സിനിമാ കഥാപാത്രത്തെ വരയിലാക്കി കൊച്ചുമിടുക്കർ;
അനുമോദിച്ച് ആസിഫ് അലി"

മനോരമ ഓൺലൈനും ‘ഇബ്‌ലിസ്’ സിനിമയും ചേർന്നൊരുക്കിയ അഖിലകേരള ബാലചിത്രരചനാ മത്സരത്തിൽ ഹരിഗോവിന്ദ്.എൻ (സീനിയർ), അക്ഷര.കെ. (ജൂനിയർ), എമ്മ ഉണ്ണി കാപ്പൻ (സബ് ജൂനിയർ) എന്നിവർ വിജയികളായി.

ട്രീസ മേരി സേവ്യർ (സീനിയർ), ആൽഡ്രിന സന്തോഷ് (ജൂനിയർ), തീർത്ഥ.സി.എ (സബ് ജൂനിയർ) എന്നിവർ രണ്ടാംസ്ഥാനത്തും ഹിമ പി.ദാസ് (സീനിയർ), നിവേദ്യ കൃഷ്ണൻ (ജൂനിയർ), അതിഥി ജെ.നായർ (സബ് ജൂനിയർ) എന്നിവർ മൂന്നാം സ്ഥാനത്തുമെത്തി.

കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ നടൻ ആസിഫ് അലി വിജയികൾക്കു സർട്ടിഫിക്കറ്റുകളും ട്രോഫിയും സമ്മാനിച്ചു. 60 കുട്ടികളാണു മത്സരത്തിൽ പങ്കെടുത്തത്. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ മൂന്നാം സമ്മാനം 10,000 രൂപ. എന്നിങ്ങനെയായിരുന്നു സമ്മാനത്തുക. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായിരുന്നു മൽസരം. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ നടത്തിയ മത്സരത്തിന്റെ ആദ്യ റൗണ്ടിൽ രണ്ടായിരത്തിലധികം കുട്ടികളാണ് ഓൺലൈനായി പങ്കെടുത്തത്. ‘ഇബ്‌ലിസ്’ എന്ന സിനിമയിലെ ‘കൊണാപ്രി’ എന്ന പട്ടിക്കുട്ടിയുടെ ചിത്രം മനോഹരമായി വരച്ച കുട്ടികളിൽനിന്ന് ഓരോ വിഭാഗത്തിലെയും 20 കുട്ടികളെ വീതമാണ് വിദഗ്ധ സമിതി ഗ്രാൻഡ് ഫിനാലെയിലേക്കു തിരഞ്ഞെടുത്തത്. ഗ്രാൻഡ് ഫിനാലെയിൽ ജൂനിയർ വിഭാഗത്തിന് ‘ഉത്സവം’, സീനിയർ വിഭാഗത്തിന് ‘മഴ’ എന്നിവയായിരുന്നു വരയ്ക്കാനുള്ള വിഷയങ്ങൾ. മാവേലിയുടെ ചിത്രത്തിന് നിറം പകരുകയെന്നതായിരുന്നു സബ് ജൂനിയര്‍ വിഭാഗത്തിന്റെ വിഷയം. ചിത്രങ്ങളിൽനിന്ന് വിദഗ്ധ ജൂറി പാനൽ ലൈവ് ജഡ്ജിങ്ങിലൂടെയാണു വിജയികളെ തിരഞ്ഞെടുത്തത്. ചിത്രകാരനും ശിൽപിയുമായ ടി.കലാധരൻ, ജീവൻ ലാൽ എന്നിവരായിരുന്നു വിധികർത്താക്കൾ.

© Copyright 2018 Manoramaonline. All rights reserved.