ലോകത്തിലെ ഏറ്റവും ഭാരമുള്ള കുട്ടി കുറച്ചത് 96  കിലോ!

അമിതഭാരം എന്ന ശാരീരികാവസ്ഥയെത്തുടർന്നു ലോകശ്രദ്ധയാർജ്ജിച്ച ഇൻഡോനേഷ്യൻ ബാലൻ ആര്യ പെർമാണ പൊണ്ണത്തടിയിൽ നിന്നും കരകയറുന്നു. പത്തു വയസ്സ് പ്രായത്തിൽ കിടന്നിടത്ത് നിന്നും ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ 190  കിലോ ശരീരഭാരവുമായി ജീവിച്ചിരുന്ന ആര്യ ഏവരുടെയും കണ്ണ് നനയിച്ചിരുന്നു. അമിതമായ വിശപ്പ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയാണ് ആര്യയെ പൊണ്ണത്തടിയിലേക്ക് നയിച്ചത്. 

ശരീരഭാരം 190  കിലോ കടന്നതോടെ ആര്യയുടെ ആരോഗ്യസ്ഥിതി ആകെ മോശമായി. ശരീരത്തിന് യാതൊരു വ്യായാമവും ഇല്ല. പകൽ സമയങ്ങൾ മൊബൈലിൽ കളിക്കും, പൂളിലെ വെള്ളത്തിൽ മുങ്ങിക്കിടക്കും. ഭക്ഷണം കഴിക്കുന്നത് അഞ്ചു നേരം. മുതിർന്ന രണ്ടു മനുഷ്യർക്ക് ഒരു ദിവസം മുഴുവൻ കഴിക്കുന്നതിനാവശ്യമായ ഭക്ഷണമാണ് ആര്യ ഒരൊറ്റ നേരം കഴിച്ചിരുന്നത്. ഇതുകൊണ്ട് തന്നെ ആര്യയ്ക്ക് പലവിധ അസുഖങ്ങളും വന്നു തുടങ്ങി. 

ഏത് വിധേനയും തങ്ങളുടെ മകന്റെ ജീവൻ രക്ഷിക്കണം എന്ന ചിന്തയിലാണ് ആര്യയുടെ മാതാപിതാക്കൾ ആര്യയ്ക്ക് വിദഗ്ധ ചികിൽസ നല്കാൻ തീരുമാനിച്ചത്. ഇത് പ്രകാരം ആര്യയെ ജക്കാർത്തയിലെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ശരീരഭാരം അനാരോഗ്യകരമായ വിധത്തിൽ വർധിച്ചിരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. പെട്ടന്ന് ശരീരഭാശം കുറക്കാൻ ശസ്ത്രക്രിയ മാത്രമായിരുന്നു പ്രതിവിധി. 

എന്നാൽ ആര്യയുടെ പ്രായം അവിടെയും തടസ്സമായി. വണ്ണം കുറക്കുന്നതിനുള്ള ശാസ്ത്രക്രിയക്കാ വിധേയനാകുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു ആര്യ. വ്യായാമവും ഡയറ്റും  ആര്യയ്ക്ക് നടപ്പാവില്ല എന്ന ഘട്ടത്തിൽ സകല റിസ്കും ഏറ്റെടുത്തുകൊണ്ട് തന്നെ ശസ്ത്രക്രിയ നടത്തി. 2017  മെയ് മാസത്തിലായിരുന്നു ആദ്യത്തെ ശസ്ത്രക്രിയ. ഇതിലൂടെ 20  കിലോ ശരീരഭാരമാണ് കുറച്ചത്.

പിന്നീട് കടുത്ത ഡയറ്റും വ്യായാമവുമാണ് ആര്യക്ക് ഡോക്ടർമാർ വിധിച്ചത്. പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കാനേ ആര്യയ്ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ശസ്ത്രക്രിയ കഴിഞ്ഞശേഷം ഡയറ്റിലൂടെ 16  കിലോ കൂടി കുറഞ്ഞു. എന്നാൽ അതുകൊണ്ടൊന്നും ഒന്നുമായില്ല. നൂറു കിലോയിൽ താഴെ ശരീരഭാരം വരുന്നതിനായി ആര്യ ഇനിയും മെലിയണമായിരുന്നു. അങ്ങനെ ഡയറ്റ് വീണ്ടും കടുത്തതാക്കി.

ഇപ്പോഴിതാ ആര്യ 96  കിലോ ശരീരഭാരമാണ് കുറച്ചിരിക്കുന്നത്. നടക്കാനും ഓടാനും ചാടാനുമൊക്കെ ഇന്ന് ആര്യയ്ക്ക് കഴിയുന്നുണ്ട്. സ്‌കൂളിൽ പോകാനും സഹപാഠികളുടെ കൂടെ കളിക്കാനുമൊക്കെയായി ആര്യ ഇന്ന് വലിയ ഉത്സാഹം കാണിക്കുന്നുണ്ട്. ഇനിയും ഏറെ മെലിയണം എന്നതാണ് ആര്യയുടെ ആഗ്രഹം. എന്നിട്ട് വലുതാകുമ്പോൾ ഒരു ഫുട്ബാൾ താരമാകണം . ജീവിതം നഷ്ടപ്പെടും എന്ന് തോന്നിയയിടത്തു നിന്നും തിരിച്ചു പിടിച്ചതിന്ററെ സന്തോഷം ആ മുഖത്ത് കാണാം.