സ്നാപ്ചാറ്റിന്റെ കോ–ഫൗണ്ടർ മകന് അനുവദിച്ചിരിക്കുന്ന സ്ക്രീന്‍ ടൈം അറിയുമോ?

കുട്ടികളിലെ സ്ക്രീൻ ടൈം എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ കുഴയുകയാണ് മിക്ക മാതാപിതാക്കളും. പലരുടേയും പരാതിയാണ് മക്കൾ ഏതു നേരവും ഫോണിലോ കമ്പ്യൂട്ടറിലോ ഗെയിമുകളുലോ ഒക്കെയാണെന്നത്. ഇതൊക്കെ അത്ര നല്ലതല്ലെന്നും നിയന്ത്രിക്കണമെന്നും മാതാപിതാക്കൾക്ക് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും സാധിക്കാറില്ല. ഇവ പോരാതെ സമൂഹമാധ്യമങ്ങളുമുണ്ട് ധാരാളം. മുതിർന്നവർ മാത്രമല്ല കുട്ടികളും ദിവസത്തിന്റെ ഏറിയപങ്കും ചെലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. ഇതിപ്പോൾ ഒരു പകര്‍ച്ചവ്യാധി പോലെ പടന്നുപിടിക്കുകയാണ്.

എന്നാൽ ഈ രംഗത്തെ പല വമ്പൻമാരും മക്കൾക്ക് ഇത്തരം ഡിവൈസുകളും സമൂഹമാധ്യമങ്ങളും ഉപയോഗിക്കാൻ കടുത്ത നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പാഴത്തെ കുട്ടികൾ സ്നാപ്ചാറ്റിൽ തന്നെയാണെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാൽ സ്നാപ്ചാറ്റിന്റെ കോ–ഫൗണ്ടറായ ഇവാൻ സ്പെയ്ഗൽ തന്റെ ഏഴ് വയസ്സുകാരൻ മകന് അനുവദിച്ചിരിക്കുന്ന സ്ക്രീന്‍ ടൈം എത്രയാണെന്ന് എല്ലാ മാതാപിതാക്കളും അറിയണം.

തന്റെ സ്റ്റെപ്പ് സണ്‍ ആയ ഫ്ളൈന് ആഴ്ചയിൽ വെറും 90 മിനുട്ട് മാത്രമാണ് ഇദ്ദേഹം ഇതിനായി നൽകുന്നത്. സ്പെയ്ഗലിന്റെ ഭാര്യയും മോഡലുമായ മിറാ‍ന്റയുടെ മകനാണ് ഫ്ളൈൻ. 28 കാരനായ ഇദ്ദേഹം തന്റെ മകന്റെ കാര്യത്തിൽ എത്രമാത്രം കരുതൽ കാണിക്കുന്നുവെന്ന്് ഇതിൽ നിന്നും മനസിലാക്കാം.

അതുപോലെ തന്നെ ആപ്പിളിന്റെ കോ–ഫൗണ്ടറായിരുന്ന സ്റ്റീവ് ജോബ്സ് കുട്ടികൾ വീട്ടിൽ ഇത്തരം ഡിവൈസുകൾ കൊടുത്തിരുന്നില്ല. മൈക്രോസോഫ്റ്റ് ഉടമയായ ബിൽ ഗേറ്റ്സാകട്ടെ ഇവ കുട്ടികൾ ഉപയോഗിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. . 14 വയസ്സുവരെ സെൽഫോൺ ഉപയോഗം വേണ്ടേവേണ്ട, അതുപോലെ ഭക്ഷണമേശയിലും കിടക്കുമ്പോഴും ഇവ ഉപയോഗിക്കരുത് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്.

പഠനങ്ങൾ പറയുന്നത് ഇത്തരം സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ദോഷകരമായി ബാധിക്കുമെന്നാണ്. അത് പിന്നീട് വിഷാദരോഗത്തിന് വരെ കാരണമാകാം. കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കുന്നത് അവരുടെ സ്വഭാവത്തിൽ പോസിറ്റീവ് മാറ്റങ്ങളുണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു.