തണുത്ത് മരവിച്ച്, മഞ്ഞിൽ പുതച്ച് സ്കൂളിൽ; വിചിത്രം ഈ കരുന്ന്!

ഒരു കാലത്ത് വിദ്യാഭ്യാസം ഉന്നതർക്കു മാത്രം സംവരണം ചെയ്യപ്പെട്ട ഒന്നായിരുന്നു. സമൂഹത്തിലെ ഉയർന്ന നിലയിലുള്ളവർക്കുമാത്രമായിരുന്നു വിദ്യ അഭ്യസിക്കാനുള്ള അവസരം ഉണ്ടായിരുന്നത്. ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിവിശേഷമായിരുന്നില്ല, ലോകത്തെല്ലായിടത്തും ഇത് തന്നെയായിരുന്നു അവസ്ഥ. എന്നാൽ കാലം മാറി വിദ്യാഭ്യാസം താഴെത്തട്ടിലുള്ളവർക്കും പ്രാപ്യമായി തുടങ്ങി. എന്നാൽ ചെറിയ ചെറിയ തടസങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും പേരു പറഞ്ഞ് എത്രയോ കുട്ടികളാണ് കിട്ടിയ ഈ അസുലഭ അവസരം പാഴാക്കിക്കളയുന്നത്.

ചൈനയിൽ നിന്നുള്ള ഒരു ചെറിയ ബാലൻ സ്കൂളിലെത്താൻ സഹിക്കുന്ന കഷ്ടപ്പാടുകൾ ഈയിടെയാണ് സോഷ്യൽമീഡിയയിൽ വാർത്തയായത്. കൊടും തണുപ്പിൽ കിലോമീറ്ററുകൾ നടന്ന് അവൻ സ്കൂളിലെത്തുമ്പോൾ അവന്റെ തലമുടിയും പുരികവും കണ്‍പീലികളുമെല്ലാം മഞ്ഞുമൂടിയിട്ടുണ്ടാവും. ആ അസഹനീയമായ തണുപ്പിലും എങ്ങനെയും സ്കൂളിലെത്താനും പഠിക്കാനും ആ ബാലൻ കാട്ടുന്ന ഉത്സാഹം കണ്ടുപഠിക്കേണ്ടതു തന്നെയാണ്.

മൈനസ് 9 ഡിഗ്രിയിൽ ഒരുമണിക്കൂറിലധികം സമയമെടുത്താണ് അവൻ സ്കൂളിലെത്താറ്. തെക്കു പടിഞ്ഞാറൻ ചൈനയിലെ ലുധിയൻ കൗണ്ടിയിലെ ഒരു സ്കൂളിലാണിവൽ പഠിക്കുന്നത്. നാലരക്കിലോമീറ്റർ ദൂരം കാൽനടയായാണ് ഈ കുട്ടി സ്കൂളിലെത്തുന്നത്.

എന്തു വിലകൊടുത്തും പരീക്ഷ എഴുതുന്നത് മുടങ്ങാതിരിക്കാൻ ആ കൊടും തണുപ്പത്ത് സ്കൂളിലെത്തിയ ആ ബാലന്റെ ചിത്രം സ്കൂൾ അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. അത്യാവശ്യം തണുപ്പുമാറ്റുന്നതിനുള്ള വസ്ത്രമാണവൻ ഇട്ടിരിക്കുന്നത്. തണുപ്പിൽ ചുവന്നുതുടുത്ത കവിളും തണുത്തു മരവിച്ച കുഞ്ഞുശരീരവും മുടിനിറയെ മഞ്ഞുമായി ക്ളാസ് മുറിയിൽ നിൽക്കുന്ന അവനെ സഹപാഠികൾ ചിരിയോടെയാണ് നോക്കുന്നത്.

അവൻ വളരെ സ്ഥിരോത്സാഹിയും മിടുക്കനുമാണെന്നും വളരെ വിരളമായേ സ്കൂൾ മുടക്കാറുള്ളൂവെന്നും ഹെഡ്മാസ്റ്റർ ഫൂ പറയുന്നു. ആ കുരുന്നിന്റെ കഷ്ടപ്പാടുകൾക്കൊക്കെ ഒരിക്കൽ മാറ്റമുണ്ടാകുമെന്നും വിദ്യാഭ്യാസം ഒരിക്കലും മുടക്കരുതെന്നും അതവനെ ഉന്നതിയിലെത്തിക്കുമെന്നും സോഷ്യൽമീഡിയയിലെ കമ്നറുകൾ പറയുന്നു.