അല്ലു അർഹയുടെ ക്യൂട്ട് പിറന്നാൾ ചിത്രങ്ങൾ

താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾക്കും ചിത്രങ്ങൾക്കും ഒക്കെ വലിയ സ്വീകാര്യതയാണ്. എന്നാൽ പല താരങ്ങളും തങ്ങളുടെ മക്കളെ ലൈംലൈറ്റിൽ നിർത്താൻ ആഗ്രഹിക്കാത്തവരാണ്. അപൂർവം ചിലർ മാത്രമാണ് തങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്. എന്നാൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്‍ തന്റെ കുടുംബ വിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പോസ്റ്റു ചെയ്യാറുണ്ട്.

അല്ലു അർജ്ജുന്റെ രണ്ടാമത്തെ കണ്മണിയുടെ രണ്ടാം പിറന്നാൾ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. മകളുടെ പിറന്നാൾ ആഘോഷത്തിന്റെ മനോഹര ചിത്രങ്ങളാണ് അല്ലു ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. അല്ലു അർഹയുടെ ക്യൂട്ട് ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 2016 നവംബറിലാണ് അല്ലു അര്‍ജ്ജുനും ഭാര്യ സ്‌നേഹ റെഡ്ഡിക്കും ഒരു സുന്ദരിക്കുട്ടി പിറന്നത്.

അല്ലു അർഹ എന്നാണ് അവർ മകളെ വിളിച്ചത്. ഒരു പെണ്‍കുഞ്ഞിനെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഒരു മകനും മകളുമായി ഇതില്‍ കൂടുതല്‍ അനുഗ്രഹം വേറെയൊന്നുമില്ലെന്നും താന്‍ ഭാഗ്യവാനാണെന്നുമായിരുന്നു കുഞ്ഞ് ജനിച്ചപ്പോൾ അല്ലു ട്വിറ്ററില്‍ കുറിച്ചത്. അല്ലുവിനും സ്‌നേഹയ്ക്കുമായി അല്ലു അയാന്‍ എന്ന് പേരുള്ള ഒരു മകനുമുണ്ട്. 2011 ലായിരുന്നു ഇരുവരുടെയും വിവാഹം.

അല്ലു അർജുന്‍ മകൻ അയാന്റെ പിറന്നാൾ ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ട താമസം അവ വൈറലായിരുന്നു. 'പ്രിയകൂട്ടുകാരന് പിറന്നാൾ ആശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് അല്ലു ചിത്രങ്ങൾ അന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അയാന്റെ നാലാം പിറന്നാളായിരുന്നു കഴിഞ്ഞത്.