അച്ഛൻ ശരിക്കും അഭിനയിക്കുവോ; വൈറലായി അക്കിയുടേയും മകളുടേയും ടിക് ടോക്

അക്ഷയ് കുമാർ വലിയ അവാർഡുകളൊക്കെ കിട്ടിയ നടനൊക്കെത്തന്നെ, പക്ഷേ കുഞ്ഞു നിതാരയ്ക്ക് അതത്ര വിശ്വാസം പോരെന്നു തോന്നും ഈ വിഡിയോ കണ്ടാൽ. ബോളിവുഡ് നടൻ അക്ഷയ് കുമാറും മകൾ നിതാരയുമൊത്തുള്ള ഒരു കിടിലൻ ടിക്ടോക് വിഡിയോ ശ്രദ്ധേയമാകുകയാണ്. ആറു വയസ്സുകാരി നിതാരയുടെ ആവശ്യാനുസരണം അക്ഷയ് കുമാർ പല ഭാവങ്ങൾ അഭിനയിച്ചു കാണിക്കുന്ന ഈ വിഡിയോ അക്ഷയ് തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകളുടെ കുസൃതിയ്ക്കൊപ്പം കൂടുന്ന ഈ സൂപ്പർ ഡാഡാണിപ്പോൾ താരം. അച്ഛന്‍ വല്യ സൂപ്പർസ്റ്റാറൊക്കെ ആണെങ്കിലും കുഞ്ഞ് നിതാരയ്ക്കൊരു സംശയം ശരിക്കും അഭിനയിക്കാനൊക്കെ അറിയാമോയെന്ന്. രണ്ട് മൂന്ന് ഭാവങ്ങൾ അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയാണ് നിതാര. പറയേണ്ട താമസം അച്ഛൻ നല്ല കിടു അഭിനയമങ്ങ് പാസാക്കി. സന്തോഷവും സങ്കടവുമൊക്കെ നല്ല കിടിലനായാണ് അക്ഷയ് നിതാരയ്ക്ക് കാണിച്ചു കൊടുക്കുന്നത്. ഏറ്റവും ഒടുവിലായി നല്ല കരച്ചിൽ അഭിനയവുമുണ്ട്.

അച്ഛന്റേയും മകളുടേയും വിഡിയോയ്ക്ക് നിമിഷംപ്രതി ആരാധകരേറുകയാണ്. അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിളിനും രണ്ട് കുട്ടികളാണ്, ആരവും നിതാരയും. പറ്റുന്ന സന്ദർഭങ്ങളിലൊക്കെ കുട്ടികൾക്കൊപ്പമുണ്ടാകുക, അവരുമായി ഒന്നു കളിക്കാനോ നടക്കാനോ പോകുക പതിവാണ് ഇവർക്ക്. ‌ നിതാരയ്ക്കൊപ്പമുള്ള പുസ്തക വായന അക്ഷയ് ഏറ്റവും ആസ്വദിക്കുന്ന ഒന്നാണ്. അവർക്ക് കഥകൾ വായിച്ചു കൊടുക്കാനും പുതിയ വാക്കുകളും അവയുടെ അർഥവുമൊക്കെ പഠിപ്പിക്കാനും ഈ സൂപ്പർ അച്ഛൻ സമയം കണ്ടെത്താറുണ്ട്. കുട്ടികൾക്കൊപ്പമുള്ള ഈ വായന തനിക്കേറെ ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു.