'ഇവനാണ് ആ വലിയ മനസ്സിന്റെ ഉടമ'; വിനയിന്റെ ചിത്രം പങ്കുവച്ച് ധനേഷ്!, Actor, Dhanesh, Vinay, Viral Post, Manorama Online

'ഇവനാണ് ആ വലിയ മനസ്സിന്റെ ഉടമ'; വിനയിന്റെ ചിത്രം പങ്കുവച്ച് ധനേഷ്!

ഓർമയില്ലേ ലോട്ടറി വിറ്റ് ജീവിതമാർഗം കണ്ടെത്തുന്ന വിനയ് എന്ന വിദ്യാർത്ഥിയെ. കഴിഞ്ഞ ദിവസമാണ് വിനയെ കുറിച്ചുള്ള നടൻ ധനേഷിന്റെ ഒരു പോസ്റ്റ് വൈറലായത്. ആ കുറിപ്പിലെ വരികൾ ഇങ്ങനെയായിരുന്നു. "അതേ ചേട്ടാ.. ഞാൻ ഒറ്റയ്ക്കാണേ ജീവിക്കുന്നെ. അച്ഛനേം അമ്മേനെയും പണ്ടേ നഷ്ടപ്പെട്ട് പോയി. അപ്പോൾ പ്രളയത്തിൽ കുടുംബക്കാരെ നഷ്ടപ്പെട്ടവരുടെ വെഷമം എനിക്കറിയാ.. ഞാൻ ജോലി ചെയ്യണുണ്ട്. ലോട്ടറി വിൽപ്പന.. അത് വെച്ചിട്ടാ പഠിക്കുന്നെ ഒക്കെ.. ഹനുമാൻ കോവിലിന്ന് 4 നേരം ഭക്ഷണം കിട്ടും. അതോണ്ട് കുഴപ്പം ഇല്ല. ഒരു മാസത്തെ പൈസ എന്റെ കയ്യിൽ ഉണ്ട്. അത് മതിയാകോ നമുക്ക് സാധനങ്ങൾ വാങ്ങാൻ.?" ഈ ചോദ്യത്തിലൂടെ നമ്മുടെ കണ്ണും മനസ്സും നിറച്ച വിനയിന്റെ ചിത്രം തന്റെ പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ധനേഷ്.

‘ഇന്നാണ് ഈ കൊച്ചനിയനെ കാണാൻ സാധിച്ചത്. കൂടുതൽ പരിചയപെട്ട് വന്നപ്പോൾ ഇവനോടുള്ള ബഹുമാനം കൂടുകയാണ്. അച്ഛനും അമ്മയും മരിച്ച ശേഷം ആന്റി ആയിരുന്നു നോക്കിയത്. കുറച്ചു കാലം കഴിഞ്ഞപ്പോൾ അവരും ഒഴിവാക്കി പോയി. അച്ഛന്റെയും അമ്മയുടെയും മുഖമൊന്നും ഓർമ്മ ഇല്ല. അവരുടെ ഫോട്ടോ പോലും ആന്റി കത്തിച്ചു കളഞ്ഞു’.– വിനയനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ധനേഷ് കുറിച്ചു.

ധനേഷിന്റെ കുറിപ്പ്
കൂടെ നിൽക്കുന്ന ആ കൊച്ചു പയ്യൻ ഇല്ലേ.. ഇവനാണ് ആ മിടുക്കൻ.. വിനയ്.. പ്ലസ് ടു കഴിഞ്ഞു.. അച്ഛനും അമ്മയും ആരും ഇല്ല. ലോട്ടറി വിൽപ്പനയിൽ നിന്നും കിട്ടുന്ന പൈസ കൊണ്ടാണ് പഠിക്കുന്നതും ജീവിക്കുന്നതും. പ്രളയം വന്ന സമയത്ത് ഒരു ഫോൺ കോളിലൂടെയാണ് വിനയനെ പരിചയപ്പെടുന്നത്. ജോലി ചെയ്തു കിട്ടിയ ഒരു മാസത്തെ പൈസ കയ്യിൽ ഉണ്ട് ചേട്ടാ.. നമുക്ക് അവരെ സഹായിക്കണേ; എന്ന് പറഞ്ഞ വലിയ മനസ്സിന്റെ ഉടമ.

ഇന്നാണ് ഈ കൊച്ചനിയനെ കാണാൻ സാധിച്ചത്. കൂടുതൽ പരിചയപെട്ട് വന്നപ്പോൾ ഇവനോടുള്ള ബഹുമാനം കൂടുകയാണ്. അച്ഛനും അമ്മയും മരിച്ച ശേഷം ആന്റി ആയിരുന്നു നോക്കിയത്. കുറച്ചു കാലം കഴിഞ്ഞപ്പോൾ അവരും ഒഴിവാക്കി പോയി. അച്ഛന്റെയും അമ്മയുടെയും മുഖമൊന്നും ഓർമ്മ ഇല്ല. അവരുടെ ഫോട്ടോ പോലും ആന്റി കത്തിച്ചു കളഞ്ഞു.

പ്രശ്നങ്ങൾക്ക് ഇടയിലും തളരാതെ പല ജോലികൾ ചെയ്തു. ഹോട്ടലിൽ ജോലി ചെയ്തു.. ലോട്ടറി വിൽപ്പന.. അഭിനയ മോഹം കൊണ്ട് ഒരുപാട് സിനിമ സെറ്റുകളിലും ഓഡീഷനുകളിലും പോയി. കൊച്ചിയിൽ നിന്നും ബോംബൈ വരെ പോയിട്ടുണ്ട് ചാൻസ് ചോദിച്ചു കൊണ്ട്. രണ്ട് മൂന്ന് സിനിമകളിൽ തല കാണിച്ചു. കുറെ സിനിമകൾ ചെയ്യണം നല്ല നടൻ ആകണം എന്നൊക്കെയാണ് ഈ മിടുക്കന്റെ ആഗ്രഹം.