ഇങ്ങനെ ദ്രോഹിക്കാൻ ആ കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തത് ?,  Social media post, little boy's, birthday celebration, viral vodeo, Kidsclub, Manorama Online

ഇങ്ങനെ ദ്രോഹിക്കാൻ ആ കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തത് ?

പിറന്നാൾ ആഘോഷത്തിന്റെ പേരിൽ അല്ലറ ചില്ലറ കുസൃതികൾ സുഹൃത്തുക്കൾ ഒപ്പിക്കുക എന്നത് സർവസാധാരണമാണ്. അതിന്റെ ഭാഗമായി രൂപം കൊണ്ട ഒരു രീതിയാണ് മുറിച്ച കേക്കിന്റെ ക്രീം പിറന്നാൾ കുട്ടിയുടെ മുഖത്ത് തേക്കുക എന്നത്. എന്നാൽ ക്രീമിന് പകരം ആ കേക്ക് തന്നെ തലവഴി കമഴ്ത്തിയാലോ ? ഭീകരം എന്നല്ലാതെ എന്തു പറയാൻ. ഇതു പോലെ സങ്കടം തോന്നുന്ന ഒരു പിറന്നാൾ ആഘോഷ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നാലോ അഞ്ചോ വയസ് തോന്നുന്ന ഒരു കുഞ്ഞാണ് പിറന്നാളുകാരൻ. ഏറെ സന്തോഷത്തോടെ അവൻ തനിക്കായി വച്ചിട്ടുള്ള പിറന്നാൾ കേക്ക് മുറിക്കാൻ തുടങ്ങുമ്പോൾ സമീപത്ത് നിൽക്കുന്ന ആളുകൾ അവന്റെ മേൽ കുസൃതി കാട്ടുകയാണ്. എന്നാൽ ഈ കുസൃതി അതിരു വിട്ടു പോയി. കുട്ടിയുടെ തലയിൽ മുട്ടകൾ പൊട്ടിച്ച് ഒഴിക്കുകയാണ് ആദ്യം ചെയ്തത്. അതിന് ശേഷം ഒരു പാത്രത്തിൽ കൊണ്ടുവന്ന ദ്രാവകം അവന്റെ ശരീരമാസകലം ഒഴിച്ചു.

അതുകൊണ്ടും തീർന്നില്ല മുതിർന്നവരുടെ കുസൃതി, പിറന്നാൾ ആഘോഷത്തിനായി കൊണ്ടുവച്ച കേക്ക് വാരി കുഞ്ഞിന്റെ മുഖത്തും തലയിലും തേച്ചു. ഈ കോപ്രായങ്ങൾക്കെല്ലാം ഇടയിലും തന്റെ പിറന്നാൾ കേക്ക് മുറിക്കാൻ നോക്കുന്ന കുഞ്ഞിന്റെ പാഴ്ശ്രമങ്ങൾ ഏറെ വേദനയോടെയാണ് ലോകം കണ്ടത്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

പിറന്നാൾ ആഘോഷത്തിന്റെയും മറ്റ് ആഘോഷങ്ങളുടെയും പേരിൽ നടത്തുന്ന ഇത്തരം കോപ്രായങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കുഞ്ഞിന്റെ മാനസികാവസ്ഥയെ വരെ ഇത്തരം കോപ്രായങ്ങൾ തകർത്തേക്കാം എന്ന് വിദഗ്ദർ പറയുന്നു. വിഡിയോ അപ്​ലോഡ് ചെയ്തത് എവിടെനിന്നാണ് എന്നറിയില്ല. എന്നാൽ സ്വന്തം പിറന്നാൾ ആഘോഷത്തിൽ ഹൃദയം തകർന്നു പോയ ആ കുഞ്ഞിന് ആശ്വാസവചനങ്ങൾ ചൊരിയുകയാണ് സൈബർ ലോകം .