മെസ്സിയുടെ

മെസ്സിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർ തെരഞ്ഞത് ഈ ആറ് വയസുകാരനെ !

അർജന്റീനിയൻ ഫുട്‌ബോൾ താരം ലയണൽ മെസ്സി കഴിഞ്ഞ ദിവസം തന്റെ 33 ആം പിറന്നാൾ ആഘോഷിച്ചപ്പോൾ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആരാധകർ തെരഞ്ഞത് ആറ് വയസുകാരനായ ഇറാനിയൻ ബാലൻ ആരത് ഹൊസൈനിയെ. പ്രായത്തെ വെല്ലുന്ന ഫുട്‌ബോൾ കിക്കുകളാണ് ആരതിനെയും മെസ്സിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക ഘടകം. അസാധ്യമെന്ന് ആർക്കും തോന്നിക്കുന്ന രീതിയിൽ അസാമാന്യ മെയ്‌വഴക്കത്തോടെ കിക്കുകൾ ചെയ്താണ് ആരത് കൊറോണ കാലഘട്ടത്തിൽ ജനശ്രദ്ധ നേടിയത്.

ഫുട്‍ബോൾ, ജിംനാസ്റ്റിക്സ് എന്നിവയിൽ ഒരേ പോലെ തിളങ്ങുന്ന ആരത് ഇൻസ്റ്റാഗ്രാമിലെ സൂപ്പർസ്റ്റാർ ആയിരിക്കുന്നത് തന്റെ സിക്സ് പാക്ക് ശരീരത്തിന്റെ പേരിലാണ്. ചെറുപ്പം മുതൽ ജിംനാസ്റ്റിക്സിനോട് പ്രത്യേക താല്പര്യം കാണിക്കുന്ന ആരതിനെ പിതാവ് തന്നെയാണ് കളിക്കളത്തിൽ പരിശീലിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ പിതാവാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ആരത് ഹൊസൈനിയുടെ ചിത്രങ്ങളാണ് ഈ ബാലന് ജനശ്രദ്ധ നേടിക്കൊടുത്തത്.


സിക്സ് പാക്ക് ശരീരവും ബൈസെപ്സും ഈ പ്രായത്തിൽ ഉള്ളവർക്ക് അപൂർവ്വമാണ് എന്നുതന്നെ പറയാം. ഫുട്ബോളിൽ കമ്പമുള്ള ആരത് ജനിച്ചത് ഇറാനിലാണെങ്കിലും ഇപ്പോൾ താമസിക്കുന്നത് ലിവർ പൂളിലാണ്. ലിവർപൂൾ എഫ് സി യിൽ ചേർന്ന് ഫുട്ബോൾ പരിശീലനം നേടുന്നതിനാണ് ഇവിടെ താമസമാക്കിയിരിക്കുന്നത്. മെസിയുടെ കിക്കുകളോട് സാമ്യമുള്ള രീതിയിൽ ഫുട്‍ബോൾ കളിക്കുന്നതിനാൽ തന്നെ ജൂനിയർ മെസ്സി എന്ന് പേരിട്ടാണ്‌ ആരാധകർ ഈ കൊച്ചു മിടുക്കൻ വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും ശക്തനായ ആറുവയസ്സുകാരൻ എന്നാണ് ആരത് അറിയപ്പെടുന്നത്.

നാല് മില്ല്യണിൽ അധികം വരുന്ന ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ ഈ മിടുക്കന് ഉള്ളത്. മൂന്നു വയസുമുതൽ ആരത് മാധ്യമങ്ങളിലെ താരമാണ്. മൂന്നു വയസ്സുള്ളപ്പോൾ വീടിന്റെ ചുമരുകൾ കയറുന്ന വിഡിയോയിലൂടെയാണ് ആരത് ആദ്യമായി ലോക ശ്രദ്ധ ആകർഷിക്കുന്നത്. നാലാം വയസ് മുതൽ ഫുട്‌ബോളിലായി ശ്രദ്ധ. ഇതിനിടയ്ക്ക് സിക്സ് പാക്ക് കാണിച്ച് നിൽക്കുന്ന ഈ മിടുക്കന്റെ നീണ്ട മുടികാരണം പെൺകുട്ടിയെന്ന് പലരും തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.


ആളുകൾ മെസ്സിയെ പോലെ മിടുക്കൻ എന്നൊക്കെ പറഞ്ഞാലും ലോക ഫുട്ബോൾ സൂപ്പർസ്റ്റാറായ ക്രിസ്റ്റിനോ റോണാൾഡോയാണ് ആരത്തിന്റെ ആരാധനാ താരം. റോണാൾഡോയെ പോലെ ആകുക എന്നതാണ് ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നത്തിലേക്ക് എത്തുന്നതിനായി കഠിന പരിശ്രമം നടത്തുകയാണ് ആരത്. തുടക്കകത്തിൽ ദിവസം 30 മിനുട്ട് ആയിരുന്നു ജിംനാസ്റ്റിക് പരിശീലനം. ഇപ്പോൾ സമയം കൂട്ടിവരുന്നു. സങ്കീർണ്ണമായ പോസുകൾ ഉൾപ്പടെ ജിംനാസ്റ്റിക്സിലെ പല പോസുകളും ഇന്ന് എളുപ്പത്തിൽ ചെയ്യാൻ ഈ മിടുക്കനാകും. .