'മോളുടെ കാത് കുത്തുമ്പോൾ അച്ഛനാണ് വേദന' ; വിഡിയോ

കുഞ്ഞ് ഒന്നു വീണാൽ, കൈ ചെറുതായൊന്നു മുറിഞ്ഞാൽ കുഞ്ഞിനേക്കാളേറെ വേദനിക്കുന്നത് അച്ഛനും അമ്മയ്ക്കുമാണ്. അൽപം വേദനയെടുക്കുന്ന കാര്യമാണ് കാതുകുത്തൽ, പ്രത്യേകിച്ച് കുഞ്ഞുമക്കളുടെ. വേദനയെടുക്കാതെ കാതുകുത്തും എന്നൊക്കെ പറയുമെങ്കിലും ആ കുഞ്ഞുകാതു നോവുന്നത് പലർക്കും കണ്ടു നിൽക്കാനാവില്ല. 'മോളുടെ കാത് കുത്തുമ്പോൾ അച്ഛനാണ് വേദന.. മുഖം കണ്ടാൽ അറിയാം' എന്ന കുറിപ്പോടെ സമൂഹമാധ്യമത്തിൽ കറങ്ങിനടക്കുന്ന ഈ വിഡിയോ വൈറലാകുകയാണ്.

കാതുകുത്താനായി മകളെ മടിയിൽ ചേർത്തു പിടിച്ചാണ് അച്ഛന്റെ ഇരിപ്പ്. മകളുടെ കാതുകുത്തുമ്പോള്‍ അതു കണ്ടുനിൽക്കാനാകാതെ കണ്ണുകള്‍ ഇറുക്കി അടച്ച് ആ കാഴ്ച മറയ്ക്കുന്നു. കുഞ്ഞിക്കാതു നോവുമോ എന്ന പേടി തെല്ലുന്നുമല്ല ആ അച്ഛനെ അസ്വസ്ഥനാക്കുന്നത്. വിഡിയോ കാണുന്നവരുടെ ഉള്ളിലും ആ കുഞ്ഞുവേദനയുടെ പിടച്ചിൽ വന്നുപോകും ഈ അച്ഛന്‍റെ വേദന കണ്ടാൽ. അല്ലെങ്കിലും കുഞ്ഞിന്റെ നിസാര വേദനയിൽ ഏത്ര ധൈര്യശാലിയായ അച്ഛന്റേയും ഉള്ള് ഒന്നു പിടയും.

സമാനമായ അനുഭവങ്ങളിൽ കൂടെ കടന്നുപോയ കുറേ അച്ഛന്മാർ തങ്ങളുടെ അനുഭവവും വിഡിയോയ്ക്കു താഴെ പങ്കുവയ്ക്കുന്നുണ്ട്. മകളുടെ കാതുകുത്താൻ തുടങ്ങുമ്പോഴേ കണ്ണുകൾ ഇറുക്കി അടച്ച് അവളേക്കാള്‍ വേദനയോടെ ഇരിക്കുന്ന ഈ അച്ഛന് സമൂഹമാധ്യമത്തിൽ നിറയെ ലൈക്കുകളും സ്നേഹവുമാണ്.