കുട്ടികളെ ശുചിത്വശീലങ്ങൾ പഠിപ്പിക്കാൻ പുത്തൻ ആശയവുമായി മിന്നാമിന്നിക്കൂട്ടം !,  Fireflies, Mnter a child programme, healthy lifestyle, children, Kidsclub, Manorama Online

കുട്ടികളെ ശുചിത്വശീലങ്ങൾ പഠിപ്പിക്കാൻ പുത്തൻ ആശയവുമായി മിന്നാമിന്നിക്കൂട്ടം !

കോവിഡ്, ലോക്ക് ഡൗൺ കാലയളവിൽ വ്യക്തിശുചിത്വത്തിന്റെ പ്രാധ്യാന്യം കുട്ടികളിലേക്കെത്തിക്കാൻ വേറിട്ട ആശയവുമായി എത്തിയിരിക്കുകയാണ് കാസർഗോഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യുവജന സംഘടനയായ ഫയർഫ്ളൈസ്. ഏഴു മുതൽ പത്തു വരെ പ്രായമുള്ള കുട്ടികളോട് വിഡിയോ കോൾ വഴി സംവദിച്ച് വ്യക്തിശുചിത്വം, സാമൂഹിക അകലം എന്നിങ്ങനെ അടിസ്ഥാനപരമായ ആരോഗ്യ മുൻകരുതലുകളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും അത് പ്രാവർത്തികമാക്കുക വഴി കുടുംബ- സാമൂഹിക നന്മ ലക്ഷ്യം വച്ചുള്ള പദ്ധതിയാണ് 'മെന്റർ എ ചൈൽഡ്'. തിരഞ്ഞെടുക്കപ്പെട്ട പത്ത് മെന്റർമാർ കുട്ടികളുമായി ഏഴു ദിവസം ഒരു മണിക്കൂർ നീളുന്ന വിഡിയോ കോളിൽ ഏർപ്പെടുകയാണ്.

കോവിഡ്-19 പശ്ചാത്തലത്തിൽ വ്യക്തിപരമായും സമൂഹികപരമായും നമ്മളോരോരുത്തരും പാലിക്കേണ്ട ശുചിത്വശീലങ്ങൾ ഈ പദ്ധതിയിലൂടെ കുട്ടികളിലേക്കെത്തിക്കാൻ കഴിഞ്ഞതായി ഫയർ ഫ്ലൈസ് സെക്രട്ടറിയും, കേരള- കേന്ദ്ര സർവകലാശാല പബ്ലിക് ഹെൽത്ത് ഡിപാർട്മെന്റ് പ്രോജക്ട് മാനേജർ കൂടിയായ ഗൗതം എൻ.സി അറിയിച്ചു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത, അവയുടെ കൃത്യമായ സംസ്കരണം, സാമൂഹിക അകലം, വിവിധ മാലിന്യ നിർമ്മാർജ്ജന രീതികൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടായിരുന്നു കുട്ടികളുമായി സംവദിച്ചത്. നിലവിൽ മഡിയൻ എന്ന പ്രദേശത്തുള്ള പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സംഘടനയുടെ സെക്രട്ടറി, ഗൗതം പറയുന്നു.


കോവിഡ് മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ മുൻ നിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, പൊലീസുകാർ, ഭരണകൂടം, സന്നദ്ധ പ്രവർത്തകർ എന്നിങ്ങനെ ഓരോരുത്തരുമടങ്ങുന്ന പൊതു സമൂഹത്തിനു നന്ദി അറിയിക്കാനും മെന്റർ എ ചൈൽഡ് പദ്ധതിയിലൂടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കി.

അഖിന മോഹൻ നേത്രത്വത്തിൽ ഫിറോസ് അഹമ്മദ്, ആര്യ എം, ഫിലിയ കെ, അർഷിൽ പി സി, പ്രസീജ ജെ കെ, നജില കെ, ഗൗരി എസ് , നജ്മ എൻ, ജിജി ചന്ദ്രൻ, കീർത്തന മരിയ ജോസഫ്, റൊണാൾഡ്‌ സ്കറിയ, മുസവ്വിർ മുഹമ്മദ്, ഗൗതം എൻ സി തുടങ്ങിയവരടങ്ങിയ സംഘമാണ് ഈ ആശയത്തിന് പിന്നിൽ.

'കളർ എ സ്‌മൈൽ' എന്ന പേരിൽ കേരളത്തിലെ പത്തോളം ജില്ലകളിലെ വിവിധ അംഗണവാടികൾ, സ്കൂളുകൾ, കുട്ടികളുടെ വായനശാലകൾ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ ചുമരും പരിസരവും ഫയർ ഫ്ലൈസ് കൂട്ടായ്മ നേതൃത്വത്തിൽ മനോഹരമാക്കിയിട്ടുണ്ട് .

ഉപയോഗിക്കാൻ പറ്റുന്ന സൈക്കിളുകൾ നന്നാക്കിയെടുത്ത് സർവകലാശാല കാമ്പസിനകത്ത് ഉപയോഗിക്കാൻ നല്കുന്ന റീ- സൈക്കിൾ പദ്ധതി കഴിഞ്ഞ ഒരു വർഷത്തിലധികമായി ഫയർ ഫ്ലൈസ് നടത്തി വരുന്നു. 2019 പ്രളയ പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തു നടത്തിയ കര-കൗശല വസ്തുക്കളുടെ വില്പനയായ 'അടയാളങ്ങൾ' വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക സംഭാവന ചെയ്യാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടൊപ്പം പ്രകൃതി- സൗഹാർദ്ദ നിലപാടുകൾ ഈ മിന്നാമിന്നിക്കൂട്ടത്തെ വേറിട്ടതാക്കുന്നു.