മൂന്നു മാസം ഡൽഹിയിൽ; ഒടുവിൽ 5 വയസുകാരൻ ഒറ്റയ്ക്ക് യാത്ര ചെയ്ത് ബെംഗളൂരുവിൽ !,   boy 5 flies alone, from Delhi to Bengaluru after 3 months meets mother,  kidsclub, Manorama Online

മൂന്നു മാസം ഡൽഹിയിൽ; ഒടുവിൽ 5 വയസുകാരൻ ഒറ്റയ്ക്ക് യാത്ര ചെയ്ത് ബെംഗളൂരുവിൽ !

രണ്ട് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ ‘പ്രത്യേക പരിഗണന’യുള്ള ടിക്കറ്റുമായാണ് ഒരു കൊച്ചു കുട്ടി ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അഞ്ചു വയസ്സുകാരനായ വിഹാൻ ശർമയാണ് ഡൽഹിയിൽനിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിഹാനെ സ്വീകരിക്കാൻ അമ്മ കാത്തു നിൽപുണ്ടായിരുന്നു.

സ്പെഷൽ കാറ്റഗറി യാത്രക്കാരനായാണ് വിഹാൻ ഡൽഹിയിൽനിന്ന് ഒറ്റയ്ക്കു യാത്ര ചെയ്തത്. മൂന്ന് മാസത്തെ കാത്തിരിപ്പിനുശേഷമാണ് വിഹാൻ ഡൽഹിയിൽനിന്ന് ബെംഗളൂരുവിലെത്തിയതെന്ന് കുട്ടിയുടെ അമ്മ ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോടു പറഞ്ഞു. അമ്മ ഇതു പറയുമ്പോൾ മഞ്ഞ വസ്ത്രവും മാസ്കും നീല ഗ്ലൗസും ധരിച്ച് വിഹാൻ മാസങ്ങൾക്കുശേഷം അമ്മയോട് ചേർന്ന് അവനുണ്ടായിരുന്നു. വിഹാനെ സ്വാഗതം ചെയ്യുന്നതായി ബെംഗളൂരു വിമാനത്താവളം ഔദ്യോഗിക ട്വിറ്റർ വഴി അറിയിച്ചു.

മാർച്ച് അവസാനം ആഭ്യന്തര വിമാന സർവീസുകൾ നിര്‍ത്തിവച്ചശേഷം തിങ്കളാഴ്ചയാണ് വീണ്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനങ്ങൾ പറന്നുതുടങ്ങിയത്. വിമാനങ്ങൾ തടസ്സപ്പെട്ടതിനാൽ ആയിരക്കണക്കിനു പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയിരുന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1.3 ലക്ഷം ആയിരിക്കെ കർശന ഉപാധികളോടെയാണ് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചത്. രാജ്യാന്തര സർവീസുകൾ ജൂണില്‍ തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പ്രതികരിച്ചു.‌