വിദ്യാർഥികൾക്ക് മാതൃകയായി വീണ്ടും അജിത ടീച്ചർ !, Ajitha teacher, San Jose school inspire students, Agriculture, Kidsclub, Manorama Online

വിദ്യാർഥികൾക്ക് മാതൃകയായി വീണ്ടും അജിത ടീച്ചർ !

നിധി

കഴിഞ്ഞ എട്ടുവർഷമായി ഒരിക്കൽ പോലും ജോലിയിൽ നിന്നും അവധി എടുക്കാത്ത അധ്യാപിക എന്ന നിലയിൽ പ്രശ്സതയായ അജിത ടീച്ചറെ ഓർമയില്ലേ. തന്റെ വിദ്യാർഥികളോടുള്ള ആത്മാർഥത കൊണ്ട് ശ്രദ്ധനേടിയ ഈ അധ്യാപിക ഈ കൊറോണക്കാലത്ത് വീണ്ടും മാതൃകയാകുകയാണ്. സ്കൂളില്ലാതെ കുട്ടികളെ എങ്ങനെയാണ് പഠിപ്പിക്കുക? അവരെ പാഠഭാഗങ്ങൾ മാത്രം പഠിപ്പിച്ചാൽ മതിയോ? പോരെന്ന് പറയുകയാണ് അജിത ടീച്ചർ. ഈ അവധിക്കാലം അങ്ങനെ പാഴാക്കിക്കളയാൻ ഈ അധ്യാപിക ഒരുക്കമല്ലായിരുന്നു. പണ്ടു മുതലേ താല്പര്യമുണ്ടായിരുന്ന കൃഷിയിലേയ്ക്കാണ് ടീച്ചർ ഇത്തവണ കടന്നിരിക്കുന്നത്.

നാല് വർഷത്തോളമായി തന്റെ വീട്ടുമുറ്റത്ത് അത്യാവശ്യം പച്ചക്കറികളും മറ്റും വളർത്തുകയാണിവർ. കടുകു മുതൽ ഏലം വരെ ടീച്ചറുടെ വീട്ടുമുറ്റത്ത് വിളയുന്നു. തന്റെ കൃഷിയും വിളവെടുപ്പുമെല്ലാം വാട്സ്ആപ്പ് വഴി ശിഷ്യരെ അറിയിച്ചുകൊണ്ടിരിക്കും ഇവർ. അധ്യാപകർ ചെയ്യുന്നത് വിദ്യാർഥികൾക്ക് എന്നും മാതൃകയാണല്ലോ. അജിത ടീച്ചർ എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ പേജുമുണ്ട്. കൃഷിയുടേയും വിളവെടുപ്പിന്റേയുമൊക്കെ ചിത്രങ്ങൾ ഈ പേജിലാണ് പോസ്റ്റ് ചെയ്യുന്നത്.

പയർ, വെണ്ട, കപ്പ, കടുക്, ഏലം, കൂർക്ക, ചീര, വഴുതന, വെള്ളരി, തക്കാളി, കടല തുടങ്ങി നിരവധിയാണ് ടീച്ചറുടെ തോട്ടത്തിലെ വിളകൾ. ടീച്ചറിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വിദ്യാർഥികളും കൊറോണക്കാലത്ത് കൃഷിയിലേയ്ക്ക് കടന്നിരിക്കുകയാണ്. കൃഷി തനിക്ക് മാനസികസംതൃപ്തി മാത്രമല്ല ആരോഗ്യകരമായ ഒരു വ്യായാമവും കൂടിയണെന്നും ടീച്ചർ പറയുന്നു. കുട്ടികൾ തങ്ങൾ ചെയ്ത കൃഷിയുടേയും വിളകളുടേയും ചിത്രങ്ങൾ അയച്ചുകൊടുക്കുമ്പോൾ ഈ അധ്യാപികയുടെ മനസ് നിറയും. കൂടാതെ ഇന്നത്തെ ഈ സാഹചര്യത്തിൽ വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുക എന്നത് അത്ര ചെറിയ കാര്യവുമല്ല. കുട്ടികൾക്കു മാത്രമല്ല അധ്യാപകർക്കും മാതൃകയാകുകയാണ് അജിത ടീച്ചർ.

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അവധി എടുക്കാറില്ലായിരുന്നു, ആ ശീലമാണ് അധ്യാപികയായി ജോലി കിട്ടിയപ്പോഴും തുടർന്നു പോകുന്നത്. തന്നെ കാത്തിരിക്കുന്ന കുട്ടികൾക്ക് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഈ ടീച്ചർക്ക് നിർബന്ധമാണ്. കൊടുവേലി സാൻജോ സി.എം.ഐ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയാണിവർ.

അധ്യാപികയായിരുന്ന ഇത്രയും വർഷവും അജിത ടീച്ചർ അവധി എടുത്തിട്ടില്ല. അതിനാൽ ഒരോ വർഷവും സ്കൂള്‍ മാനേജ്മെന്റ് ടീച്ചറിന്റെ സേവനത്തിന് പ്രത്യേക പുരസ്കാരവും നൽകുന്നുണ്ട്. ഭർത്താവ് കൊടുവേലി വളനോടിയിൽ ജ്യോതിഷ് എം. ജോണ്‍.

അജിത ടീച്ചറുടെ സമൂഹമാധ്യമ പോസ്റ്റ്