ഫോറൻസിക്കിലെ റൂബനെ കണ്ട ആ കുഞ്ഞാവ എന്റെ അടുത്ത് വരാൻ പേടിച്ചു!, Arunamshu Dev, actor Ruben Elias, Forensic movie, Interview, kidsclub Manorama Online

ഫോറൻസിക്കിലെ റൂബനെ കണ്ട ആ കുഞ്ഞാവ എന്റെ അടുത്ത് വരാൻ പേടിച്ചു!

ലക്ഷ്മി നാരായണൻ

അരുണാംശു ദേവ്, മലയാള സിനിമക്ക് കോഴിക്കോടൻ മണ്ണ് നൽകിയ സമ്മാനം. ഫോറൻസിക് എന്ന ചിത്രത്തിലെ സൈക്കോ ആയ റൂബൻ എന്ന ബാലന്റെ വേഷത്തിൽ ആസ്വാദകരെ പിടിച്ചിരുത്തുന്ന അഭിനയം കാഴ്ചവച്ച മിടുക്കനാണ് അരുണാംശു ദേവ്. പേര് പോലെ തന്നെ വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തിയ അരുണാംശു ദേവ് വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ട ദേവൂട്ടനാണ്. അഭിനയം ജീവിതത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്ന, പഠനത്തോടൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടു പോകാൻ ആഗ്രഹിക്കുന്ന അരുണാംശു ദേവിന് തന്റെ കഴിവ് തെളിയിക്കുന്നതിനായി വീണു കിട്ടിയ അവസരമായിരുന്നു റൂബൻ എന്ന കഥാപാത്രം. അതിനാൽ തന്നെ ഈ കഥാപാത്രം ദേവൂട്ടന്റെ ജീവിതത്തെ ഫോറൻസിക്കിന് മുൻപും ശേഷവും എന്ന രീതിയിൽ രണ്ടായി പകുത്തിരിക്കുന്നു.അഭിനയ ജീവിതത്തിലെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് അരുണാംശു ദേവ്...

അഭിനയ ജീവിതത്തിലേക്ക്....
ക്യാപ്റ്റൻ എന്ന ചിത്രത്തിലൂടെയാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. ചെറുപ്പം മുതൽ അഭിനയത്തോടു താല്പര്യം ഉണ്ടായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്. എന്റെ പാപ്പൻ ഫിലിം ഇൻഡസ്ട്രിയിൽ മേക്കപ്പ് അസിസ്റ്റന്റ് ആണ്. പാപ്പനാണ് എന്നെ ആദ്യമായി സിനിയിലേക്ക് എത്തിക്കുന്നത്. ക്യാപ്റ്റനു ശേഷം ചിൽഡ്രൻസ് പാർക്ക് എന്ന സിനിമയാണ് ചെയ്തത്. അതിനു ശേഷമാണു ടോവിനോ ചേട്ടന്റെ ഫെസ്‌ബുക്ക് പേജിൽ പുതുമുഖങ്ങളെ ചോദിച്ചുകൊണ്ടുള്ള ഫോറൻസിക്കിന് വേണ്ടിയുള്ള പരസ്യം കാണുന്നത്. അങ്ങനെ അപേക്ഷിച്ചു. ഏകദേശം 8000 കുട്ടികൾ ഉണ്ടായിരുന്നു. അതിൽ നിന്നാണ് എനിക്ക് അവസരം ലഭിക്കുന്നത്.
ഫോറൻസിക്കിലേക്കുള്ള വഴി...
ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഫോറൻസിക്കിന്റെ ഓഡിഷന് വേണ്ടി ചെന്നത്. കൊച്ചിയിൽ ആയിരുന്നു ഓഡിഷൻ. അവിടെ ചെന്നപ്പോൾ 8000 ൽ പരം കുട്ടികൾ ഉണ്ട്. അതിൽ നിന്നും മൂവായിരത്തോളം കുട്ടികളെ സോർട്ട് ചെയ്തു. പിന്നെയും ഗ്രൂമിംഗിനായി കുറച്ചു കുട്ടികളെ മാത്രം തെരെഞ്ഞെടുത്തു. അങ്ങനെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞാൽ റൂബൻ എന്ന കഥാപാത്രം എന്നിലേയ്ക്ക് എത്തി ചേരുന്നത്. ഗ്രൂമിംഗ് വേളയിൽ തന്നെ കഥാപാത്രത്തിന്റെ സ്വഭാവത്തെ പറ്റി പറഞ്ഞു തന്നിരുന്നു.

ചലഞ്ചിംഗ് ആണ് റൂബൻ...
റൂബൻ എന്ന കഥാപാത്രം മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണെന്നും സൈക്കോ പ്രശ്നമാണ് ഉള്ള കുട്ടിയാണ് എന്നും ഡയറക്ടേഴ്സ് ആയ അഖിൽ പോൾ അങ്കിളും അനസ് അങ്കിളഉം പറഞ്ഞിരുന്നു. റൂബൻ അധികം സംസാരിക്കാത്ത വ്യക്തിയാണ്. എന്നാൽ ഞാനാണെങ്കിൽ വായ തുറന്നാൽ അടക്കുകയുമില്ല. അതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ ചലഞ്ച്. പിന്നെ സെറ്റിൽ എല്ലാവരും നല്ല പിന്തുണയായിരുന്നു. തെറ്റുപറ്റിയാൽ പറഞ്ഞു തരും. പ്രോത്സാഹനവുമായി കൂടെ ഉണ്ടാകും. അതെല്ലാം കൊണ്ടാണ് റൂബൻ എന്ന കഥാപാത്രത്തിലേക്ക് വേഗത്തിൽ മാറാൻ എനിക്കായത് .

സെറ്റ് ഒരു വീട് പോലെ ...
ഏകദേശം 38 ദിവസത്തെ ഷൂട്ടിംഗ് ആണ് എനിക്കുണ്ടായിരുന്നത്. അതിനാൽ വീട് വിട്ട് നിൽക്കുന്നതിന്റെ വിഷമം കുറച്ചുണ്ടായിരുന്നു. എന്നാൽ സെറ്റിൽ എത്തി ഏതാനും ദിവസം കഴിഞ്ഞതോടെ അതെല്ലാം പോയി. ടോവി ചേട്ടൻ, മമത ചേച്ചി, പ്രതാപ് പോത്തൻ അങ്കിൾ ഇവർ എല്ലാം നല്ല കൂട്ടും പ്രോത്സാഹനവുമായിരുന്നു. എന്റെ ആദ്യ ഷോട്ട് കഴിഞ്ഞ ഉടനെ എല്ലാവരും വന്നു എന്നെ പ്രോത്സാഹിപ്പിച്ചതോടെ എന്റെ ആത്മവിശ്വാസം ഇരട്ടിച്ചു.
ആ വാവ അതോടെ മിണ്ടാതെയായി...
കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിയത്. നാട്ടിലുള്ളവരും സ്‌കൂളിലെ കൂട്ടുകാരും അധ്യാപകരുമെല്ലാം നല്ല പോലെ പ്രോത്സാഹിപ്പിച്ചു. ദേവൂട്ടൻ റൂബൻ ആയപ്പോൾ ഉണ്ടായ മാറ്റം വിശ്വസിക്കാൻ ആവുന്നില്ലെന്നു പലരും പറഞ്ഞു. പ്രതികരണങ്ങളുടെ കൂട്ടത്തിൽ കിട്ടിയ ഏറ്റവും മികച്ച പ്രതികരണം അയൽവാസിയായ രണ്ടര വയസുകാരന്റേതാ യിരുന്നു. ദേവൂട്ട എന്ന് വിളിച്ച് എന്നെ കാണുമ്പോൾ ഓടിവരുന്ന അവൻ സിനിമ കണ്ട ശേഷം എന്റെ അടുത്ത് വരാതെയായി. റൂബൻ എന്ന കഥാപാത്രം അവനെ ഭയപ്പെടുത്തി എന്നതാണ് വാസ്തവം. അത് എന്റെ കഥാപാത്രത്തിന്റെ വിജയമായി ഞാൻ കാണുന്നു.

അച്ഛമ്മയാണ് താരം
വീട്ടിൽ നിന്നും വളരെ മികച്ച പ്രോത്സാഹനമാണ് എനിക്ക് ലഭിക്കുന്നത്. അച്ഛനും അമ്മയും ചേച്ചിയും അച്ഛമ്മയുമാണ് വീട്ടിലുള്ളത്. ഇതിൽ അച്ഛമ്മയുടെ കാര്യമാണ് എടുത്ത് പറയേണ്ടത്. എന്നെ ബിഗ് സ്‌ക്രീനിൽ കാണാൻ ഏറ്റവും താല്പര്യം അച്ഛമ്മയ്ക്കാണ്. ഷൂട്ടിംഗ് സമയത്തൊക്കെ എനിക്ക് കൂട്ട് വന്നിരുന്നത് പോലും അച്ഛമ്മയാണ് .

ഡോക്ടർ ആവണം, ഒപ്പം അഭിനയവും
അഭിനയം എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു മേഖലയാണ്. എന്നു കരുതി അത് മാത്രമല്ല കാര്യം. എനിക്ക് നന്നായി പഠിച്ച് ഒരു ഡോക്ടർ ആകണം. ഇനി ഞാൻ എട്ടാം ക്ലാസിലേക്കാണ്. നന്നായി പഠിക്കണം, അതിന്റെ ഒപ്പം അഭിനയവും കൊണ്ടു പോകണം. അതാണ് ആഗ്രഹം. നല്ല കഥാപാത്രങ്ങൾ ഭാവിയിൽ ലഭിക്കാൻ പ്രാർത്ഥിക്കുന്നു.