'അച്ഛനെപ്പോ നോക്കിയാലും ഒരു ഒാംലേറ്റാ' ; സ്നേഹമൂട്ടി കുരുന്ന്

'അച്ഛൻ ഒരു മിടുക്കനാ.. നാളെ സ്കൂളീന്നു വരുമ്പോ അച്ഛന് മുട്ടായി വാങ്ങിത്തരാവേ’ എന്നൊക്കെപ്പറഞ്ഞ് അച്ഛനെ ഭക്ഷണം കഴിപ്പിക്കുന്ന കുരുന്നാണിപ്പോൾ സോഷ്യൽ മീഡിയയില്‍ താരം. അച്ഛന് ചോറു വാരി നൽകുന്ന ഒരു കുഞ്ഞ് മാലാഖയുടെ ദൃശ്യങ്ങള്‍ വൈറലാണിപ്പോള്‍.

ചോറുണ്ണാൻ തീൻ മേശയ്ക്കരികിലെത്തിയ അച്ഛന് മകൾ ടേബിളിനു മുകളിൽ കയറിയിരുന്ന് ചോറു വാരി ഊട്ടുന്നതാണ് രംഗം. ചോറു വാരി നൽകുന്നതിനിടെ കിളിക്കൊഞ്ചൽ മാതിരിയുള്ള കുരുന്നിന്റെ ചില ഡയലോഗുകളും കാഴ്ച്ചക്കാരുടെ മനം നിറയ്ക്കുന്നത്. ഭക്ഷണത്തിനിടെ ഓംലറ്റ് ചോദിക്കുന്നതിന് കുഞ്ഞ് നൽകുന്ന മറുപടിയാണ് ഏറ്റവും രസകരം,

‘എടീ ഓംലറ്റ് താ..’ എന്നു അച്ഛൻ പറഞ്ഞപ്പോൾ 'അച്ഛനെപ്പോ നോക്കിയാലും ഒരു ഓംലറ്റാ' അച്ഛന് ചോറ് വാരിക്കൊടുത്തുകൊണ്ട് ഈ കുഞ്ഞുമോള്‍ പറയുന്നത് കേൾക്കാൻ തന്നെ ഒരു സുഖമാണ്. ഒടുവിൽ ഞാനും കുറച്ച് കഴിക്കെട്ടെ എന്ന് പറഞ്ഞ് അച്ഛന് വാരിക്കൊടുത്ത അതേ പാത്രത്തിൽ നിന്നും ചോറ് വാരി കഴിക്കുകയാണ് ഇൗ കുഞ്ഞ്.

എന്തായാലും സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ അച്ഛനും അമ്മയും താരമായി മാറിയിരിക്കുകയാണ്. ലൈക്കുകളും ഷെയറും കൊണ്ട് വിഡിയോ പലരും ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു.