കൊറോണ ദോശ മുതൽ മാസ്ക്ക് ചപ്പാത്തിവരെ; കുസൃതിക്കുരുന്നുകൾക്കായി സ്‌പെഷ്യൽ വിഭവങ്ങൾ , Corora and special food tips for childern, Kidsclub, Manorama Online

കൊറോണ ദോശ മുതൽ മാസ്ക്ക് ചപ്പാത്തിവരെ; കുസൃതിക്കുരുന്നുകൾക്കായി സ്‌പെഷ്യൽ വിഭവങ്ങൾ

പറഞ്ഞു വരുമ്പോൾ മൂന്നു മാസത്തെ വെക്കേഷൻ ഉണ്ട്. പഠിക്ക്, പരീക്ഷയാണ്, മൊട്ട വാങ്ങേണ്ടി വരും തുടങ്ങിയ സ്ഥിരം ഭീഷണികൾ ഒന്നും കൂടാതെ തന്നെ അടുത്ത ക്‌ളാസിലേക്ക് പരീക്ഷ പോലും എഴുതാതെ ജയിച്ച ടീംസാണ്. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം പുറത്തിറങ്ങാൻ വഴിയില്ലാതെ കൊറോണ ഭീതിയിൽ കുസൃതിക്കൂട്ടം വീടിനകത്ത് കതകടച്ചിരിപ്പാണ്. കളിക്കാനും കറങ്ങാനും ഒന്നും പുറത്തിറങ്ങാൻ കഴിയാത്ത ദേഷ്യം ആഹാരത്തോടാണ് കുട്ടികൾ തീർക്കുന്നതെന്നാണ് അമ്മമാർ പറയുന്നത്.

അതിൽ ഈ വാശിക്കുടുക്കകളെക്കൊണ്ട് എന്തെങ്കിലുമൊക്കെ കഴിപ്പിക്കാൻ ഫൈവ്സ്റ്റാർ ഷെഫുകളെ വെല്ലുന്ന നമ്പറുകളുമായി എത്തിയിരിക്കുകയാണ് അമ്മമാർ. അടുക്കളയിൽ കൊറോണ ദോശ മുതൽ മാസ്ക് ചപ്പാത്തിവരെ ഇവർ മക്കൾക്കായി ഉണ്ടാക്കുന്നു. സ്ഥിരം വട്ടത്തിലുള്ള ദോശ കഴിക്കാൻ മടികാണിക്കുന്ന കുട്ടികൾ വ്യത്യസ്ത ആകൃതിയിൽ തനിക്ക് മുന്നിലെത്തുന്ന ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നു എന്നാണ് അമ്മമാർ പറയുന്നത്.

കൊറോണ ദോശ മുതൽ മാസ്ക്ക് ചപ്പാത്തിവരെ; കുസൃതിക്കുരുന്നുകൾക്കായി സ്‌പെഷ്യൽ വിഭവങ്ങൾ , Corora and special food tips for childern, Kidsclub, Manorama Online

എന്നാൽ ദോശമാവ് കൊണ്ട് കൊറോണ രൂപത്തേയും ഡൈനോസറുകളെയും റെഡി ബിയറിനെയുമെല്ലാം ഉണ്ടാക്കുന്നത് വിചാരിക്കുന്നത്ര എളുപ്പമുള്ള കാര്യവുമല്ല. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ മതി വിചാരിച്ച രൂപം നഷ്ടമാകും. അതോടെ അത് വരെ എടുത്ത കഷ്ടപ്പാട് വെറുതെയാകുകയും ചെയ്യും. ഇനി റെഡി ബിയറിന്റെ രൂപം ദോശയിൽ ഉണ്ടാക്കി കാരറ്റ് കൊണ്ട് കണ്ണും മൂക്കും ഒക്കെ വച്ച് സുന്ദര രൂപത്തിൽ മുന്നിൽകൊണ്ടു വയ്ക്കുമ്പോൾ , 'ഭംഗി കണ്ട് തിന്നാൻ തോന്നുന്നില്ലമ്മേ...' എന്ന് പറയുന്ന കുഞ്ഞുങ്ങളുമുണ്ട്.

അതോടെ 'ദൈവമേ പാവത്തുങ്ങൾക്ക് ഇത്ര കലാബോധം കൊടുക്കല്ലേ'' എന്ന ഡയലോഗ് മനസ്സിലെങ്കിലും അമ്മമാർ പറഞ്ഞു പോകും. ദോശ മാവ് കൊണ്ടാണ് കൂടുതൽ പരീക്ഷണം നടക്കുന്നത് എങ്കിലും ചപ്പാത്തിയും ഒട്ടും പിന്നിലല്ല. ഹേർട്ട് ആകൃതി, മാസ്ക് ആകൃതി എന്നിവയാണ് ചപ്പാത്തിയിലെ ട്രെൻഡ്. കൊറോണക്കാലം തുടങ്ങിയ ശേഷം കുട്ടികൾക്ക് ഈ വിഷയത്തോട് പ്രത്യേകമായ ഒരു താല്പര്യമാണ്. അതിനാൽ തന്നെ മൂന്നു ലെയറിൽ മാസ്ക് ചപ്പാത്തിയൊക്കെ ഉണ്ടാക്കി നൽകുമ്പോൾ കൂടെ അമ്മമാർ ബോധവത്‌കരണവും നടത്തുന്നു.

കൊറോണ ദോശ മുതൽ മാസ്ക്ക് ചപ്പാത്തിവരെ; കുസൃതിക്കുരുന്നുകൾക്കായി സ്‌പെഷ്യൽ വിഭവങ്ങൾ , Corora and special food tips for childern, Kidsclub, Manorama Online

വെക്കേഷന് മറ്റു കാര്യ പരിപാടികൾ ഒന്നും ഇല്ലാതായതോടെ , അമ്മയോടൊപ്പം പാചകത്തിലും അരക്കൈ നോക്കാൻ കുട്ടിക്കൂട്ടം തയ്യാറായിരിക്കുകയാണ്. ലക്ഷ്യം പാചക പരീക്ഷണം തന്നെ. സ്വന്തം നേതൃത്വത്തിൽ അമ്മയെക്കൊണ്ട് കാർട്ടൂൺ കഥാപാത്രങ്ങളെയും ഡൈനോസറുകളെയുമൊക്കെ ദോശക്കല്ലിൽ വിരിയിച്ചെടുക്കുന്ന വിരുതന്മാരാരുമുണ്ട്. നാളെ എന്ത് എന്ന ചിന്ത നൽകുന്ന ആകുലതകൾ ഏറെയുണ്ടെങ്കിലും കുട്ടിക്കൂട്ടത്തിന്റെയൊപ്പം പാചകവും വാചകവും ഒരുപോലെ ആസ്വദിക്കുകയാണ് അമ്മമാർ .