ആര് തടഞ്ഞാലും ഞാൻ വണ്ടിയിറക്കും; ഡിയോൺ വേറെ ലെവലാ..., Dion exhibits his favourite toy cars on lockdown period, Kidsclub, Manorama Online

ആര് തടഞ്ഞാലും ഞാൻ വണ്ടിയിറക്കും; ഡിയോൺ വേറെ ലെവലാ...

''ആര് തടഞ്ഞാലും ഞാൻ വണ്ടിയിറക്കും..ഓടിച്ച് കളിക്കുകയും ചെയ്യും. തടയാൻ പറ്റുമെങ്കിൽ തടഞ്ഞോന്നേ...'' ലോക്ക് ഡൗൺ ആണ് വണ്ടിയിറക്കിയാൽ പോലീസ് പിടിക്കും എന്നെങ്ങാനും പറഞ്ഞാൽ ഡിയോൺ എന്ന ആറ് വയസ്സുകാരന്റെ മറുപടിയാണ്. കൊറോണക്കാലത്ത് ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിലേക്ക് തിരിഞ്ഞപ്പോൾ തന്റെ കൈവശമുള്ള കാറുകൾ ഓരോന്നായി പുറത്തിറക്കുന്ന തിരക്കിലാണ്  മാവേലിക്കര സ്വദേശിയായ ഡിയോൺ.

അച്ഛനമ്മമാർക്കൊപ്പം കുവൈറ്റിൽ താമസമാക്കിയിരുന്ന ഡിയോൺ രണ്ടുമാസം മുൻപാണ് മാവേലിക്കരയിലെ തറവാട്ട് വീട്ടിലേക്ക് എത്തുന്നത്. യുകെജി വരെ കുവൈത്തിൽ പഠിച്ച ഡിയോണിന്റെ തുടർന്നുള്ള പഠനം കേരളത്തിലാണ്. നാട്ടിലേക്ക് പോരുമ്പോൾ അതുവരെ സൂക്ഷിച്ചുവെച്ച ടോയ് കാറുകളും ഒപ്പം കൂട്ടി. നാട്ടിൽ എത്തി ഒന്ന് അടിച്ചു പൊളിക്കാം എന്ന് കരുതിയപ്പോൾ കൊറോണ വ്യാപനം തടയാൻ ലോക്ഡൗണും സർക്കാർ പ്രഖ്യാപിച്ചു.

ആറ് മാസം പ്രായം മുതൽ ഡിയോണിന് കാറുകളോട് ഹരമാണ്. രണ്ടു വയസ്സ് വരെ കാറുകൾ പൊട്ടിക്കുമായിരുന്നെങ്കിലും. പിന്നീട് അങ്ങോട്ട് സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങി. നിലവിൽ നാനൂറിലേറെ ടോയി കാറുകളാണ് ഡിയോണിന്റെ കൈവശമുള്ളത്.കാറുകളുടെ മോഡൽ നോക്കി പേര് പറയാനും കക്ഷിക്ക് അറിയാം. കാറിൽ യാത്രയാണ് ഇഷ്ട വിനോദം. വീട്ടിൽ ഒരു കുഞ്ഞു വാവ കൂടി ഉണ്ടായതിന്റെ സന്തോഷത്തിലാണ് ഡിയോൺ. കാറുകൾ ആർക്കെങ്കിലും കൊടുക്കുമോ എന്ന് ചോദിച്ചാൽ ഉറപ്പായും കുഞ്ഞുവാവയ്ക്ക് കൊടുക്കും എന്ന് മറുപടി. വാഹനക്കമ്പത്തിനു പുറമെ  ടിക്ക് ടോക്കിലും താരമാണ് ഡിയോൺ