പാമ്പിനെ കണ്ടു, പിന്നൊന്നും നോക്കീല്ല; ‘കാട്’ വെട്ടിത്തെളിച്ച് കളിക്കളമൊരുക്കി മാത്തുകുട്ടിയും പപ്പയും, Daniel mathew and his father cleaning challange at lockdown period , Kidsclub, Manorama Online

പാമ്പിനെ കണ്ടു, പിന്നൊന്നും നോക്കീല്ല; ‘കാട്’ വെട്ടിത്തെളിച്ച് കളിക്കളമൊരുക്കി മാത്തുകുട്ടിയും പപ്പയും

ലക്ഷ്മി നാരായണൻ

തൊടിയിലൊരു പാമ്പിനെ കണ്ടു...കാട് പിടിച്ചു കിടക്കുന്ന പറമ്പാണ്...കണ്ടത് വിഷപാമ്പിനെയാണ്... പണ്ടൊക്കെയായിരുന്നു എങ്കിൽ ഉടനടി ഉത്തരം വന്നേനെ..'അത് അതിന്റെ വഴിക്ക് പൊക്കോട്ടെ, ഇനി വരുവാണേൽ നോക്കാം', ' വെളുത്തുള്ളി കലക്കിയൊഴിച്ചാൽ മതി വരില്ല' , ആ കാട് പിടിച്ച പറമ്പിൽ പോയി അതിനെ എങ്ങനെ അന്വേഷിച്ചു കണ്ടു പിടിക്കാനാണ്''... ഇപ്പോൾ കാലം മാറി , കഥ മാറി.. കൊറോണ വൈറസ് വ്യാപനം രാജ്യത്തെയൊന്നാകെ ലോക്ക് ഡൗണിലേക്ക് തള്ളിവിട്ടതോടെവീട്ടിൽ അകപ്പെട്ടിരിക്കുന്ന ടീംസ് എത്ര വലിയ ശാരീരികാധ്വാനമുള്ള പണിക്കും തയ്യാറാണ്.

ഇത്തരത്തിൽ ലോക്ക് ഡൗണിൽ ലോക്കായി വീട്ടിലിരിക്കുകയാണ് തൃപ്പൂണിത്തുറക്കാരൻ ഡാനിയൽ മാത്യു എന്ന കുട്ടിക്കുറുമ്പൻ മാത്തുകുട്ടിയും പപ്പയുമെല്ലാം. വീടിനകത്തിരുന്നുള്ള കളികൾ കഴിഞ്ഞാൽ, പ്രിയപ്പെട്ട പഗ് ഇനത്തിൽപ്പെട്ട നായക്കുട്ടി ടോബിയുമായി കുറച്ചു നേരം, അത് കഴിഞ്ഞാൽ ഫിഷ് ടാങ്കിലെ മീനുകളോട് കിന്നാരം പറയൽ. അങ്ങനെ അവധിക്കാലം മെല്ലെ ബോറടിയായി തുടങ്ങിയപ്പോഴാണ് മാത്തുക്കുട്ടിയുടെ വീടിനടുത്തുള്ള പറമ്പിൽ നിന്നും ക്ഷണിക്കാത്ത അതിഥിയായ പാമ്പിന്റെ രംഗപ്രവേശം.

പാമ്പിനെ കണ്ടു, പിന്നൊന്നും നോക്കീല്ല; ‘കാട്’ വെട്ടിത്തെളിച്ച് കളിക്കളമൊരുക്കി മാത്തുകുട്ടിയും പപ്പയും, Daniel mathew and his father cleaning challange at lockdown period , Kidsclub, Manorama Online

അമ്മയും അമൂമ്മയും ഉൾപ്പെടെ കണ്ടവരൊക്കെ ആൾ വിഷമുള്ള ഇനമാണ് എന്നുറപ്പിച്ചു.എല്ലാവരുമൊന്നു ഭയന്നു. തന്റെ ടോബികുട്ടൻ ഓടിച്ചാടി നടക്കുന്ന സ്ഥലറ്റത്തേക്കെങ്ങാനും പാമ്പ് വന്നാലോ...?അത് കൊണ്ട് പാമ്പിനെ പിടിക്കണമെന്ന് മാത്തുകുട്ടിയും. എങ്കിൽ പിന്നെ അങ്ങനെയാവട്ടെയെന്ന് മാത്തുക്കുട്ടിയുടെ പപ്പയും കരുതി. പാമ്പിനെ പിടിക്കുകയല്ല, ഇനി പാമ്പുകളൊന്നും വീട്ടുമുറ്റത്തേക്ക് വരാത്ത രീതിയിൽ കാട് പിടിച്ചു കിടക്കുന്ന ആ പറമ്പ് വൃത്തിയാക്കുക എന്നതാണ് മാത്തുക്കുട്ടിയുടെ പപ്പയായ ജിൻസൺ മാത്യു ചലഞ്ചായി സ്വീകരിച്ചത്.

അങ്ങനെ പ്രൊഫഷണൽ തൊഴിലാളികളുടെയൊന്നും സഹായം കൂടാതെ പറമ്പ് വൃത്തിയാക്കൽ ആരംഭിച്ചു. തൊട്ടടുത്തായി താമസിക്കുന്ന ബന്ധുക്കളും കൂടെ കൂടി.കസിൻ പിള്ളേരും അമ്മാവന്മാരും ആന്റിമാരും എല്ലാവരും പറമ്പ് വൃത്തിയാക്കാൻ കൂടി. കൂട്ടം കൂടരുത് എന്ന് പറഞ്ഞിട്ടുള്ളതിനാൽ കൃത്യമായ ഇടവേളയും ദൂരവും പാലിച്ചായിരുന്നു വൃത്തിയാക്കൽ. മേൽനോട്ടം വഹിക്കാൻ മാത്തുക്കുട്ടിയുടെ ടോബിയും അമ്മാവന്റെ വീട്ടിലെ ബ്ലാക്കിയും കൂടെ കൂടി.

പുല്ലെല്ലാം ചെത്തി വേരുകൾ പറിച്ചെറിഞ്ഞു. പറിച്ചെടുത്ത പുല്ലും പൊന്തക്കാടുമെല്ലാം വെയിൽ ഉണങ്ങാൻ അനുവദിച്ച ശേഷം കത്തിച്ചു. പിന്നീട് അവിടമെല്ലാം പലകുറി അടിച്ചു വൃത്തിയാക്കി. വൃത്തിയാക്കി വൃത്തിയാക്കി പറമ്പ് ഒരു മൈതാനം പോലെ വിശാലമായി മാറി. ദിവസങ്ങളുടെ പ്രയത്നമുണ്ട് ഇതിനു പിന്നിൽ. പറമ്പ് വൃത്തിയായതോടെ പാമ്പ് എവിടേക്കോ മുങ്ങി. മാത്തുക്കുട്ടി അതോടെ ഹാപ്പിയുമായി.

ഇനി വിശാലമായ ഈ പറമ്പിൽ എന്ത് ചെയ്യും എന്ന ചോദ്യം ബാക്കിയായി. അപ്പോഴാണ് വീടുകളിൽ കൃഷിത്തോട്ടം ഒരുക്കേറ്റണ്ടതിന്റെ പ്രസക്തിയെപ്പറ്റി മുഖ്യമന്ത്രി പറയുന്നത്. അത് കേട്ടത്തോടെ മുളകും അത്യാവശ്യം പച്ചക്കറി വിത്തുകളും പാകി പറമ്പിന്റെ ഒരു ഭാഗത്ത് കൃഷി തുടങ്ങി. ദിവസവും നനയ്ക്കുന്ന ചുമതല കുട്ടിക്കൂട്ടങ്ങൾക്ക്.

ബാക്കി ഭാഗത്ത് മനോഹരമായ ഒരു ഷട്ടിൽ കോർട്ട് കെട്ടി. വെക്കേഷനായിട്ട് ദൂരേക്ക് എവിടെയും പോകാൻ പറ്റിയില്ലെങ്കിലും വിരസത മാറ്റാൻ വീട്ടുമുറ്റത്തെ പറമ്പിൽ ഇനി കളിക്കാമല്ലോ.ഇപ്പോൾ മാത്തുകുട്ടിയും ഹാപ്പി സ്ഥലത്തെ ചെറുതും വലുതുമായ എല്ലാ കുട്ടിക്കുറുമ്പന്മാരും ഹാപ്പി. ആൾകൂട്ടം ഇല്ലാതെ വല്ലപ്പോഴും ഷട്ടിൽ കളിക്കണം. കൊറോണക്കാലം കഴിഞ്ഞാൽ കളി സജീവമാക്കണം. ആഗ്രഹം അത്രയൊക്കെ തന്നെ.