കുട്ടി

കുട്ടി മാസ്കുകൾ, കളിവീടുകൾ, ചിത്രപ്പണികൾ ആമിയും അമ്മയും ബിസിയാണ്

ലക്ഷ്മി നാരായണൻ

വളർച്ചയുടെ ഘട്ടത്തിൽ ഓരോ കുട്ടിക്കും മാതാപിതാക്കളുടെ സാമീപ്യം വളരെയേറെ പ്രിയപ്പെട്ടതാണ്. മാതാപിതാക്കളിലൂടെയാണ് കുട്ടികൾ ലോകത്തെ അടുത്തറിയുന്നത്, ജീവിതത്തിലെ നിറങ്ങൾ പരിചയപ്പെടുന്നത്. മാതാപിതാക്കൾ കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളുടെ ബൗദ്ധിക വികാസത്തിനും വഴി തെളിക്കും. എന്നാൽ അച്ഛനും അമ്മയ്ക്കും ജോലിയുള്ള കുടുംബങ്ങളിൽ ഇത്തരം പല സന്തോഷങ്ങളും കുട്ടികൾക്ക് നഷ്ടമാകുന്നു. കൊറോണക്കാലത്തെങ്കിലും ഈ അവസ്ഥയിൽ നിന്നു കുട്ടികൾക്ക് മോചനം നൽകാൻ മാതാപിതാക്കൾ ശ്രമിക്കണമെന്നാണ് സൗദിയിൽ താമസമാക്കിയ രേവതി അജീഷ് ആഗ്രഹിക്കുന്നത്.

കൊറോണ സമയത്തു മാത്രമല്ല, അല്ലാത്തപ്പോഴും തന്റെ സമയം മുഴുവൻ മകൾ ലക്ഷിത എന്ന ആമിക്കുട്ടിക്കായി മാറ്റി വച്ചിരിക്കുകയാണ് ഈ അമ്മ. കുഞ്ഞിനൊപ്പം ഉണരുകയും അവളുടെ ഓരോ കാര്യത്തിലും പങ്കാളിയാവുകയും അവൾക്കൊപ്പം കളിക്കുകയുമാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് രേവതി പറയുന്നു. മകൾക്കൊപ്പം രേവതി ചെയ്തു കൂട്ടിയ ക്രാഫ്റ്റുകളിലൂടെയാണ് ഈ അമ്മയും മകളും ശ്രദ്ധിക്കപ്പെടുന്നത്. വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചും അത്യാവശ്യം സാധനങ്ങൾ മാത്രം പുറത്തുനിന്നു വാങ്ങിയും രേവതിയും മൂന്നു വയസ്സുകാരി ആമിയും ചേർന്നൊരുക്കുന്ന ഓരോ ക്രാഫ്റ്റിനു പിന്നിലും ഓരോ കഥയുണ്ട്.


‘കുഞ്ഞുണ്ടായ ശേഷം അവൾക്കായി ജോലി പോലും ഉപേക്ഷിക്കുന്നു എന്ന് കേട്ടപ്പോൾ ആദ്യം ചിലരൊക്കെ അമ്പരന്നു. എന്നാൽ അത് ശരിയായ തീരുമാനമായിരുന്നു എന്ന് ഇന്ന് ആമിയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ എല്ലാവർക്കും തോന്നുന്നുണ്ട്. എന്റെ അച്ഛനമ്മമാർ അധ്യാപകനായിരുന്നു. എന്റെ ചെറുപ്പത്തിൽ ഞാൻ അവരെ വല്ലാതെ മിസ് ചെയ്തിട്ടുണ്ട്. ആ അവസ്ഥ മകൾക്ക് വരാതിരിക്കാനാണ് എംഎസ്‌സി ബയോഫാർമസി കഴിഞ്ഞിട്ടും ഞാൻ ജോലി എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാഞ്ഞത്. 24 മണിക്കൂറും മകൾക്കൊപ്പമാണ് ഞാൻ. ടിവി വച്ചു കൊടുക്കലും മൊബൈലിൽ കാർട്ടൂൺ കാണിക്കലുമൊന്നും ഇല്ല. പകരം ഞാൻ ക്രാഫ്റ്റുകൾ ചെയ്യും, പടം വരയ്ക്കും, ബോട്ടിൽ പെയിന്റ് ചെയ്യും.. അങ്ങനെ പ്രവൃത്തികളിലൂടെ പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കും’ രേവതി പറയുന്നു.

കൊറോണയിൽ ഹിറ്റായ കുട്ടിമാസ്ക്
കൊറോണ വൈറസ് വ്യാപനം വന്നതോടെ സൗദിയിൽ ലോക്ഡൗൺ ആരംഭിച്ചു. പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളിൽത്തന്നെ ഇരിക്കേണ്ടി വന്നപ്പോഴും ആമിക്കുട്ടിക്ക് ബോറടിച്ചില്ല. കാരണം പടം വരയ്ക്കലും ബോട്ടിൽ ആർട്ടും ആൽബം തയാറാക്കലുമൊക്കെയായി ആമിയും അമ്മയും ബിസിയായിരുന്നു. എന്നാൽ രേവതിയുടെ കാലിൽ നീര് വന്നതിനെ തുടർന്ന് ആശുപത്രി സന്ദർശനം വേണ്ടി വന്നപ്പോൾ കുഞ്ഞു ആമിയുടെ മാസ്ക് ഒരു വില്ലനായി. സർജിക്കൽ മാസ്ക് ധരിക്കാൻ കുഞ്ഞിന് പറ്റുന്നില്ല. മുഖത്തുനിന്ന് ഊർന്നു വീഴുന്നു. കുട്ടികൾക്കായുള്ള മാസ്കുകൾ വിപണിയിൽ ലഭ്യവുമല്ല. ആശുപത്രി സന്ദർശനം ഇടയ്ക്കിടെ അനിവാര്യമാണ് എന്ന് മനസ്സിലായതോടെ രേവതി തന്റെ പൊന്നോമനയ്ക്കായി കുട്ടിമാസ്കുകൾ ഉണ്ടാക്കാൻ ആരംഭിച്ചു.

കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ കാർട്ടൂൺ കഥാപാത്രങ്ങളെയും മൃഗങ്ങളെയും എല്ലാം തുന്നിച്ചേർത്തുണ്ടാക്കിയ കുട്ടിമാസ്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഹിറ്റായി. നിരവധി അമ്മമാരാണ് തങ്ങളുടെ മക്കൾക്കായി കുട്ടിമാസ്കിന്റെ നിർമാണ രീതി ചോദിച്ചെത്തിയത്,


‘സാധാരണ സുരക്ഷിതമായ കോട്ടൻ മാസ്‌ക് നിർമിക്കുന്ന ഒരുപാട് വിഡിയോ യൂട്യൂബിൽ ലഭ്യമാണ് അതു നോക്കിയാണ് ഞാനും ഉണ്ടാക്കിയത്. കുട്ടികളെ ആകർഷിക്കാൻ കുറച്ച് ചിത്രപ്പണികൾ മാത്രമാണ് ഞാൻ അധികമായി ചെയ്തത്. അതിനായി ഫെൽട് ക്ലോത് ആണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ബനിയൻ ക്ലോതും വെൽവെറ്റ് ക്ലോതും വേണമെങ്കിൽ ഉപയോഗിക്കാവുന്നതേയുള്ളൂ ചില മാസ്ക്കുകൾക്ക് എംബ്രോയിഡറി ത്രെഡ് വർക് ആണ് ചെയ്തിരിക്കുന്നത്.. എല്ലാവർക്കും വീട്ടിൽത്തന്നെ കുറച്ച് സമയം എടുത്തു ചെയ്യാവുന്നതെ ഉള്ളൂ. മറ്റൊരാൾ നിർമിച്ച കോട്ടൻ മാസ്‌ക് നമ്മൾ വാങ്ങുന്നതിനെക്കാൾ നമ്മുടെ കുഞ്ഞിന് നമ്മൾ തന്നെ ഉണ്ടാക്കുമ്പോൾ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താം. 3 ലെയർ കോട്ടൻ തുണിക്കുള്ളിൽ നോൺ വൂവെൻ ഫാബ്രിക്കും ഉപയഗിച്ചിട്ടുണ്ട്. ഇതു കിട്ടാത്തവർക്ക് പ്ലാസ്റ്റിക് കവറുകൾക്ക് പകരം ഇപ്പോൾ നാട്ടിൽ ഉപയോഗിക്കുന്ന തുണി സഞ്ചിയുടെ അതേ മെറ്റീരിയൽ വേണമെങ്കിലും ഉപയോഗിക്കാം’ –ഹിറ്റായ കുട്ടിമാസ്കിന്റെ നിർമാണ രീതി പങ്കുവയ്ക്കുകയാണ് രേവതി.

രസകരമായൊരു കളിവീട്
എത്ര മനോഹരമായ വീട് ഉണ്ടെന്നു പറഞ്ഞാലും കുട്ടികൾക്ക് അവരുടേതു മാത്രമായ ഒരു വാസസ്ഥലത്തോട് ഒരു പ്രത്യേക കൗതുകമായിരിക്കും. ഇത് മനസ്സിലാക്കിയാണ് വീട്ടിൽ ഉപയോഗശൂന്യമായിരുന്ന കാർഡ്ബോർഡ് ഉപയോഗിച്ച് ആമിക്കായി മനോഹരമായൊരു കളിവീട് രേവതി നിർമിച്ചത്. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും കുട്ടിയേയും അതിൽ പങ്കാളിയാക്കി. കളിവീട്ടിലേക്ക് വേണ്ട പാത്രങ്ങൾ, ഫ്രിജിന്റെ മാതൃക, ഷെൽഫുകൾ എന്നിവയെല്ലാം ഈ അമ്മയും മകളും ചേർന്ന് കാർഡ്ബോർഡ് വെട്ടി ഒട്ടിച്ചു നിറം കൊടുത്ത് നിർമിച്ചെടുത്തിട്ടുണ്ട്. ആരിലും കൗതുകമുണർത്തുന്നതാണ് ഈ കളിവീട്.

പേപ്പർ പ്രതിമകൾ മുതൽ ഡ്രീം കാച്ചർ വരെ
ന്യൂസ് പേപ്പറുകൾ റോളുകളാക്കി വിവിധ രൂപങ്ങളുണ്ടാക്കി അതിൽ നിറം നൽകി മനോഹരമാക്കുകയാണ് ആമിയുടെയും അമ്മയുടെയും അടുത്ത ഹോബി. ഇത്തരത്തിൽ നിർമിച്ച നിരവധി ശിൽപങ്ങൾ വീട്ടിലുണ്ട്. അതു കൂടാതെ ഡ്രീം കാച്ചറുകളും പ്ലാസ്റ്റിക്ക് കുപ്പികൾ പുനരുപയോഗിച്ചുള്ള ക്രാഫ്റ്റുകളും ഈ അമ്മയും മകളും ഒരുക്കിയിരിക്കുന്നു. രേവതി ഉണ്ടാക്കുന്ന ക്രാഫ്റ്റുകൾ വീട്ടിൽ പ്രദർശിപ്പിക്കുമ്പോൾ, ആമിയുണ്ടാക്കുന്ന സമാനമായ ക്രാഫ്റ്റുകൾ ആമിയുടെ കളിവീട്ടിൽ പ്രദർശിപ്പിക്കും. ഇത്തരത്തിൽ മുഴുവൻ സമയം കളികളിലും ആക്റ്റിവിറ്റികളും വ്യാപൃതമാകുന്നതിനാൽ സമാനപ്രയക്കാരായ കുട്ടികളെപ്പോലെ ടിവി, മൊബൈൽ എന്നിവയോട് കുട്ടിക്ക് തീരെ അഡിൿഷൻ ഇല്ലെന്ന് രേവതി പറയുന്നു.


‘തുടക്കത്തിൽ മോൾ പെയിന്റ് ചെയ്യുമ്പോൾ യാതൊരു പെർഫെക്‌‌ഷനും ഇല്ലായിരുന്നു. കുട്ടികളല്ലേ... അവർ അവർക്ക് പറ്റുന്ന പോലെ ചെയ്തു. എന്നാൽ പിന്നീട് ഞാൻ കൂടെ ഇരുന്നു പെയിന്റിങ് രീതികളും ക്രാഫ്റ്റുകൾ ഒട്ടിക്കേണ്ട രീതികളുമൊക്കെ പഠിപ്പിച്ചപ്പോൾ അത് വളരെ വേഗം അവ പഠിച്ചെടുത്തു. ഇതിലൂടെ ശ്രദ്ധയും വർധിച്ചു’– രേവതി പറയുന്നു

അമ്മയുടെയും മകളുടെയും ക്രാഫ്റ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് അച്ഛൻ അജീഷ് പൂർണ പിന്തുണയാണ് നൽകുന്നത്. ഇത്രയേറെ മനോഹരമായി ക്രാഫ്റ്റുകൾ ചെയ്യുന്നതിനാൽ, ഒരു യുട്യൂബ് ചാനൽ തുടങ്ങിക്കൂടേ അമ്മയ്ക്കും മകൾക്കും എന്ന് ചോദിച്ചാൽ ഉടൻ രേവതിയുടെ ഉത്തരമിങ്ങനെ... ‘യുട്യൂബ് ചാനൽ ചെയ്യുമ്പോഴും അതിൽ പ്രഫഷനലിസം വേണം. വിഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനുമൊക്കെയായി സമയം മാറ്റി വയ്ക്കണം. അപ്പോൾ കുഞ്ഞിന്റെ അടുത്തനിന്ന് അത്രയും ശ്രദ്ധ പോകും . അതിനാൽ അതിനോടും എനിക്ക് താല്പര്യമില്ല. ആമിക്കൊപ്പം ഞാനും വളരുകയാണ്. എന്റെ ക്വാളിറ്റി ടൈം നൽകി അവളെ വളർത്തുന്നതിലാണ് എന്റെ സന്തോഷം’

സൗദിയിലെ ഫ്ലാറ്റ് നിറയെ രേവതിയും ആമിയും ചേർന്നുണ്ടാക്കിയ കളിപ്പാട്ടങ്ങൾ മുതൽ കളിവീടുകൾ വരെയുള്ള ക്രാഫ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കാഴ്ചക്കാർക്ക് ഈ ക്രാഫ്റ്റുകൾ കൗതുകമാകുമ്പോൾ ഈ അമ്മയ്ക്കും മകൾക്കും ഒരുമിച്ചുള്ള ഓരോ നിമിഷവുമാണ് കൗതുകം. .