കുട്ടികൾക്കായി

കുട്ടികൾക്കായി അമ്മയുടെ ‘സ്റ്റൈലൻ’ പരീക്ഷണം; കോവിഡിൽ രക്ഷയായി അയൺമാനും സൂപ്പർഹീറോസും!

കൂട്ടുകാരെല്ലാവരും ഇപ്പോൾ പുറത്തേക്കിറങ്ങുമ്പോൾ മാസ്‍ക് ധരിക്കാറില്ലേ? കോവിഡ് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള വഴികളിലൊന്നാണ് അത്. ഒപ്പം ഇടയ്ക്കിടെ കൈകൾ ശുചിയായി സോപ്പുപയോഗിച്ചു കഴുകണം. ഓടിച്ചാടി കളികള്‍ക്കെല്ലാം തൽക്കാലത്തേക്കു വിശ്രമം നല്‍കി സാമൂഹിക അകലം പാലിക്കുകയും വേണം. മാസ്‌ക് ധരിക്കാൻ പക്ഷേ പല കൊച്ചുകൂട്ടുകാർക്കും മടിയാണ്. മുഖത്ത് അതുണ്ടാക്കുന്ന അസ്വസ്ഥതതന്നെ കാരണം. മാസ്‌കിൽ പലതരം ചിത്രങ്ങൾ വരച്ചിട്ടു പോലും അതിനെ ഇഷ്ടപ്പെടാൻ പറ്റുന്നില്ല പലർക്കും. അത്തരക്കാർക്കുള്ള പ്രതിവിധിയാണ് ഫെയ്സ് ഷീൽഡുകൾ.

മുഖത്തിന്റെ മുൻവശത്തെ ചുറ്റി സുതാര്യമായ ഒരു പ്ലാസ്റ്റിക് ഷീറ്റാണ് ഈ ഷീൽഡ്. തലയ്ക്കു ചുറ്റുമാണ് ഇത് ഉറപ്പിക്കുന്നത്. ശ്വസിക്കാൻ ബുദ്ധിമുട്ടില്ല, കാഴ്ചയ്ക്ക് കുഴപ്പമില്ല...അങ്ങനെ ഗുണങ്ങളേറെയാണ്. തായ്‌ലൻഡിലെ ഒരു അമ്മ പക്ഷേ ഈ ഷീൽഡിനെ കുട്ടികൾക്കുവേണ്ടി കുറച്ചുകൂടി ട്രെൻഡിയാക്കി. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഷീൽഡുകളിൽ സൂപ്പർ ഹീറോകളെ വരച്ചുചേർത്തായിരുന്നു പരീക്ഷണം. സംഗതി സൂപ്പർ ഹിറ്റാവുകയും ചെയ്തു. കാർട്ടൂൺ കഥാപാത്രങ്ങൾ, ഗെയിം താരങ്ങൾ, സൂപ്പർ ഹീറോകൾ തുടങ്ങിയവരുടെ ചിത്രമാണ് മേയ്സ ടലേർഡ് എന്ന മുപ്പത്തിയൊന്നുകാരി ഷീൽഡിലേക്കു പകർത്തിയത്. അതും കാഴ്ചയ്ക്ക് യാതൊരു കുഴപ്പവും വരുത്താതെ വെളുത്ത നിറത്തിൽ പ്രിന്റ് ചെയ്തെടുത്ത്.


‘ട്രാൻസ്പാരന്റ് ആയതിനാൽത്തന്നെ കുട്ടികൾക്കു കുറച്ചു കഴിയുമ്പോഴേക്കും ഫെയ്സ് ഷീൽഡ് മടുക്കും. പക്ഷേ അവർക്കിഷ്ടപ്പെട്ട സൂപ്പർ ഹീറോസും വില്ലന്മാരും ഷീൽഡിലുണ്ടെങ്കിൽ അതു ധരിച്ച് എവിടേക്കു വേണമെങ്കിലും പോകാൻ അവർ തയാറാകും. സ്കൂളിലേക്കു അതു വച്ചുകൊണ്ടു പോകാനും കൂട്ടുകാരെ കാണിക്കാനുമെല്ലാം അവർക്കേറെ താൽപര്യമായിരിക്കും...’ മേയ്സ പറയുന്നു. കൗതുകത്തിന്റെ പുറത്ത് ആരംഭിച്ച ഈ ഷീൽഡ് നിർമാണം ഇപ്പോൾ മേയ്സയ്ക്കു വരുമാന മാർഗവുമായി മാറിയിരിക്കുകയാണ്. തായ്‌ലൻഡിലെ ഈ അമ്മയുടെ കൗതുക വാർത്ത രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വിഡിയോ സഹിതം പുറത്തുവിട്ടതോടെ ഒട്ടേറെ പേർ ഇതന്വേഷിച്ചു വരാനും തുടങ്ങി. ഇതുവരെ 50–100 ഷീൽഡുകളാണ് മേയ്സ ആകെ നിർമിച്ചത്. അതും സ്വന്തം വീട്ടിലെ കുഞ്ഞു സ്റ്റുഡിയോയിൽ. ഇപ്പോൾ പക്ഷേ ഓരോ കടക്കാരും 50–100 എണ്ണത്തിന്റെ ഓർഡറാണു ചോദിക്കുന്നത്.

കോവിഡിൽനിന്നു സുരക്ഷയും സ്റ്റൈലും ഒരുപോലെ സമ്മാനിക്കുന്ന മേയ്സയുടെ ഷീൽഡുകളിൽ അയൺമാനും സ്റ്റാർവാർസ് താരങ്ങളും മാത്രമല്ല ജപ്പാനിലെ മൊബൈൽ ഗെയിം കഥാപാത്രങ്ങളും തായ്‌ലൻഡ് നാടോടിക്കഥകളിലെ കഥാപാത്രങ്ങളുമൊക്കെയുണ്ട്. കോവിഡിനെത്തുടർന്നുള്ള ലോക്‌‍ഡൗണെല്ലാം അവസാനിപ്പിച്ച് തായ്‌ലൻഡ് പതിയെ ഇളവുകൾ നടപ്പാക്കി വരികയാണ്. പക്ഷേ പൊതുസ്ഥലത്ത് സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ കർശനമായി നിർദേശിച്ചിരിക്കുകയാണ്. ലോക്ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ട് ആകെ സങ്കടപ്പെട്ടിരിക്കുകയായിരുന്നു മേയ്സ. പക്ഷേ ഇപ്പോൾ ഒരു ഷീൽഡിന് 400 രൂപ വരെ കിട്ടുന്നുണ്ട്. മൊത്തക്കച്ചവടക്കാരും ഷീൽഡിനു വേണ്ടി സമീപിക്കാൻ തുടങ്ങിയതോടെ തന്റെ ഭാവി ഷീൽഡിൽ സുരക്ഷിതമായിരിക്കുമെന്ന ആശ്വാസത്തിലുമാണ് മേയ്സ ഇപ്പോൾ.