'നീ പതുക്കെ വളരൂ, എന്നും കുഞ്ഞായിരിക്കൂ'; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദുൽഖർ,  Dulquer Salman, birthday wish daughter, Mariyam Ameera Salman, kidsclub,,  Manorama Online

'നീ പതുക്കെ വളരൂ, എന്നും കുഞ്ഞായിരിക്കൂ'; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി ദുൽഖർ

ദുൽഖറിനെപ്പോലെ മകള്‍ മറിയം അമീറ സൽമാനും സോഷ്യൽ ലോകത്ത് നിരവധി ആരാധകരുണ്ട്. മമ്മൂട്ടിയോടും ദുൽഖറിനോടുമുള്ള ഇഷ്ടം ദുൽഖറിന്റെ മകളോടും പ്രേക്ഷകർക്കുണ്ട്. മറിയത്തിന്റെ പുതിയ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുക.

ഇത്തവണ മകൾക്ക് ഹൃദ്യമായ വരികളിലൂടെ ജന്മദിനാശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് ദുൽഖർ സല്‍മാൻ. ദുല്‍ഖറിന്റെയും അമാലിന്റെയും മകൾ മറിയത്തിന് ഇന്ന് മൂന്നാം പിറന്നാളാണ്. ജന്മദിനാശംസകൾ നേർന്ന് ദുൽഖർ സോഷ്യൽ മീഡീയയിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ദുൽഖറിന്റെ കുറിപ്പ് വായിക്കാം

'ഞാൻ വലിയ കുട്ടിയായി എന്ന് നീ പറയുമ്പോഴെല്ലാം നിന്റെ പ്രായം അഭിനയിച്ച് കാണിക്കാൻ ഞങ്ങൾ എല്ലാവരും തയാറായി നിന്നിരുന്നു. നീ ശരിയായിരിക്കാം. നീ വളരെ വേഗം വളരുകയാണ്. ഇപ്പോൾ നീ മുഴുവൻ വാചകങ്ങൾ സംസാരിക്കാറായി. മൂന്നു വയസ്സുള്ള നീ ഒരു വലിയ കുട്ടിയായിരിക്കുന്നു. രാജകുമാരിയെ പോലെ വേഷം ധരിച്ച്, സ്വന്തമായി കളികൾ കണ്ടെത്തി, ഞങ്ങൾക്ക് കഥകൾ പറഞ്ഞു തന്ന് നീയൊരു വലിയ പെണ്ണായിരിക്കുന്നു.

നീ തനിയെ ഓടുന്നു, നടക്കുന്നു, ചാടാൻ പഠിച്ചിരിക്കുന്നു. നീയൊരു വലിയ പെണ്ണായിരിക്കുന്നു. ഒന്ന് പതുക്കെ, പ്രിയപ്പെട്ട മേരി. നീ കുഞ്ഞായിരിക്ക്, ഞങ്ങൾ നിന്നെ ആദ്യം കണ്ടത് പോലെ, നിന്നെ കോരിയെടുത്ത് നിന്റെ കരച്ചിലുകൾ ആദ്യം കേട്ടത് പോലെ, മാലാഖയെ ആദ്യമായി കാണാൻ ഏവരും തടിച്ചു കൂടിയ ആ ദിനത്തിലെന്ന പോലെ. ഞങ്ങൾക്ക് ആ കുഞ്ഞിനെ കണ്ടു കൊതിതീർന്നില്ല, നീ അങ്ങനെ തന്നെയിരിക്ക്. നീ വളർന്നു എന്ന് ലോകം പറഞ്ഞാലും എന്നെന്നും നീ ഞങ്ങൾക്ക് കുഞ്ഞാണ്. പതുക്കെ വളരൂ, നീയെന്നും കുഞ്ഞായിരിക്കൂ'. ദുൽഖർ കവിത പോലെ കുറിച്ചിരിക്കുന്നു. മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. നിനക്കായ് പപ്പ കവിത എഴുതാൻ ശ്രമിച്ചു എന്ന് അർഥം വരുന്ന ഹാഷ്ടാഗോടു കൂടിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.'