ജൂനിയർ

ജൂനിയർ ബ്രൂസ്‌ലി; എട്ടാം വയസ്സിൽ സിക്സ് പാക്ക്, കുങ് ഫു വിരുതൻ, ഇവനെ അനുകരിക്കരുത്

ജപ്പാൻ സ്വദേശിയായ റുസെയ്‌ ഇമായ് എന്ന കൊച്ചുമിടുക്കന്റെ പ്രായം കേവലം എട്ട് വയസ്സാണ്. എന്നാൽ ആയോധനകലയുടെ രാജാവായ ബ്രൂസ്‌ലിയെ പോലും അമ്പരപ്പിക്കുന്നതാണ് ഇവന്റെ കയ്യിലിരുപ്പ്. ലോകത്തിലെ ഏറ്റവും ശക്തനായ കുട്ടി എന്നാണ് ഇമായ് അറിയപ്പെടുന്നത്. അതിനു കാരണവുമുണ്ട്, എട്ട് വയസ് തികഞ്ഞപ്പോഴേക്കും കുങ് ഫുവിലൂടെ ആയോധനകലയിൽ തന്റേതായ ഇടം ഈ മിടുക്കൻ കണ്ടെത്തിക്കഴിഞ്ഞു.

മുപ്പത് വയസ്സായിട്ടും സിക്സ് പാക്ക് എന്ന സ്വപ്നം ഇപ്പോഴും മനസ്സിൽ ഒളിപ്പിച്ചു കൊണ്ട് ജിമ്മിൽ പോകുന്നവർ ഇമായ് ചെയ്യുന്ന വർക്ക് ഔട്ട് വിഡിയോകൾ ഒന്നു കാണുന്നത് നല്ലതാണ്. ഈ ചെറിയ പ്രായത്തിൽ തന്നെ കക്ഷി സിക്സ് പാക്ക് സ്വപ്നം സ്വന്തമാക്കി കഴിഞ്ഞു. ഒരു ദിവസം ഒഴിവു കിട്ടിയാൽ പൂർണമായും വർക്ക് ഔട്ടിനായി മാറ്റി വച്ചിരിക്കുകയാണ് ഈ മിടുക്കൻ. ആയോധനകലയോട് അത്രയ്ക്കുണ്ട് ഇഷ്ടം. അതിനാൽത്തന്നെ ഇവാൻ അറിയപ്പെടുന്നത് ജൂനിയർ ബ്രൂസ്‌ലി എന്നാണ്.


ജപ്പാനിലെ നാറാ സ്വദേശിയായ ഇമായ് എങ്ങനെ ഇത്രയേറെ വർക്ക്ഔട്ട് പ്രേമിയായി എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം മാതാപിതാക്കൾ പറയേണ്ടി വരും. കാരണം വളരെ ചെറിയ പ്രായത്തിൽ തന്നെ അവരാണ് മകന് ബ്രൂസ്‌ലിയുടെ വിഡിയോകൾ കാണിച്ചു കൊടുത്തിരുന്നത്. കൃത്യമായി പറഞ്ഞാൽ ഒരു വയസ് മുതൽ ഇത്തിരിക്കുഞ്ഞൻ ഇമായ് ബ്രൂസ്‌ലിയുടെ വിഡിയോകളുടെ ആരാധകനായി.

ഭക്ഷണം കഴിക്കാനും വാശി മാറ്റാനും വേണ്ടിയാണു മാതാപിതാക്കൾ തുടക്കത്തിൽ വിഡിയോകൾ കാണിച്ചിരുന്നത്. എന്നാൽ പിന്നീട് അത് അവനു ശീലമായി മാറി. രണ്ടര വയസ് പ്രായമായപ്പോഴേക്കും ബ്രൂസ്‌ലി കാണിക്കുന്ന ശാരീരിക ചലനങ്ങൾ ഇമായ് അനുകരിച്ചു തുടങ്ങി. അപ്പോഴാണ് മാതാപിതാക്കൾ മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത്. കക്ഷിക്ക് കളിപ്പാട്ടങ്ങളുമായി കൂട്ടുകൂടാനും കളിക്കാനും ഒന്നും വലിയ താല്പര്യമില്ല. വർക്ക് ഔട്ട് ചെയ്യാനും ബ്രൂസ്‌ലിയെ അനുകരിക്കാനുമാണ് താല്പര്യം.

എന്നാൽ കടുത്ത വർക്ക് ഔട്ടുകൾ ചെയ്യാനുള്ള പ്രായമായിട്ടില്ല എന്നതിനാൽത്തന്നെ തുടക്കത്തിൽ മാതാപിതാക്കൾ ഇതത്ര പ്രോത്സാഹിപ്പിച്ചില്ല. എന്നിരുന്നാലും ഇമായ് തന്റേതായ രീതിയിൽ വർക്ക് ഔട്ടുകൾ ചെയ്തു. എല്ലാം വിഡിയോകൾ നോക്കിക്കൊണ്ട് തന്നെ. നാല് വയസ് തികഞ്ഞപ്പോൾ മാതാപിതാക്കൾ ഇമായ്ക്ക് ഔദ്യോഗികമായ പരിശീലനം നൽകാൻ തയ്യാറായി.


എന്നാൽ പരിശീലകനെ പോലും ഞെട്ടിക്കുന്ന പ്രകടനമാണ് ഇമായ് കാഴ്ചവച്ചത്. അന്നു തുടങ്ങിയ പരിശീലനം ഇന്നും ഇമായ് തുടരുന്നു. അന്നും ഇന്നും എന്നും മനസ്സിൽ ആയോധനകലയുടെ രാജാവായ ബ്രൂസ്‌ലി മാത്രമാണുള്ളത്. ഇപ്പോൾ സിക്സ് പാക്കിന് പുറമെ ശരീരമാകെ മസിലുകളും വളർന്നിട്ടുണ്ട്. ആയോധനകലാരംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്ക് ഒരു അത്ഭുതമാണ് ഈ ബാലൻ.

ദിവസവും സ്‌കൂളിൽ പോകുന്നതിനു മുൻപായി നാലു മണിക്കൂറാണ് ഇമായ് വർക്ക് ഔട്ട് ചെയ്യുന്നു. പുഷപ്പും ക്രഞ്ചസും പുള്ളപ്പും ബർഫിയുമെല്ലാം ഈ മിടുക്കന് കുട്ടിക്കളി മാത്രമാണ്. ഇമായ്ക്ക് ആയോധനകലകളോടുള്ള പ്രിയം ജന്മനാ കിട്ടിയതാണെന്നാണ് അമ്മയുടെ പക്ഷം. കുങ് ഫു, കരാട്ടെ, എന്നിവയിൽ ഇമായ് ഒരു പോലെ പരിശീലനം നേടിക്കഴിഞ്ഞു. നഞ്ചക് പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇമായ് ഫെയ്സ്ബുക്കിലെയും താരമാണ്. ബ്രൂസ്‌ലിയെ പോലെയാകണം എന്ന ആഗ്രഹം മൂലമാണ് താനിതെല്ലാം പഠിച്ചതെന്ന് ഇമായ് പറയുന്നു. ഈ മിടുക്കൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രചോദനമാണെങ്കിലും ഇവന്റെ കസർത്തുകൾ പരിശീലനമില്ലാതെ അനുകരിക്കരുതെന്നേ കുട്ടികളോട് പറയാനാകൂ.

വിഡിയോ കാണാം