കുഞ്ഞിനൊപ്പം പാവക്കുട്ടിയേയും ചികിത്സിച്ച് ഡോക്ടർമാർ!, Doctor, treated, Doll, Baby girl, Viral Post,Viral Post, Manorama Online

കുഞ്ഞിനൊപ്പം പാവക്കുട്ടിയേയും ചികിത്സിച്ച് ഡോക്ടർമാർ!

കുഞ്ഞുമക്കള്‍ക്ക് എന്തെങ്കിലും അസുഖം വന്നാൽ അവർക്കു മരുന്നു കഴിപ്പിക്കാനും മറ്റും രക്ഷിതാക്കൾ ഏറെ പാടുപെടും. അപ്പോൾ കയ്യോ കാലോ ഒടിഞ്ഞാലത്തെ അവസ്ഥ എങ്ങനെയായിരിക്കും. പ്ലാസ്റ്ററിടാനും അവരെ അടക്കി കിടത്താനും ഒക്കെ ഏറെ ബുദ്ധിമുട്ടുതന്നെയാണ്. അതുപോലൊരു കുഞ്ഞിന്റെ വിശേഷമാണിത്. 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ രണ്ട് കാലുകളും ഒടിഞ്ഞ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് ചികിൽസ നൽകാൻ ഡോക്ടർമാർ ഏറെ കഷ്ടപ്പെട്ടു. ഒടുവിൽ അവളുടെ അമ്മ ഒരു മാർഗം പറഞ്ഞു. ആദ്യം അവളുടെ പാവക്കുട്ടിയെ ചികിൽസിക്കൂ. അപ്പോൾ അവളും സഹകരിക്കും. കാരണം അവൾക്ക് അത്രയേറെ പ്രിയപ്പെട്ട പാവക്കുട്ടിയാണത് എന്ന്. പെൺകുട്ടിക്കൊപ്പം പാവക്കുട്ടിയെയും ചികിൽസിച്ചിരിക്കുകയാണ് ഡോക്ടർമാർ.

അമ്മ പറഞ്ഞത് ഡോക്ടർമാർ പരീക്ഷിച്ചു നോക്കി. സംഭവം വിജയിച്ചു. പാവക്കുട്ടിയുടെ കാല് ശസ്ത്രക്രിയ ചെയ്യുന്നത് പോലെ കാണിച്ചു. അതോടെ തന്നെ ചികിൽസിക്കാൻ കുട്ടിയും സമ്മതിച്ചു. ഇപ്പോൾ രണ്ട് പേരുടെയും കാല് കെട്ടിത്തൂക്കിയ നിലയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാരും പറഞ്ഞു. ഡൽഹിയിലെ ലോക് നായക് ആശുപത്രിയിലാണ് സംഭവം. ഓർത്തോപീഡിക് വിഭാഗം വിഭാഗം ഡോ. അജയ് ഗുപ്തയാണ് കുട്ടിയെ ചികിൽസിക്കുന്നത്.