മകളുടെ ‘കാർപ്രേമം’ പങ്കുവച്ച് ദുൽഖർ സൽമാൻ

മകളുടെ കാറിനോടുള്ള ഇഷ്ടം തെളിയിക്കുന്ന മറ്റൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് ദുൽഖർ. ആരാധകർക്ക് ദുൽഖറിനോട് എത്രയേറെ ഇഷ്ടമുണ്ടോ, അത്രയേറെ ഇഷ്ടമുണ്ടാകും ദുൽഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സൽമാനോടും. അതുകൊണ്ടാണ് മറിയത്തിന്റെ കുഞ്ഞു ഇഷ്ടങ്ങൾപോലും ആരാധകർ ഏറ്റെടുക്കുന്നത്.

ദുല്‍ഖറിന്റെ മകള്‍ മറിയവും ഉപ്പയുടേയും ഉപ്പുപ്പയുടേയും വഴിയേ തന്നെയാണ്. കുഞ്ഞു മറിയവും ഒരു കാർ പ്രേമിയാണെന്നതാണ് പുതിയ വിശേഷം. ദുല്‍ഖര്‍ തന്നെയാണ് മകളുടെ ‘കാർപ്രേമം’ സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. കുഞ്ഞിക്കൈകള്‍ കൊണ്ട് കാറിന്റെ ഗിയറിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മറിയത്തിന്റെ ചിത്രമാണ് താരം ഷെയര്‍ ചെയ്തത്.

മറിയത്തിന്റെ കളിപ്പാട്ടങ്ങളും മകളോടൊപ്പം ചിലവിടുന്ന നിമിഷങ്ങളുമൊക്കെ ദുല്‍ഖര്‍ തന്റെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. കാറിനോടുള്ള മറിയത്തിന്റെ ഇഷ്ടം വെളിവാകുന്ന പോസ്റ്റുകള്‍ ഇതിനു മുന്‍പും ദുല്‍ഖര്‍ പങ്കുവച്ചിരുന്നു. കുഞ്ഞിക്കാര്‍ ഓടിക്കുന്ന മറിയത്തിന്റെ ചിത്രമായിരുന്നു അത്.

മമ്മൂട്ടിക്കും മകൻ ദുൽഖർ സൽമാനും കാറുകളോടുള്ള പ്രണയം പ്രശസ്തമാണ്. ഇരുവർക്കും വിവിധയിനം കാറുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. പുത്തൻ കാറുകളെക്കുറിച്ച് മനസ്സിലാക്കുന്നതിലും ഡ്രൈവിങ്ങിലും ഇവർക്കുള്ള താൽപര്യം പലപ്പോഴായി വാർത്തയായിട്ടുണ്ട്.

ഒരു വയസുകാരി മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്നു എന്നും മറിയത്തിന്റെ പിറന്നാള്‍ വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.l