>നൂലുകെട്ടിന്റെ അന്ന് പരസ്യത്തിൽ അഭിനയം, ഒപ്പം ചേട്ടനും,  Neerav, Advertisement, Viral Video, Manorama Online

നൂലുകെട്ടിന്റെ അന്ന് പരസ്യത്തിൽ അഭിനയം, ഒപ്പം ചേട്ടനും

ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പട്ട ചടങ്ങാണല്ലോ നൂലുകെട്ട്. ജനിച്ചശേഷമുള്ള അവന്റെ ആദ്യത്തെ ആഘോഷവും അതുതന്നെയാകും. നൂലുകെട്ടും ബന്ധുക്കളുടെ സ്നേഹലാളനവും ഏറ്റുവാങ്ങി കടന്നുപോകുന്ന ഒരു ദിവസം. എന്നാൽ നൂലുകെട്ടിന്റെ അന്നുതന്നെ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുകയും പ്രതിഫലം കിട്ടുകയും ചെയ്താല്‍ എങ്ങനെയിരിക്കും. അങ്ങനെ അഭിനയിച്ച് താരമായിരിക്കുകയാണ് ഒരു കുഞ്ഞാവ.

കേശു എന്ന വിളിപ്പേരുള്ള നീരവ് വിനോദാണ് ഈ കുഞ്ഞുതാരം. കുഞ്ഞുവാവകൾ പരസ്യത്തിൽ അഭിനയിച്ചു തിളങ്ങുന്നത് സാധാരണ സംഭവമാണെങ്കിലും നൂലുകെട്ടു കഴിഞ്ഞ് അതേ ദിവസം പരസ്യത്തിൽ അഭിനയിച്ച് കേശു വരുമ്പോൾ അതത്ര സാധാരണ സംഭവമൊന്നുമല്ല. പോപ്പുലർ‌ വെഹിക്കിൾസിന്റെ പരസ്യത്തിലൂടെയാണു കുഞ്ഞികേശുവിന്റെ കിടിലൻ തുടക്കം.
പരസ്യചിത്രത്തിലെ അഭിനയത്തിന് വാവയ്ക്ക് നല്ലൊരു പ്രതിഫലവും കിട്ടി. നല്ല ഒന്നാന്തരമൊരു സ്വർണവള. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ‌ കലാഭവൻ മണിയുെട ഭാര്യയായി അഭിനയിച്ച നടി മനീഷയാണ് കേശുവിന്റെ അമ്മയായി പരസ്യ ചിത്രത്തിൽ അഭിനയിച്ചത്. കൂടാതെ കേശുവിന്റെ സഹോദരൻ അഞ്ചു വയസ്സുകരാൻ നിരഞ്ജനും ഈ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ വിനോദിന്റെയും ഭവ്യയുടെയും പൊന്നോമനകളാണ് നീരവും നിരഞ്ജനും.

വിനോദിന്റെ സുഹൃത്ത് വഴി നിരഞ്ജനാണ് ആദ്യം പരസ്യചിത്രത്തിലേക്ക് അവസരം ലഭിച്ചത്. നിരഞ്ജന്റെ കാസ്റ്റിങ്ങിനായി എത്തിയപ്പോഴാണ് കുഞ്ഞാവയ്ക്കും അവസരമൊരുങ്ങിയത്. പരസ്യത്തിന്റെ ഷൂട്ടും വീടിനടുത്തായപ്പോൾ പിന്നെ നൂലുകെട്ട് ദിനമല്ലേ എന്ന ചിന്ത പിന്തിരിപ്പിച്ചില്ല.

ജീവിത ബന്ധങ്ങളുടെ മൂല്യം മുൻനിർത്തിയുള്ളതാണ് പോപ്പുലർ വെഹിക്കിൾസിന്റെ പരസ്യം.