അഞ്ചാം

അഞ്ചാം വയസിൽ യൂട്യൂബർ; കളിയും ചിരിയും വരുമാനവുമായി ആന്യ

ഇന്ന് വീട്ടിലിരുന്നു വരുമാനം കണ്ടെത്തുന്ന വഴികളിൽ മുൻപന്തിയിലാണ് യൂട്യൂബിന്റെ സ്ഥാനം. കൃത്യമായ ഇടവേളകളിൽ എത്തിക്കുന്ന വിഡിയോകളും അതിലൂടെ തേടിയെത്തുന്ന വരുമാനവും ധാരാളം യൂട്യൂബർമാരെ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ കളിപ്പാട്ടങ്ങളും കാർട്ടൂണുമായി കഴിയേണ്ട അഞ്ചു വയസ് പ്രായത്തിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നടത്തി വരുമാനം കണ്ടെത്തുന്ന ഒരു മിടുക്കിയുണ്ട്. പേര്, ആന്യ ജോഷി.

വടക്കേ ഇന്ത്യക്കാരിയായ ആന്യ ജോഷി, നൃത്തത്തിലും സംഗീതത്തിലുമെല്ലാം മികവ് തെളിയിച്ച മിടുക്കിയാണ്. ഈ മിടുക്ക് തന്നെയാണ് ആന്യയെ യുട്യൂബ് തുടങ്ങുന്നതിലേക്ക് എത്തിച്ചതും. മകളുടെ ചില ഡാൻസ് വിഡിയോകൾ കണ്ട് അമ്മയ്ക്ക് തോന്നിയ ആശ്യമായിരുന്നു കിഡ്സ് ഫൺ ലേണിംഗ് എന്ന യൂട്യൂബ് ചാനൽ. തുടക്കത്തിൽ വരുമാനമൊന്നും പ്രതീക്ഷിച്ചു തുടങ്ങിയ ചാനൽ അല്ല. എന്നാൽ അമ്മയുടെ ആശയത്തിനൊപ്പം അന്യയുടെ വാക്‌ചാതുരിയും കൂടി ചേർന്നതോടെ സംഗതി ഹിറ്റായി.

തുടക്കത്തിൽ ഡാൻസ് വിഡിയോകൾ ആന്യയുടെ പാട്ടുകൾ എന്നിവയാണ് ചാനലിലൂടെ കാണിച്ചിരുന്നത്. 2017 ൽ കിഡ്സ് ഫൺ ലേണിംഗ് ആരംഭിക്കുമ്പോൾ മൂന്നു വയസ്സാണ് ആന്യയുടെ പ്രായം. എന്നാൽ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ആന്യ കാഴ്ചവച്ചത്. തന്റെ കളിപ്പാട്ടങ്ങളെപ്പറ്റിയും ഇഷ്ടപ്പെട്ട വ്യക്തികളെപ്പറ്റിയുമെല്ലാം ചാനലിലൂടെ ആന്യ സംസാരിച്ചു. ഒപ്പം നൃത്ത കലാ പ്രകടനങ്ങളും.

അതോടെ ചാനലിന് സബ്സ്ക്രൈബർമാർ വർധിക്കാൻ തുടങ്ങി. മകളുടെ ഭാവിയെ കൂടി മുൻനിർത്തി, പിന്നീട് മാതാപിതാകകൾ യുട്യൂബ് ചാനലിനെ മറ്റൊരു തലത്തിലേക്ക് വളർത്താൻ തന്നെ തീരുമാനിച്ചു. ഒരു ചെറിയ കുട്ടി സമാന പ്രായക്കാരായ മറ്റ് കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഷോകളായിരുന്നു പ്രധാന ഉള്ളടക്കം. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ആന്യ ജോഷിയുടെ ചാനൽ ഹിറ്റായി.

നിലവിൽ 9.9 മില്യൺ സബ്സ്ക്രൈബർമാരാണ് ആന്യയുടെ കിഡ്സ് ഫൺ ലേണിംഗ് എന്ന ചാനലിന് ഉള്ളത്. ഇപ്പോൾ ചാനലിലൂടെ കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുക, കുട്ടികൾക്ക് പിന്തുടരാൻ പറ്റുന്ന ചെറിയ പാചകക്കുറിപ്പുകൾ പങ്കുവയ്ക്കുക, തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ ചെയ്യുന്നത്. ആന്യയ്ക്ക് ഒപ്പം കളിക്കുകയും പഠിക്കുകയും ചെയ്യുന്നതിനായാണ് ബഹുഭൂരിപക്ഷം ആളുകളും തങ്ങളുടെ കുട്ടികളെ ആന്യ ജോഷിയുടെ ചാനൽ കാണിക്കുന്നത്.

ഇന്ന് ഇന്ത്യയിൽ യുട്യൂബിൽ നിന്നും മികച്ച വരുമാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിൽ ഒരാളാണ് ആന്യ ജോഷി. ധാരാളം മാതാപിതാക്കൾ മക്കളുമായി യുട്യൂബ് ചാനൽ തുടങ്ങുന്നുണ്ട് എങ്കിലും പിന്തുടർച്ച ഇല്ലാതെ പോകുന്നതാണ് പല ചാനലുകളും പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുന്നതിനുള്ള കാരണമെന്ന് ആന്യ ജോഷിയുടെ വിജയകഥ സൂചിപ്പിക്കുന്നു.