കോട്ടൺ

കോട്ടൺ തുണിയും ഹെയർ ബാൻഡും മതി; പാവക്കുട്ടിക്കൊരു മാസ്‌ക് നിർമിക്കാം

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം കോവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിച്ചു നടക്കുന്ന ആൾക്കാരാണ്. കൊച്ചുകൂട്ടുകാർക്കും ആഗ്രഹമില്ലേ സ്വന്തം പാവക്കുട്ടിക്കും ഒരു മാസ്‌ക് അണിയിച്ചുകൊടുക്കാൻ? പാവനിർമാണത്തിനു പേരുകേട്ട അമേരിക്കൻ ഡോൾ ബ്രാൻഡ് അതിനുമുള്ള വഴി കണ്ടെത്തിക്കഴിഞ്ഞു. നല്ല കളർഫുൾ കോട്ടൺ തുണിയും ഹെയർ ബാൻഡും ഉപയോഗിച്ച് ‘ഡോൾ മാസ്ക്’ നിർമിക്കാനുള്ള വിഡിയോ ട്യൂട്ടോറിയലാണ് കമ്പനി അടുത്തിടെ പുറത്തിവിട്ടത്. സ്കെയിലും കത്രികയും ഉപയോഗിച്ച് തുണി അളന്നു മുറിച്ചെടുത്ത് മടക്കി രണ്ടറ്റത്തും ഹെയർബാൻഡ് ചുറ്റിയാണ് മാസ്ക് നിർമിക്കുക.

കോവിഡ് രോഗത്തിൽനിന്നു നമ്മെ രക്ഷിക്കാനായി രാപ്പകലില്ലാതെ ജോലിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കാനുള്ള പാവക്കുട്ടിയുടുപ്പുകളും മാസ്കും ചെരിപ്പുമെല്ലാം ഇതോടൊപ്പം കഴിഞ്ഞ ദിവസം അമേരിക്കൻ ഡോൾ പുറത്തിറക്കിയിരുന്നു. അമേരിക്കൻ ഡോൾ ബ്രാൻഡിനു കീഴിൽ നിർമിച്ച ഏതു പാവക്കുട്ടിക്കും ചേരുംവിധമുള്ള ഉടുപ്പും ചെരുപ്പുമെല്ലാമാണ് കമ്പനി നിർമിച്ചത്. നിങ്ങളുടെ കയ്യിലെ പാവക്കുട്ടിയെ ഈ വസ്ത്രങ്ങളും ചെരുപ്പുമെല്ലാം ധരിപ്പിച്ചാൽ നമ്മെ കോവിഡിൽനിന്നു രക്ഷിക്കാൻ രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ‘സൂപ്പർ ഹീറോ ഹെൽത്ത് വർക്കറായി’ അതു മാറും.


പിങ്ക് നിറത്തിലുള്ള പാന്റ്സാണ് ഈ ലിമിറ്റഡ് എഡിഷൻ വസ്ത്രശേഖരത്തിലുണ്ടാവുക. ഒപ്പം നിറയെ നിറങ്ങളുള്ള ഒരു ടോപ്പും. അതിനു ചേരുന്ന ഇത്തിരിക്കുഞ്ഞൻ മാസ്കുമുണ്ട്. എളുപ്പത്തിൽ ധരിക്കാൻ കഴിയുന്ന ഒരു ജോടി സ്‌ലിപ്–ഓൺ ചെരിപ്പുകളും. ‘മനസ്സില്‍ ധൈര്യവും ഹൃദയത്തിൽ ദയവുമുള്ളവരെ എല്ലായിപ്പോഴും ആദരിക്കുന്നതാണ് അമേരിക്കൻ ഡോൾ ബ്രാൻഡിന്റെ രീതി’– കമ്പനി ജനറൽ മാനേജർ ജേമി സിജ്‌ലോമെൻ പറയുന്നു. വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജീവിതത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട് അവരുടെ ജോലിയുമായി ബന്ധപ്പെട്ട പാവകളെയും നിർമിച്ചു നേരത്തേ ശ്രദ്ധേയമായിട്ടുണ്ട് അമേരിക്കൻ ഡോൾ. കേൾവിപരമായി വെല്ലുവിളി നേരിടുന്ന, സർഫിങ് ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുടെ പാവയാണ് 2020ൽ ഗേൾ ഓഫ് ദി ഇയറായി കമ്പനി അവതരിപ്പിച്ചത്.

#ThankYouHeroes എന്ന ഹാഷ്‌ടാഗോടെ ഒട്ടേറെ കളിപ്പാട്ട നിർമാതാക്കൾ തങ്ങളുടെ ഉൽപന്നം പ്രചരിപ്പിക്കുന്നുണ്ട്. അമേരിക്കൻ ഡോളും ഇപ്പോൾ അതിനൊപ്പം ചേർന്നിരിക്കുകയാണ്. സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള പണവും ഇതിലൂടെ കണ്ടെത്തും. 24 ഡോളർ (ഏകദേശം 1820 രൂപ) ആണ് പുതിയ വസ്ത്രത്തിന്റെ വില. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (americangirl.com/heroes) പ്രീ–ബുക്കിങ് നടത്താം. ഡിസംബർ വരെ ബുക്കിങ്ങുണ്ടാകും. ഓഗസ്റ്റ് മുതൽ വിതരണം ആരംഭിക്കും. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ആരോഗ്യ പ്രവർത്തകരുടെ കുട്ടികൾക്കു വേണ്ടിയുള്ള പദ്ധതികൾക്കായിരിക്കും ചെലവഴിക്കുക. ബാർബി പാവയെ നിർമിക്കുന്ന മാറ്റെൽ കമ്പനിയും #ThankYouHeroes പ്രോഗ്രാമിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.

ഇതോടൊപ്പമുള്ള വിഡിയോ നോക്കി കൂട്ടുകാരും വീട്ടിലെ പാവക്കുട്ടിക്കൊരു മാസ്ക് നിർമിച്ചുനോക്കൂ..