പിറന്നാള്‍ ദിനത്തിൽ പൊന്നോമനയുടെ ചിത്രം പങ്കുവച്ച് അസിൻ!, Birthday, Asin, Daughter, Arin,Social Post,Manorama Online

പിറന്നാള്‍ ദിനത്തിൽ പൊന്നോമനയുടെ ചിത്രം പങ്കുവച്ച് അസിൻ !

അസിനെപ്പോലെ തന്നെ ആരാധകർക്ക് മകൾ അരിനും പ്രിയപ്പെട്ടവളാണ്. വളരെ അപൂർവമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ. ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞുരാജകുമാരിയുടെ ചിത്രം ആദ്യമായി ഇവർ പുറത്തുവിട്ടത്. കുഞ്ഞിന്റെ ചിത്രവും പേരും ആദ്യമായി ആരാധകർക്കായി പങ്കുവച്ചതും അന്നാണ്. ഒരു വർഷമാണ് ആ സുന്ദരിക്കുട്ടിയെ ഒരു കാമറക്കണ്ണുകൾക്കും പിടികൊടുക്കാതെ അസിനും രാഹുലും കാത്തത്. വിവാഹശേഷം അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരെ അറിയിക്കാറുണ്ട്.

പൊന്നോമനയുടെ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് അസിൻ! താരപുത്രിയുടെ രണ്ടാം പിറന്നാളിനാണ് അസിൻ മകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏറെ ഇഷ്ടമുള്ള നീല നിറത്തിലാണ് പിറന്നാൾകുട്ടിയുടെ ഡ്രസും അലങ്കാരങ്ങളുമെല്ലാം. അക്വാ തീമിലൊരുക്കിയിരിക്കുന്ന വേദിയുടെ പശ്ചാത്തലത്തിൽ ഡോൾഫിൻ മാതൃകകളും നീല ബലൂണുകളും കാണാം. നീരാളി രൂപങ്ങളുള്ള കസ്റ്റമെയ്ഡ് കേക്കാണ് മകൾക്കായി അസിൻ ഒരുക്കിയിരിക്കുന്നത്.

നടി രവീണ ടണ്ഠന്‍ അരിന് പിറന്നാള്‍ ആശംസകൾ അറിയിച്ച് ഇങ്ങനെ കുറിച്ചു Happy birthday my dearest darling Arin! Love Raveena masi. മുൻപ് രവീണ ടണ്ഠന്‍ സമ്മാനിച്ച ഒരു ടോയ് കാറിൽ ഇരിക്കുന്ന കുഞ്ഞ് അരിന്റെ ക്യൂട്ട് ചിത്രങ്ങൾ അസിൻ സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തിരുന്നു.

പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. വിവാഹ ശേഷം ഭർത്താവിനോടൊപ്പം ദില്ലിയിലാണ് അസിൻ താമസം. കഴിഞ്ഞ ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമൊക്കെയിട്ട്് അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞ് അരിന്റെ ഫോട്ടോയും ഇവർ പങ്കുവച്ചിരുന്നു.