മുത്തച്ഛനെ കുസൃതി കാട്ടി കയ്യിലെടുത്ത് ആരാധ്യക്കുട്ടി!, Amitabh Bahchan, Aaradhya, Manorama Online

മുത്തച്ഛനെ കുസൃതി കാട്ടി കയ്യിലെടുത്ത് ആരാധ്യക്കുട്ടി!‍

അമ്മയ്ക്കൊപ്പം സുന്ദരിക്കുട്ടിയായി ഒരുങ്ങി മടക്കാൻ മാത്രമല്ല കുസൃതി കാട്ടി മുത്തച്ഛനെ മയക്കാനും ആരാധ്യക്കുട്ടിക്കറിയാം. മുത്തച്ഛന്റെ എഴുത്തു മേശയിലെത്തി അവിടെയാകെ അലമ്പാക്കുക ആരാധ്യയുടെ സ്ഥിരം പണിയാണത്രേ. ഇത് പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല സാക്ഷാൽ അമിതാബ് ബച്ചൻ തന്നെയാണ്. ആരാധ്യ തന്റെ മേശപ്പുറമൊക്കെ അലങ്കോലമാക്കുമെങ്കിലും താൻ ആ കുസൃതിയൊക്കെ നന്നായി ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

തന്റെ എഴുത്തുമേശയിലെത്തി അവിടെയിരിക്കുന്ന പേനയൊക്കെ എടുത്ത് ഓരോന്നെഴുതാനും ലാപ്ടോപ്പിൽ കുത്തിക്കളിക്കാനും ഈ കുറുമ്പിക്ക് വല്യ ഇഷ്ടമാണത്രേ. താനിതൊക്കെ നന്നായി ആസ്വദിക്കുകയാണെന്നും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണിതെന്നും അദ്ദേഹം പറയുന്നു.

അമിതാബ് ബച്ചന് മൂന്ന് കൊച്ചു മക്കളാണുള്ളത്. മകൾ ശ്വേതയ്ക്ക് നവ്യ നവേലി എന്ന മകളും അഗസ്ത്യ എന്ന മകനുമാണുള്ളത്. പിന്നെ മകൻ അഭിഷേകിന്റേയും ഐശ്വര്യയുടേയും ഏക മകൾ ആരാധ്യയും. തനിക്കിവരെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. കുഞ്ഞു ആരാധ്യയും മുത്തച്ഛൻ അമിതാഭ് ബച്ചനുമൊത്ത ആ മനോഹരമായ ചിത്രങ്ങൾ ഐശ്വര്യ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. തന്റെ ടിയാര ഹെയർ ബാന്‍ഡ് മുത്തച്ഛന്റെ തലയിൽ വച്ചിട്ട് കുസൃതിച്ചിരിയുമായി നിൽക്കുന്ന ആരാധ്യയുടെ ചിത്രം മുന്‍പ് ബച്ചൻ തന്റെ പേജിൽ പങ്കുവച്ചിരുന്നു.