ഹോമകുണ്ഡത്തിൽ നിന്ന് ജനഹൃദയങ്ങളിലേക്ക്; ലുട്ടാപ്പിയുടെ ആദ്യ കഥ വായിക്കാം. Luttappi, Mayavi, Entry, Manorama Online

ഹോമകുണ്ഡത്തിൽ നിന്ന് ജനഹൃദയങ്ങളിലേക്ക്; ലുട്ടാപ്പിയുടെ ആദ്യ കഥ വായിക്കാം

മൊബൈലും ടാബ്‌ലറ്റും ഓൺലൈൻ ഗെയിമുകളുമൊക്കെ പ്രചാരമാകുന്നതിന് മുൻപേ നമ്മുടെ കൂട്ടൂകാരായതാണ് മായാവിയും ലുട്ടാപ്പിയുമൊക്കെ. നായകനായി മായാവി വിലസി കൊണ്ടിരിക്കേ ബാലരമയില്‍ ലുട്ടാപ്പി പ്രത്യക്ഷപ്പെട്ടത് 1985 ജൂലൈ ആദ്യ ലക്കത്തിലാണ്. കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടേയും പ്രിയപ്പെട്ട കഥാപാത്രമാണ് ഈ കുട്ടിച്ചാത്തൻ.

മായാവിയേയും രാജുവിനേയും രാധയേയും പിടിക്കാനായി ഡാകിനി പെടാപ്പാടുപെടുന്ന കാലം. അതിനായി കുട്ടൂസന്റെ സഹായം തേടി ഡാകിനി അമ്മൂമ്മ. പിന്നെ കുട്ടൂസന്‍ ഒന്നും നോക്കിയില്ല. അവതാരപ്പിറവിയുടെ സർവ ഭാവങ്ങളും ആവാഹിച്ച ആ കുട്ടിച്ചാത്തനു ജന്മം കൊടുത്തു. അതെ നമ്മുടെ സ്വന്തം ലുട്ടാപ്പി. ചെറിയൊരു പൂജയ്ക്കൊടുവിൽ ഹോമകുണ്ഠത്തിൽ നിന്ന് ലുട്ടാപ്പിയുടെ പൊളപ്പൻ എന്‍ട്രി കണ്ടാലുണ്ടല്ലോ.... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ലേന്നേ...

ചുവപ്പ് ശരീരവും കൊമ്പും കുന്തവുമൊക്കെയുള്ള ലുട്ടാപ്പി പറന്നു കയറിയത് മലയാളികളുടെ ഹൃദയത്തിലേക്കായിരുന്നു. എന്നു ജയിച്ചത് മായാവിയായിരുന്നു. പക്ഷേ മലയാളികൾ ലുട്ടാപ്പിയെ ഹൃദയം നിറഞ്ഞ് സ്നേഹിച്ചു. ലുട്ടാപ്പിയുടെ കുന്തം കിട്ടണമെന്നും ആകാശത്തിലൂടെ പറന്നു നടക്കണമെന്നും നമ്മളും കൊതിച്ചു.

സോഷ്യൽ മീഡിയ അടുത്തിടെ ഹൃദയത്തിലേറ്റു വാങ്ങിയ സെലിബ്രിറ്റി ആര് എന്ന ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങൾ തേടിപ്പോകേണ്ടി വരില്ല. മലയാളികളുടെ നൊസ്റ്റാൾജിയയെ ഒന്നു കൂടി അരക്കിട്ടുറപ്പിച്ച നായകൻ ലുട്ടാപ്പി തന്നെയാണ് അതിനുള്ള ഏക ഉത്തരം.

ജനപ്രിയ ബാല പ്രസിദ്ധീകരണമായ ബാലരമയിൽ നിന്ന് ലുട്ടാപ്പി പിൻവാങ്ങുന്നു എന്ന ഊഹാപോഹങ്ങൾക്കിടെയായിരുന്നു ആരാധകരുടെ സ്നേഹ പ്രകടനം. സേവ് ലുട്ടാപ്പി ഹാഷ് ടാഗുകളുമായി സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചാണ് തങ്ങളുടെ സൂപ്പർ ഹീറോയെ ഏവരും ഹൃദയത്തിലേറ്റുവാങ്ങിയത്.

ലുട്ടാപ്പിയും, ലുട്ടാപ്പി സ്നേഹവും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ ഇപ്പോഴിതാ മറ്റൊരു വിശേഷം. വർഷങ്ങൾക്ക് മുമ്പ് ബാലരമയിൽ ലുട്ടാപ്പിയുടെ ഗ്രാ‍ൻഡ് എൻട്രി എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. ബാലരമ ലുട്ടാപ്പി ഒഫീഷ്യൽ പേജിലാണ് ചിത്രകഥാ രൂപത്തിൽ ലുട്ടാപ്പി എൻട്രി പങ്കുവയ്ക്കുന്നത്.

ഇതാ ലുട്ടാപ്പിയുടെ ആദ്യത്തെ കഥ..!!!