തട്ടിക്കൊണ്ടുപോയ കുഞ്ഞനിയനെ പിന്തുടര്‍ന്ന് രക്ഷിച്ച് ജ്യേഷ്ഠന്‍ !

അനിയനുവേണ്ടി ജീവൻ വരെ നൽകാൻ മടിയില്ലാത്ത ഏട്ടന്മാരെ സിനിമയിൽ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. സിനിമയെവെല്ലുന്ന ഒരു ചേട്ടന്റെയും അനിയന്റെയും കഥയാണ് മഹാരാഷ്ട്രയിൽ നിന്നും വരുന്നത്. കുഞ്ഞനിയനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീയെ പിന്തുടർന്ന് രക്ഷിച്ചിരിക്കുകയാണ് പത്തുവയസ് മാത്രം പ്രായമുള്ള ഈ കുഞ്ഞേട്ടൻ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്.

മഹാരാഷ്ട്രയിലെ മുമ്പ്രയിലാണ് സംഭവം. സഹോദരങ്ങളൊടൊപ്പം മുറ്റത്ത് കളിക്കുകയായിരുന്ന രണ്ടുവയസുകാരൻ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുട്ടികളുടെ അടുത്തെത്തിയ സ്ത്രീ ഇളയ കുട്ടിയെ കളിപ്പിക്കുകയും പിന്നീട് കുട്ടിയെയുമെടുത്ത് നടന്നു നീങ്ങുകയുമായിരുന്നു. ഇതു കണ്ട പത്തുവയസുകാരൻ ചേട്ടൻ ഇവരെ പിന്തുടർന്നു.

കുട്ടിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോള്‍ മിഠായി വാങ്ങിനല്‍കാന്‍ എന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് ഇവര്‍ നടത്തത്തിന്റെ വേഗം കൂട്ടിയപ്പോള്‍ കുട്ടിയും പിന്തുടര്‍ന്ന് ഇവര്‍ക്കൊപ്പം ഓടിയെത്തി. പത്തുമിനിറ്റോളം ഇവരെ പിന്തുടര്‍ന്നതോടെ ഒടുവില്‍ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ധീരമായി അനിയനെ രക്ഷിച്ച ചേട്ടൻ താരമായി മാറിയിരിക്കുകയാണ്.