ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച അഞ്ചു വയസ്സുകാരന്റെ ആ​ഗ്രഹം സാധിച്ച് കൊടുത്ത് കൂട്ടുകാർ ! , Five year old boy battling, Brain cancer,Rides unicorn party, Social post, Viral, Kidsclub, Manorama Online

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച അഞ്ചു വയസ്സുകാരന്റെ ആ​ഗ്രഹം സാധിച്ച് കൊടുത്ത് കൂട്ടുകാർ !

അഞ്ചുവയസ്സുകാരൻ വ്യാട്ട് ഹാസിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു യൂണികോണിനെ കാണുകയെന്നത്. ഗ്രീക്ക് പുരാണത്തിലെ ഒരു സാങ്കല്‍പ്പിക മൃഗമാണല്ലോ യൂണിക്കോൺ. കൊമ്പുള്ള കുതിരെയെപ്പോലെ ആകൃതിയുള്ള യൂണിക്കോണിനെ അവനേറെ ഇഷ്ടമാണ്. വ്യാട്ടിന്റെ സ്കൂളിലെ സഹപാഠികൾക്കെല്ലാം അവന്റെ ഈ ആഗ്രഹത്തെക്കുറിച്ചറിയാം.

അങ്ങനെയിരിക്കെയാണ് നിരന്തരമായ തലവേദന ഈ കുഞ്ഞിനെ പിടികൂടുന്നത്. ടെന്നസിയിലെ മെംഫീസ് സെന്റ് ജൂഡ്‌സ് ചില്‍ഡ്രണ്‍സ് റിസേര്‍ച്ച് ഹോസ്പിറ്റലിലെ പരിശോധനയിൽ കുഞ്ഞു വ്യാട്ടിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്നു കണ്ടെത്തി. ശസ്ത്രക്രയയ്ക്കു വേണ്ടി പഠനത്തിൽ നിന്നും കുറച്ചുനാൾ അവധിയെടുത്തു വ്യാട്ട്.


എന്നാൽ ആശുപത്രിയിലേയ്ക്ക് പോകുന്ന ആ കുരുന്നിന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് അവന്റെ കൂട്ടുകാരും അവരുടെ മാതാപിതാക്കളും. ജെന്നിഫര്‍ നീല്‍സണിന്റെ മകൻ വ്യാട്ടിന്റെ കൂട്ടകാരനായിരുന്നു. മകനിൽ നിന്നും വ്യാട്ടിന്റെ ആഗ്രഹം അറിഞ്ഞ ജെന്നിഫര്‍ മറ്റു രക്ഷിതാക്കളേയും കൂട്ടി ഒരു തകർപ്പൻ പാർട്ടിതന്നെ വ്യാട്ടിനായി ഒരുക്കി. കേക്കുകളും ജ്യൂസുകകളുമൊക്കെയുള്ള ആ പാർട്ടിയിൽ കുഞ്ഞു വ്യാട്ടിനെ ഞെട്ടിച്ച ആ സമ്മാനവുമുണ്ടായിരുന്നു.


ജെന്നിഫര്‍ തന്റെ ഫാമിലെ ഒരു വെളുത്ത കുതിരക്കുട്ടിയെ കൊമ്പൊക്കെ പിടിപ്പിച്ച് നിറയെ കളറൊക്കെ അടിച്ച് ഒരു സുന്ദരൻ യൂണിക്കോണാക്കി മാറ്റിയെടുത്തു. വ്യാട്ട് ആ 'യൂണിക്കോണി'ന്റെ പുറത്തിരിക്കുന്ന ചിത്രങ്ങളും വിഡിയോയും വൈറലാകുകയാണ്. കൂടാതെ നിറയെ യൂണിക്കോൺ കളിപ്പാട്ടങ്ങളും അവർ അവന് സമ്മാനിച്ചു. ഡിസംബർ ഏഴിനാണ് വ്യാട്ടിനെ ഞെട്ടിച്ച ആ പാർട്ടി നടന്നത്. ആശുപത്രിയില്‍ ആ കളിപ്പാട്ടങ്ങൾക്കു നടുവിൽ കിടന്നുറങ്ങുന്ന വ്യാട്ടിന്റെ ചിത്രവുമുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യാട്ടിന്റെ കുടംബം ഗോഫണ്ട് മീ അക്കൗണ്ടു വഴി ചികിത്സാ ചെലവ് കണ്ടെത്താനുള്ള ശ്രമത്തിലാണ്.