്തത് രവി വർമയുടെ 'മഹാരാഷ്ട യുവതി' എന്ന പെയിന്റിംഗ് ആണ്. സമാനമായ വേഷവിധാനങ്ങൾ കണ്ടെത്താൻ അല്പം ബുദ്ധിമുട്ടിയെങ്കിലും കുഞ്ഞിന്റെ താല്പര്യം കണ്ടപ്പോൾ അതെല്ലാം ഒരു ഹരമായി തോന്നി. ഓരോ പെയിന്റിംഗും മോളെ കാണിച്ച് അവളുടെ ഇഷ്ടപ്രകാരമായിരുന്നു ഫോട്ടോഷൂട്ട് 'അമ്മ ഗായത്രി പറയുന്നു.
അപ്പോഴും കൂടുതൽ ചിത്രങ്ങൾ എടുക്കാൻ തീരുമാനിച്ചിരുന്നില്ല. എന്നാൽ 'മഹാരാഷ്ട യുവതിയുടെ' ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചതോടെ ധാരാളം മികച്ച പ്രതികരണങ്ങൾ ലഭിച്ചു. ആ പ്രതികരങ്ങളിൽ നിന്നാണ് കൂടുതൽ ഫോട്ടോകൾ എടുക്കാനുള്ള പ്രചോദനം ലഭിച്ചത്. അങ്ങനെ ഓരോ ദിവസവും ഓരോ ഫോട്ടോ എന്ന നിലയിൽ പത്ത് ദിവസങ്ങൾ കൊണ്ട് പത്ത് പെയിന്റിങ്ങുകൾ ഫോട്ടോകളാക്കി പുനഃസൃഷ്ടിച്ചു.

ചിത്രങ്ങൾ എല്ലാം തന്നെ മൊബൈൽ ക്യാമറയിൽ ആണ് എടുത്തത്. അത്യാവശ്യം എഡിററിംഗും അതിൽ തന്നെ നടത്തി.യാമിയുടെ കുഞ്ഞനിയൻ ആദി അരുൺ ദേവും ഒരു ചിത്രത്തിൽ യാമിക്കൊപ്പം മോഡലായിട്ടുണ്ട്. കുട്ടികളുടെ ഫാഷൻ ഷോയിൽ പങ്കെടുത്തിട്ടുള്ള യാമിക്ക് ക്യാറയെ അഭിമുഖീകരിക്കാനും വിവിധ രീതിയിൽ പോസ് ചെയ്യാനും എന്നും ഇഷ്ടമാണ്. ഈ ഇഷ്ടമാണ് രസകരമായ ഈ ഫോട്ടോഷൂട്ടിന്റെ വിജയമെന്ന് ഗായത്രി പറയുന്നു.


ലോക്ക് ഡൗൺ സമയത്ത് വീടിനു പുറത്തിറങ്ങാതെ തന്നെ കുട്ടികളെ പരമാവധി എൻഗേജ് ആക്കി ഇരുത്താനുള്ള വഴികൾ അന്വേഷിച്ചു നടന്ന ഗായത്രിക്ക് ഈ ഫോട്ടോഷൂട്ട് ഒരനുഗ്രഹമായി. ഇപ്പോൾ ഫോട്ടോകൾ കണ്ട് ആളുകൾ അഭിനന്ദനം അറിയിക്കുന്നതിന്റെ ആവേശത്തിലാണ് യാമി ലോക്ഡൗണിൽ വ്‌ളോഗുകൾ ചെയ്യുക, ബോട്ടിൽ പെയിന്റ് ചെയ്യുക എന്നതൊക്കെയാണ് യാമിയുടെ മറ്റ് വിനോദങ്ങൾ ..കേരളത്തിൽ കൊട്ടാരക്കരയാണ് യാമിയുടെ സ്വദേശം.