മമ്മ പ്ലാന്റ് വെഷമിക്കണ്ടാട്ടോ, ബേബിയെ നന്നായി നോക്കിക്കോളാം

"മമ്മ പ്ലാന്റ് വെഷമിക്കണ്ടാട്ടോ, ബേബിയെ നന്നായി നോക്കിക്കോളാം"; കണ്മണിയുടെ ക്യൂട്ട് വിഡിയോ

നടി മുക്തയുടെ പൊന്നോമനയാണ് കണ്മണി എന്നു വിളിക്കുന്ന കിയാര. കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില ക്യൂട്ട് വിഡിയോകളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇത്തവണ ചെടി നടുന്ന ഒരു വിഡിയോയുമായാണ് ഈ മിടുക്കി എത്തിയിരിക്കുന്നത്. ചെടിച്ചട്ടിയിൽ നിൽക്കുന്ന ചെടിയോട് നിറയെ വർത്തമാനമൊക്ക പറഞ്ഞുകൊണ്ടാണ് ചെടി നടീൽ ആരംഭിക്കുന്നത്. 'അമ്മ പ്ലാന്റ് വെഷമിക്കണ്ടാട്ടോ, ബേബി പ്ലാന്റിനെ ഞാൻ നന്നായി നോക്കിക്കോളാം' എന്നു പറഞ്ഞ് അമ്മച്ചെടിയ്ക്ക് ഒരുമ്മയൊക്കെ നൽകിയാണ് അതിന്റെ കുഞ്ഞുചെടിയെ ചട്ടിയിൽ നിന്നും കണ്മണി എടുക്കുന്നത്.

എന്നിട്ട് ആ കുഞ്ഞുചെടിയെ വളരെ കരുതലോടെ മറ്റൊരു ചെടിചട്ടിയിലേയ്ക്ക് മാറ്റുകയാണ്. കണ്മണിക്കുട്ടി വളരെ ചെറുതായിരിക്കുമ്പോൾ ഇതുപോലെ ചെടിനടാൻ അമ്മമ്മയെ സഹായിക്കുന്ന ഒരു വിഡിയോ മുക്ത നേരത്തേ പങ്കുവച്ചിരുന്നു.

റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും മുക്തയുടേയും മകളായ കിയാര സോഷ്യൽ ലോകത്ത് താരമാണ്. അമ്മയ്ക്കും റിമി കൊച്ചമ്മയ്ക്കുമൊപ്പം പല വിഡിയോകളിലൂടേയും കൺമണിക്കുട്ടി സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്.

കണ്മണിയുടെ ഒരു പാചക വിഡിയോയും അമ്മയും മകളും ചേർന്ന് മാസ്ക് നിർമിക്കുന്ന ചിത്രങ്ങളും മുക്ത പങ്കുവച്ചിട്ടുണ്ട്. മുൻപ് "ഒന്നു വരാമോ ഈശോയേ...മേലേ മാനത്തെ ഈശോയേ" എന്ന പാട്ടുപാടി കിയാര താരമായിരുന്നു.

വിഡിയോ കാണാം